go

ജലവിതരണ പൈപ്പ് വഴി കീടനാശിനി; വീട്ടമ്മ മരിച്ചു

 Bengaluru News
SHARE

ബെംഗളൂരു∙ യാദ്ഗീർ ജില്ലയിലെ മുദന്നൂരിൽ ജലവിതരണ പൈപ്പിലൂടെ കീടനാശിനി കലർത്തിയതിനെ തുടർന്ന് വീട്ടമ്മ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൊന്നമ്മയാണു (65) മരിച്ചത്. സംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്ന പൈപ്പിലെ വാൽവിലൂടെ കീടനാശിനി കടത്തി വിട്ടതാണ് ദുരന്തത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. 

ചാമരാജനഗർ ക്ഷേത്ര ഭക്ഷ്യവിഷബാധയിൽ 17 പേർ മരിച്ചതിനു പിന്നാലെയാണു ഞെട്ടിപ്പിക്കുന്ന സംഭവം. ബുധൻ വൈകിട്ട് ആറോടെ വെള്ളം കുടിച്ചതിനെ തുടർന്ന് ഹൊന്നമ്മ രക്തം ഛർദിച്ച് ബോധരഹിതയായതായി മകൻ മൗനേഷ് പറഞ്ഞു. 

വീടിനടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് ഇവരുടെ ആമാശയത്തിൽ വിഷാംശമുള്ളതായി കണ്ടെത്തിയത്. ഇന്നലെ രാവിലെ കലബുറഗി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് ഹൊന്നമ്മ മരിച്ചത്. 

സമാന അസ്വസ്ഥതകളുമായി കെംഭാവി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശാഖാപുര, തെഗ്ഗള്ളി, മുദന്നൂർ ഗ്രാമവാസികളുമെത്തി. ഇവരിൽ 4 പേരാണു പ്രത്യേക നിരീക്ഷണത്തിലുള്ളത്.

സംഭവത്തെ തുടർന്ന് പൈപ്പ് വഴിയുള്ള ജലവിതരണം നിർത്തി വച്ചതിനാൽ ഗ്രാമങ്ങളിലേക്കു ടാങ്കറുകളിൽ ജലം എത്തിക്കുകയാണ്. ബീദറിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. കെംഭാവി പൊലീസ് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

വാൽവ് തുറന്ന നിലയിൽ

ജല സാംപികളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ ആരോഗ്യ ഓഫിസർ ഡോ.ഹബീബ് റഹ്മാൻ പറഞ്ഞു. സംഭരണിയിൽ നിന്നുള്ള പൈപ്പുകളിലൊന്നിലെ വാൽവ് തുറന്ന നിലയിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. 

വെള്ളത്തിന് രൂക്ഷഗന്ധം

മുദന്നൂർ ഗ്രാമത്തിലെ കിണറ്റിൽ നിന്നുള്ള വെള്ളമാണ് ജലസംഭരണിയിൽ ശേഖരിച്ച ശേഷം പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നത്. ജലത്തിന് കീടനാശിനിയുടെ രൂക്ഷഗന്ധമുണ്ടെന്ന് കെംഭാവി പൊലീസ് ഇൻസ്പെക്ടർ അജിത് കുമാർ സ്ഥിരീകരിച്ചു. 

തുടരുന്ന ദുരന്തങ്ങൾ

ഡിസംബറിൽ 17 പേരുടെ മരണത്തിന് ഇടയാക്കിയചാമരാജനഗർ സുൽവഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധയ്ക്കു പിന്നാലെയുണ്ടായ സംഭവം അധികൃതരെ ഞെട്ടിപ്പിക്കുകയാണ്. 

ക്ഷേത്ര ഗോപുര നിർമാണ തർക്കത്തെ തുടർന്ന് ട്രസ്റ്റ് പ്രസിഡന്റിന്റെ നിർദേശ പ്രകാരം മുൻ പൂജാരി പുലാവിൽ കീടനാശിനി ചേർത്തതായിരുന്നു ചാമരാജനഗർ ദുരന്തത്തിനു പിന്നിൽ.  ഓർഗാനോ ഫോസ്ഫേറ്റ് ഗണത്തിൽ പെടുന്ന കീടനാശിനയാണു ഭക്ഷണത്തിൽ കലർത്തിയതെന്നും  കണ്ടെത്തിയിരുന്നു. ഈ ദുരന്തത്തിൽ ഉൾപ്പെട്ട പലരും ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama