go

മെട്രോ സുരക്ഷിത യാത്രയ്ക്കുള്ളതാണേ...ട്രാക്കിലേക്ക് എടുത്തു ചാടാതെ.. പ്ലീസ്

bengaluru news
SHARE

ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിൽ അപകടങ്ങൾ ഒഴിവാക്കാൻ കൂടുതൽ സുരക്ഷ സന്നാഹങ്ങൾ ഒരുക്കി വരുന്നതിനിടെ, ബസവനഗുഡി നാഷനൽ കോളജ് മെട്രോ സ്റ്റേഷനിൽ യുവാവ് ട്രെയിനിന്റെ മുന്നിൽ ചാടി ആത്‌മഹത്യക്കു ശ്രമിച്ചു. തലയ്ക്കു ഗുരുതര പരുക്കേറ്റ ബസവനഗുഡി സ്വദേശി വേണുഗോപാലി (18)നെ നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാഗസന്ദ്ര- യെലച്ചനഹള്ളി ഗ്രീൻ ലൈനിലെ നാഷനൽ കോളജ് സ്റ്റേഷനിൽ ഇന്നലെ രാവിലെ 11.21നാണു സംഭവം. യെലച്ചനഹള്ളിയിൽ നിന്നു നാഗസന്ദ്രയിലേക്കു പോവുകയായിരുന്ന ട്രെയിനിനു മുന്നിലേക്കാണു യാത്രക്കാർ നോക്കിനിൽക്കെ വേണുഗോപാൽ പ്ലാറ്റ്ഫോമിൽ നിന്നു ചാടിയത്. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു ട്രെയിൻ നിർത്തിയെങ്കിലും ആദ്യബോഗിയുടെ ചക്രങ്ങൾക്കിടയിൽ ഇയാൾ അകപ്പെട്ടു. സുരക്ഷാജീവനക്കാർ ഉടൻ തന്നെ ട്രാക്കിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.

വേണുവിനെ ട്രാക്കിൽ നിന്നെടുത്ത് വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ നിംഹാൻസിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഇതേ പാതയിൽ ട്രെയിൻ ഗതാഗതം 30 മിനിറ്റ് തടസ്സപ്പെട്ടു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആശുപത്രിയിലെത്തി വേണുവിനെ സന്ദർശിച്ചു. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിനു വീട്ടുകാർ ശാസിച്ചതിൽ മനംനൊന്താണ് ഇയാൾ ആത്‌മഹത്യക്കു ശ്രമിച്ചതെന്നാണ് പറയുന്നത്.

7 വർഷത്തിനിടെ രണ്ടാംതവണ

∙ നമ്മ മെട്രോ സർവീസ് ആരംഭിച്ച് ഏഴു വർഷം പിന്നിടുമ്പോൾ രണ്ടാം തവണയാണു സ്റ്റേഷനിൽ യാത്രക്കാരൻ ആത്മഹത്യയ്ക്കു ശ്രമിക്കുന്നത്. പർപ്പിൾ ലൈനിലെ എംജി റോഡ് സ്റ്റേഷനിൽ 2012ലായിരുന്നു ആദ്യസംഭവം. ട്രെയിനിനു മുന്നിലേക്കു ചാടിയ 16 വയസുകാരൻ തൽക്ഷണം മരിച്ചു.

നിയന്ത്രണംവിട്ട് ആൾക്കൂട്ടം

∙ നമ്മ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരെ നിയന്ത്രിക്കുന്നതു സുരക്ഷജീവനക്കാരാണ്. തിരക്കേറിയ സമയങ്ങളിൽ ജീവനക്കാർക്കു പോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കു പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കുന്നതു രണ്ടാംഘട്ടത്തിലെ ഭൂഗർഭ സ്റ്റേഷനുകളിൽ മാത്രമാണ്. ചെന്നൈ, ഡൽഹി മെട്രോകളിൽ നിലവിൽ പിഎസ്ഡി സംവിധാനം ഉണ്ട്. 42 കിലോമീറ്റർ വരുന്ന ഒന്നാംഘട്ടത്തിൽ മാത്രം പ്രതിദിനം 4 ലക്ഷം പേരാണു മെട്രോയെ ആശ്രയിക്കുന്നത്.

ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ

ബെംഗളൂരു∙ നമ്മ മെട്രോ നാളെ മുതൽ ഞായറാഴ്ചകളിൽ രാവിലെ 7നു സർവീസ് ആരംഭിക്കും. നിലവിൽ ഞായറാഴ്ചകളിൽ 8 മുതൽ ആരംഭിക്കുന്ന സർവീസാണ് ഒരു മണിക്കൂർ നേരത്തേയാക്കിയത്. മറ്റുദിവസങ്ങളിൽ രാവിലെ 5 മുതൽ 11 വരെയാണു സർവീസെന്ന് ബിഎംആർസി അറിയിച്ചു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama