go

സ്ഥലം കൈയേറി തൊണ്ടിമുതൽ; ദൃക്സാക്ഷികളായി പൊലീസ്

നൂറനാട് പൊലീസ് സ്റ്റേഷൻ പരിസരത്തു തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന നൂറുകണക്കിനു വാഹനങ്ങൾ വേണ്ടത്ര സുരക്ഷയില്ലാതെ നിർത്തിയിട്ടിരിക്കുന്നു.
നൂറനാട് പൊലീസ് സ്റ്റേഷൻ പരിസരത്തു തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന നൂറുകണക്കിനു വാഹനങ്ങൾ വേണ്ടത്ര സുരക്ഷയില്ലാതെ നിർത്തിയിട്ടിരിക്കുന്നു.
SHARE

ചാരുംമൂട്∙ അപകടങ്ങളിൽപ്പെട്ടും മറ്റും തൊണ്ടിമുതലുകളായെത്തുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ നൂറനാട് പൊലീസ് സ്റ്റേഷൻ പരിസരം. വാഹനപ്പെരുപ്പം കാരണം പരിസരത്തെ സർക്കാർ ഓഫിസുകളുടെ സ്ഥലത്തേക്കും ഈ വാഹനങ്ങൾ കയറ്റിയിടുന്നുണ്ട്. വർഷങ്ങളായി നൂറുകണക്കിനു വാഹനങ്ങളാണു നൂറനാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് തിങ്ങിഞെരുങ്ങിയിരിക്കുന്നത്.പഴയതും പുതിയതുമായി കോടിക്കണക്കിനു രൂപ വിലമതിക്കുന്ന വാഹനങ്ങളാണു വെയിലും മഴയുമേറ്റു നശിക്കുന്നത്.

പെറ്റികേസ് മുതൽ വലിയ അപകടങ്ങൾ ഉണ്ടാക്കിയ വാഹനങ്ങളടക്കം ഇതിലുണ്ട്. 30ലക്ഷം രൂപയിലേറെ വിലയുള്ള പുതിയ ആഡംബര കാറുകളും ഇങ്ങനെ വെയിലും മഴയുമേറ്റു നശിക്കുന്നുണ്ട്. പാഴ്ചെടികൾക്കിടയിൽ കിടക്കുന്ന വാഹനങ്ങൾക്കുള്ളിൽ ഇഴജന്തുക്കൾക്കു വസിക്കുവാനും സൗകര്യമാണ്. ഇതിനിടയിൽ തന്നെയാണു തെരുവുനായ്ക്കളുടെ ആവാസ കേന്ദ്രവും. സ്റ്റേഷനോട് ചേർന്നുള്ള സബ് റജിസ്ട്രാർ ഓഫിസിൽ പകൽപോലും നാട്ടുകാരെത്തുന്നതു പേടിയോടെയാണ്. രാത്രിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ ജീവൻ കൈയിൽപിടിച്ചാണ് ഈ വാഹനക്കാടിനിടയിൽ നിൽക്കുന്നത്. 

വർഷങ്ങളായി നടക്കാതെ വാഹനലേലം,മറ്റ് ഓഫിസുകൾക്കും ദുരിതം

കൂടുതൽ വാഹനങ്ങളും ഉടമകൾ തേടിയെത്താത്തവയാണ്. മുൻപൊക്കെ രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ തൊണ്ടി മുതൽ വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യാറുണ്ടായിരുന്നു.എന്നാൽ വർഷങ്ങളായി ലേലം നടക്കാത്തതിനാൽ മിക്ക പൊലീസ് സ്റ്റേഷനുകളുടെയും പരിസരം തൊണ്ടി വാഹനങ്ങൾ കൊണ്ട് നിറഞ്ഞു കിടക്കുകയാണ്. ഇനിയും തൊണ്ടിമുതലായി എടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയിലാണു നൂറനാട് സ്റ്റേഷൻ. ഈ വാഹനങ്ങൾ ലേലം ചെയ്താൽ കോടിക്കണക്കിനു തുകയാണു സർക്കാരിലേക്ക് ലഭിക്കുക. സ്റ്റേഷനോടു ചേർന്നുള്ള മറ്റ് സർക്കാർ ഓഫിസുകളിലെ ജീവനക്കാർക്കും ജനങ്ങൾക്കും പൊലീസുകാർക്കും ഒരേ പോലെ ദുരിതമായി മാറിയിരിക്കുകയാണു വാഹനപ്പെരുപ്പം. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama