go

ബാനസവാടിയിലേക്കു മാറ്റിയ കണ്ണൂർ എക്സ്പ്രസിന് സ്ഥിരം വൈകിയോട്ടം

train
SHARE

ബെംഗളൂരു ∙ കണ്ണൂർ എക്സ്പ്രസ് (16527–28) ബാനസവാടിയിലേക്കു മാറ്റിയതിനു പിന്നാലെ ട്രെയിൻ പുറപ്പെടുന്നതു 2 മണിക്കൂറോളം വൈകിപ്പിച്ചും റെയിൽവേയുടെ ദ്രോഹം.രാത്രി 8.25നു ബാനസവാടിയിൽ നിന്നു പുറപ്പെടേണ്ട ട്രെയിൻ വ്യാഴാഴ്ച പുറപ്പെട്ടതു രാത്രി 10.20ന്, വൈകിയത് 1.55 മണിക്കൂർ. ബുധനാഴ്ച പുറപ്പെട്ടതു രാത്രി 9.25ന്. നേരത്തെ സ്റ്റേഷനിലെത്തിയവർ ഇതുമൂലം 3 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. രാത്രി 8 കഴിഞ്ഞാൽ ബാനസവാടിയിൽ ശുചിമുറികൾ അടച്ചിടുന്നതു ദുരിതം ഇരട്ടിയാക്കി.

ബാനസവാടി കഴിഞ്ഞാൽ ബെംഗളൂരുവിൽ ട്രെയിൻ നിർത്തുന്ന ഏക സ്റ്റേഷനായ കർമലാരാമിലെ സ്ഥിതിയും ഭീതിജനകം. രാത്രി 11 ആയപ്പോഴാണു ട്രെയിൻ എത്തിയത്. വേണ്ടത്ര വെളിച്ചമോ സുരക്ഷയോ ഇല്ലാത്ത പ്ലാറ്റ്ഫോമിലെ വൈകിയുള്ള കാത്തിരിപ്പ് അസഹനീയമാണെന്നു യാത്രക്കാർ പറയുന്നു. പുറപ്പെടാൻ വൈകിയതിനാൽ ട്രെയിൻ നാട്ടിലെത്താനും ഒന്നരമണിക്കൂർ വൈകി.പ്ലാറ്റ്‌ഫോം ഒഴിവില്ലെന്ന കാരണം നിരത്തിയാണു യശ്വന്ത്പുരയിൽ നിന്നു മാറ്റിയതെങ്കിലും ബാനസവാടിക്കു പകരം മറ്റുപല യാഡുകളിലുമാണു ട്രെയിൻ പകൽ പിടിച്ചിടുന്നത്.

അറ്റകുറ്റപ്പണി, വെള്ളം നിറയ്ക്കൽ എന്നിവയ്ക്കൊന്നും ബാനസവാടിയിൽ സൗകര്യമില്ലാത്തതാണു കാരണം. സ്ഥലം ലഭ്യമാകുന്നത് അനുസരിച്ചു ചിക്കബാനവാര, ബയ്യപ്പനഹള്ളി, ഗൊല്ലഹള്ളി തുടങ്ങിയ യാഡുകളിലേക്കാണു ട്രെയിൻ മാറ്റുക. ഇവിടെ നിന്നു ബാനസവാടിയിൽ എത്തിയ ശേഷമാണു യാത്ര തുടരുക. ഇതേ കാരണത്താൽ ട്രെയിൻ വൈകി പുറപ്പെടുന്നതു ഇരട്ടി ദുരിതമാണെന്നു യാത്രക്കാർ പറയുന്നു. കാലക്രമേണ ട്രെയിൻ ഉപേക്ഷിച്ചു ബസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാകും. അതിനാൽ ട്രെയിൻ കൃത്യ സമയത്തു സർവീസ് നടത്താനെങ്കിലും റെയിൽവേ നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama