go

പൊതുയിടത്തിലെ പരസ്യനിരോധനം തടഞ്ഞ് ഹൈക്കോടതി

road-flex
SHARE

ബെംഗളൂരു ∙ നഗരത്തിൽ പൊതുയിടങ്ങളിൽ ഒരു വർഷത്തേക്ക് എല്ലാ പരസ്യങ്ങളും നിരോധിച്ചുകൊണ്ടുള്ള ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരസ്യ ഏജൻസികൾ സമർപ്പിച്ച ഹർജിയിൽ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. അനധികൃത ഫ്ലെക്സുകൾക്കും ബാനറുകൾക്കുമെതിരെ നടപടിയെടുക്കാൻ ബിബിഎംപിക്കു വിധി തടസ്സമാകില്ലെന്നു ജസ്റ്റിസ് എസ്.സുനിൽദത്ത് യാദവ് വ്യക്തമാക്കി.വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് ബിബിഎംപി.

ഹൈക്കോടതി ഉത്തരവിനെ തുടർന്നു കഴിഞ്ഞ വർഷം ബെംഗളൂരുവിലെ അനധികൃത ഫ്ലെക്സുകളും പ്ലാസ്റ്റിക് ബാനറുകളുമെല്ലാം നീക്കം ചെയ്തിരുന്നു. ഇതു സംബന്ധിച്ച പൊതുതാൽപര്യഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കവെയാണ് ഓഗസ്റ്റ് 6നു എല്ലാ പരസ്യങ്ങളും വിലക്കി ബിബിഎംപി പ്രമേയം പാസാക്കിയത്. എന്നാലിതു ഭരണഘടനാ വിരുദ്ധവും ഈ മേഖലയിലെ ആയിരങ്ങളുടെ തൊഴിലിനു ഭീഷണിയാകുന്നതുമാണെന്നു ചൂണ്ടിക്കാട്ടിയാണു പരസ്യ ഏജൻസികൾ ഹൈക്കോടതിയെ സമീപിച്ചത്.

ഡിവിഷൻ ബെഞ്ച് ഇതിനോടു സമാനമായ പൊതുതാൽപര്യ ഹർജി പരിഗണിക്കുന്ന സമയമായിരുന്നതിനാൽ അന്ന് സ്റ്റേ ലഭിച്ചില്ല. കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിച്ച സിംഗിൾബെഞ്ച്, അനധികൃത–ഫ്ലെക്സ് ബാനർ കേസുകളുമായി നേരിട്ടു ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടി ബിബിഎംപി ഉത്തരവ് റദ്ദാക്കുകയായിരുന്നു.ബിബിഎംപിയുടെ 2006ലെ പരസ്യനയം അനുസരിച്ചാണ് പൊതു ഇടങ്ങളിൽ പരസ്യം പതിക്കാൻ ലൈസൻസ് നൽകുന്നത്. ഇതിൽ ഒരിടത്തും പരസ്യം നിരോധിക്കാൻ വകുപ്പില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇതേ ചട്ടമനുസരിച്ച് അനധികൃത പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാമെന്നും വ്യക്തമാക്കി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama