go

വിധാൻസൗധ വളപ്പിൽ നിന്നു പണം, മന്ത്രി പുട്ടരംഗ ‘പൂട്ടിലേക്ക് ’

SHARE

ബെംഗളൂരു∙ വിധാൻസൗധ വളപ്പിൽ നിന്നു 25.76 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ പിന്നാക്ക ക്ഷേമ മന്ത്രി സി.പുട്ടരംഗ ഷെട്ടി വെട്ടിലാകുന്നു. മന്ത്രിക്കു നൽകാൻ കൊണ്ടു പോകുകയായിരുന്ന പണമാണിതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് ക്ലാർക്ക് മോഹൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി കൊടുത്തു. കരാറുകാരായ അനന്തു, നന്ദു, ശ്രീനിധി, കൃഷ്ണമൂർത്തി എന്നിവരിൽ നിന്നു പിരിച്ചെടുത്ത പണമാണിതെന്നു നേരത്തെ മോഹൻ വെളിപ്പെടുത്തിയിരുന്നു.

മന്ത്രിക്കെതിരെ നടപടിയെടുത്തേക്കുമെന്നു മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്നലെ സൂചന നൽകി. ചില കാര്യങ്ങളിൽ കൂടി വ്യക്തത ലഭിക്കേണ്ട താമസം മാത്രമേയുള്ളുവെന്നും പറഞ്ഞു. ചാമരാജനഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ മന്ത്രി പുട്ടരംഗ ഷെട്ടിയുടെ അടുത്ത അനുയായിയായ മോഹൻ കഴിഞ്ഞ നാലിനാണു അറസ്റ്റിലായത്. വിധാൻ സൗധ പൊലീസ് പണം പിടികൂടിയതിനെ തുടർന്നു കേസ് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എസിബി) കൈമാറി. തുടർന്നു മന്ത്രിയുടെ ഓഫിസിൽ എസിബി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

തക്ക സമയത്ത് നടപടി: കുമാരസ്വാമി

സംഭവത്തെ കുറിച്ചു തനിക്കറിയാമെന്നും തക്ക സമയത്തു നിയമാനുസൃതമായ നടപടിയുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു. കുറച്ചു കൂടി സമയം ആവശ്യമുണ്ട്. ഗുരുതര ആരോപണം നേരിടുന്ന ആരെയും സംരക്ഷിക്കാനുള്ള നടപടിയുണ്ടാകില്ല. കരാറുകാരിൽ നിന്ന് അകന്നു നിൽക്കാനും അദ്ദേഹം മന്ത്രിമാർക്കു നിർദേശം നൽകി.

മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷിയായ ബിജെപിയും ശക്തമായി രംഗത്തുണ്ട്. പുട്ടരംഗ ഷെട്ടി മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോൾ ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നത് എങ്ങനെയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ ചോദ്യം ഉന്നയിച്ചിരുന്നു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama