go

ആലപ്പുഴ ശുദ്ധജല പദ്ധതി പ്രശ്നം,ആരെങ്കിലും ഒന്ന് അനുമതി തരൂ

alappuzha news
SHARE

ആലപ്പുഴ ∙ യുഡിസ്മാറ്റ് പൈപ്പ് പൊട്ടൽ പരിഹരിക്കാൻ ജലവിഭവ മന്ത്രി ഇടപെട്ടിട്ടും നടപടിയായില്ല.അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാത പൊളിച്ചു ചോർച്ചയടയ്ക്കാൻ മരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണു കാരണം. ഇന്നു മന്ത്രി ജി.സുധാകരനുമായി പ്രശ്നം വീണ്ടും ചർച്ച ചെയ്യുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.റോഡ് പൊളിക്കാനായി 16 ലക്ഷം രൂപ ജല അതോറിറ്റി മരാമത്ത് വകുപ്പിനു നൽകിയിട്ടുണ്ട്.മരാമത്ത് വകുപ്പിനു കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയറുമായി ജല അതോറിറ്റി ടെക്നിക്കൽ അംഗം ടി.എൻ.രവീന്ദ്രൻ ചർച്ച നടത്തിയിരുന്നു.

മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറും റോഡ് നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റിയുമാണ് അനുമതി നൽകേണ്ടതെന്നായിരുന്നു മറുപടി. ചീഫ് എൻജിനീയറാണ് അനുമതി നൽകേണ്ടതെന്നായിരുന്നു എക്സിക്യൂട്ടീവ് എൻജിനീയറുടെ നിലപാട്.തുടർന്നു ടെക്നിക്കൽ അംഗം മന്ത്രിയെ വിവരം അറിയിച്ചു. മന്ത്രി നേരിട്ടു കരാറുകാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ തിരുവനന്തപുരത്തു നടന്ന രണ്ടാം ദിവസത്തെ ശ്രമങ്ങളും പരാജയപ്പെട്ടു. അനുമതി സംബന്ധിച്ചു ജല അതോറിറ്റി ഊരാളുങ്കൽ സൊസൈറ്റിക്കു കത്തു നൽകിയിട്ടുണ്ട്.

അറ്റകുറ്റപ്പണിയിലും അഴിമതി

ആലപ്പുഴ ∙ ആലപ്പുഴ ശുദ്ധജല പദ്ധതിയിൽ നിയമപ്രകാരമുള്ള ബാധ്യതാ കാലാവധിക്കുള്ളിലുണ്ടാകുന്ന അറ്റകുറ്റപ്പണി കരാറുകാരൻ നടത്തണമെന്നു വ്യവസ്ഥ. പക്ഷേ, ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും പണം ചെലവിടുന്നതു ജല അതോറിറ്റി. നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചതിനു പുറമേ അവ പൊട്ടുമ്പോഴുള്ള അറ്റകുറ്റപ്പണിയിലും അഴിമതി മണക്കുന്നെന്നു കാര്യങ്ങൾ അറിയുന്ന ഉദ്യോഗസ്ഥർ തന്നെ പറയുന്നു. 3 വർഷമാണ് ആലപ്പുഴ ശുദ്ധജല പദ്ധതിയിൽ കരാറുകാരന്റെ ബാധ്യതാ കാലാവധി. പദ്ധതി കമ്മിഷൻ ചെയ്തതു 2017 മേയിൽ. ഇതിനകം 43 തവണ പൈപ്പ് പൊട്ടി. നന്നാക്കാൻ അതോറിറ്റി ചെലവിട്ടതു 2 കോടിയോളം രൂപയാണ്.

43 തവണ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിൽ വളരെ കുറച്ചു തവണയെ കരാറുകാർ സഹകരിച്ചിട്ടുള്ളൂ എന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ബാക്കി സർക്കാർ ചെലവിലാണു നന്നാക്കിയത്. കരാറുകാരന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്.കടപ്ര മുതൽ കരുമാടിയിലെ പ്ലാന്റ് വരെയുള്ള പൈപ്പിടൽ 3 ഭാഗമായാണു ടെൻഡർ ചെയ്തത്. ഹൈ ഡെൻസിറ്റി പോളിഎത്തിലീൻ പൈപ്പ് ഉപയോഗിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിനായി കരാറുകാർ നിർദേശിച്ച പല ബ്രാൻഡുകൾ പരിശോധിച്ച് അതിൽനിന്ന് 2 ബ്രാൻഡുകൾ അധികൃതർ നിശ്ചയിച്ചിരുന്നു.

നിർമാണ കമ്പനി പൂട്ടിപ്പോയാലോ മറ്റു തടസ്സങ്ങൾ വന്നാലോ പ്രശ്നമാകാതിരിക്കാനാണ് 2 ബ്രാൻഡുകൾ നിശ്ചയിക്കുന്നത്.പൈപ്പ് വാങ്ങാൻ കരാറുകാരനു മുൻകൂർ പണം നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. വിലയുടെ 75% ആണ് ഇങ്ങനെ നൽകുന്നത്. അധികൃതർ നിർദേശിച്ച കമ്പനിയുടെ പൈപ്പ് ഇടാമെന്നു സമ്മതിച്ചാണ് ഈ തുക വാങ്ങിയത്. എന്നാൽ 1,400 മീറ്റർ ഭാഗത്ത് ഉപയോഗിച്ചത് അധികൃതർ പരിശോധിക്കാത്ത ബ്രാൻഡാണെന്നാണ് സൂചന.മീറ്ററിന് 6,000 രൂപ വില കുറവുള്ളതാണ് ഇപ്പോൾ തുടരെ പൊട്ടുന്ന പൈപ്പ്.

ഇതിലൂടെ കരാറുകാരനു വൻതുക ലാഭമുണ്ടായെന്നും ചില ഉദ്യോഗസ്ഥരും അതിന്റെ വിഹിതം പറ്റിയെന്നും നേരത്തെ ആരോപണമുയർന്നിരുന്നു. കരാറുകാർ ധാരണകൾ ലംഘിച്ചതും അതിന് ഉദ്യോഗസ്ഥർ അനുമതി നൽകിയതും ഇപ്പോൾ നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.ഇതിനിടെ യുഡിസ്മാറ്റ് പദ്ധതിയിൽ ചില ഉദ്യോഗസ്ഥരെ പുതുതായി നിയോഗിച്ചതിൽ‍ ഒത്തുകളി ആരോപിച്ച് അതോറിറ്റിയിലെ സിഐടിയു യൂണിയനും യുഡിസ്മാറ്റിലെ ചില ഉദ്യോഗസ്ഥരും മാനേജ്മെന്റിനു പരാതി നൽകിയിട്ടുണ്ട്. 

കോൺഗ്രസ് പ്രതിഷേധം 13ന്

ആലപ്പുഴ നഗരത്തിലെയും 8 സമീപ പഞ്ചായത്തുകളിലെയുമായി രണ്ടരലക്ഷം ജനങ്ങളെ ബാധിക്കുന്ന ശുദ്ധജല പ്രശ്നത്തിനു പരിഹാരം കാണാത്തതു പ്രതിഷേധാർഹമാണെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു. വിതരണത്തിന് ഉപയോഗിച്ചിരിക്കുന്ന പൈപ്പുകൾ ഗുണനിലവാരമില്ലാത്തവയാണെന്നു തെളിഞ്ഞു.

ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള 2 മന്ത്രിമാർ എന്തു നടപടിയാണ് സ്വീകരിച്ചതെന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആലപ്പുഴ ജലവിഭവ വകുപ്പ്  എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലേക്ക് 13ന് 10.30ന് മാർച്ച് നടത്തുമെന്നും പറഞ്ഞു.

''അനുമതി നൽകിയിട്ടും പൈപ്പ് മാറ്റുന്നില്ല,യുഡിസ്മാറ്റ് ശുദ്ധജല പദ്ധതിയിൽ തുടരെ പൊട്ടുന്ന പൈപ്പുകൾ മാറ്റിയിടാൻ 3 മാസം മുൻപ് അനുമതി നൽകിയിട്ടും തീരുമാനം നടപ്പായില്ല. പൈപ്പ് പൊട്ടൽ സ്ഥിരം കഥയാണ്. ആലപ്പുഴയുടെ ഏറ്റവും വലിയ വികസന പ്രശ്നം ഇതാണ്.  12നു ജലവിഭവ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചിട്ടുണ്ട്. തടസ്സങ്ങൾ നീക്കി അതിവേഗത്തിൽ പൈപ്പ് മാറ്റിയിടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കു നിവേദനം നൽകാനെത്തിയ നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോനുമായി ആലപ്പുഴ ശുചിത്വ പരിപാടിയെപ്പറ്റിയും ചർച്ച ചെയ്തു. 16നു നടക്കുന്ന പരിപാടിയുടെ ഭാഗമായി നഗരത്തിൽ മുഴുവൻ ഒറ്റത്തവണ ശുചീകരണത്തിനു നഗരസഭ മുന്നിട്ടിറങ്ങുമെന്നാണ് നഗരസഭാധ്യക്ഷൻ പറഞ്ഞത്. ആലപ്പുഴയെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമാക്കുകയെന്ന ലക്ഷ്യം ഗാന്ധിജിയുടെ 150–ാം ജന്മവാർഷികാഘോഷം അവസാനിക്കുന്നതിനു മുൻപു നേടും.  -മന്ത്രി തോമസ് ഐസക് സമൂഹമാധ്യമത്തിൽ കുറിച്ചത്''

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama