go

കൊച്ചുവേളിക്ക് കൂച്ചുവിലങ്ങിട്ടത് രാഷ്ട്രീയസമ്മർദ്ദവും ലോബിയും

SHARE

ബെംഗളൂരു ∙ കൊച്ചുവേളി–ബെംഗളൂരു എക്സ്പ്രസ്(16315–16) മൈസൂരുവിലേക്കു നീട്ടുന്നതു തടഞ്ഞതു ഹൈദരാബാദ് ലോബിയുടെ സമ്മർദവും മൈസൂരു എംപി പ്രതാപ് സിംഹയുടെ ഇടപെടലും. തെക്കൻ കേരളത്തിൽ നിന്നു മൈസൂരുവിലേക്കു നേരിട്ടു ട്രെയിൻ വേണമെന്ന മലയാളികളുടെ വർഷങ്ങൾ നീണ്ട ആവശ്യം പരിഗണിച്ചു കഴിഞ്ഞ ഒക്ടോബറിലാണു കൊച്ചുവേളി ഇവിടേക്കു നീട്ടാൻ നടപടി തുടങ്ങിയത്.ഇതിനു മുന്നോടിയായ സ്പെഷൽ സർവീസ് പോലും നടത്തിയ ശേഷമാണ് ഈ ട്രെയിൻ പിൻവലിച്ചതും പകരം ഹൈദരാബാദിൽ നിന്നുള്ള കാച്ചിഗുഡ–ബെംഗളൂരു ട്രെയിൻ മൈസൂരുവിലേക്കു നീട്ടാൻ തീരുമാനിച്ചതും.

കേരളീയരെപ്പോലെ തന്നെ ഇവിടെ വസിക്കുന്ന ഹൈദരാബാദ് സ്വദേശികളും നാട്ടിൽ നിന്നു മൈസൂരുവിലേക്കു ട്രെയിൻ സർവീസിനായി രംഗത്തുണ്ടായിരുന്നു. ഇതിനായി ഇവർ ശക്തമായ രാഷ്ട്രീയ സമ്മർദം ചെലുത്തിയതാണു കൊച്ചുവേളിയെ വെട്ടി, കാച്ചിഗുഡയ്ക്ക് വഴിയൊരുക്കിയത്.കൊച്ചുവേളി ട്രെയിൻ നവംബറിൽ മൈസൂരുവിലേക്കു സർവീസ് തുടങ്ങുമെന്നു പ്രതീക്ഷിച്ചിരിക്കെയാണു മണ്ഡ്യ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നത്. ഇതിനു ശേഷവും തുടർനടപടികളുണ്ടായില്ല. എന്നാൽ കാച്ചിഗുഡ എക്സ്പ്രസ് മൈസൂരുവിലേക്കു നീട്ടുമെന്ന വാർത്തകൾ സജീവമായി.

കഴിഞ്ഞ മാസം ഹുബ്ബള്ളി– മൈസൂരു വിശ്വമാനവ ട്രെയിൻ അശോകപുരയിലേക്കു നീട്ടിയതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ, കാച്ചിഗുഡ ട്രെയിൻ മൈസൂരുവിലേക്കു നീട്ടാൻ താൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നു പ്രതാപ് സിംഹ പറഞ്ഞു. ഇതിനായി കേന്ദ്ര റെയിൽവേ മന്ത്രിയെ അദ്ദേഹം നേരിൽ കാണുകയും ചെയ്തു.ഇതിനു പിന്നാലെ റെയിൽവേയ്ക്കു നൽകിയ ശുപാർശ അനുസരിച്ചു കാച്ചിഗുഡയ്ക്കു മൈസൂരുവിലേക്കുള്ള സമയക്രമവും തയാറായി. ട്രെയിൻ ഈ മാസം തന്നെ സർവീസ് തുടങ്ങാൻ നടപടി സ്വീകരിക്കുമെന്നും പിന്നാലെ സിംഹ വ്യക്തമാക്കി. ഇതിൽ നിന്നു വളരെ വ്യത്യസ്തമാണു കേരളത്തിലേക്കുള്ള ട്രെയിനുകളുടെ അവസ്ഥ.

പതിവായി തഴയപ്പെട്ട് മലയാളി യാത്രികർ

മൈസൂരുവിൽ നിന്ന് എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കു നേരിട്ടു ട്രെയിൻ സർവീസിനായി മലയാളി സംഘടനകളും റെയിൽവേ മലയാളി സമിതിയുമെല്ലാം വർഷങ്ങളായി ശ്രമം നടത്തുന്നു.പക്ഷേ, എല്ലാത്തവണയും അവസാന നിമിഷം അട്ടിമറിക്കപ്പെടും.മറ്റു സംസ്ഥാനങ്ങളിലേതിൽ നിന്നു വ്യത്യസ്തമായി കേരളത്തിൽ നിന്ന് രാഷ്ട്രീയ സമ്മർദം വളരെ കുറവായതാണു കാരണം. കൊച്ചുവേളി എക്സ്പ്രസ് മൈസൂരുവിലേക്കു നീട്ടാൻ ഏകദേശം 6 വർഷം മുൻപുതന്നെ അനുമതി ആയതാണ്.എന്നാൽ സാമ്പത്തികമായി മെച്ചമല്ലെന്ന കാരണം നിരത്തി തഴഞ്ഞു. ഇവിടെ നിന്നു രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രെയിൻ സർവീസുണ്ട്.

5 വർഷത്തിനിടെ 5 പുതിയ സർവീസാണു ബെംഗളൂരുവിലേക്കും മറ്റുമായി ആരംഭിച്ചത്.മൈസൂരു–ബെംഗളൂരു പാത പൂർണമായും ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തതിനാൽ ട്രെയിൻ പിടിച്ചിടേണ്ട സാഹചര്യമില്ല. മൈസൂരുവിൽ നിന്നു 5 കിലോമീറ്റർ അകലെ അശോകപുരം സ്റ്റേഷനും നവീകരിച്ചതിനാൽ ട്രെയിനുകൾ വന്നുപോകാൻ സൗകര്യമുണ്ട്.അതിനാൽ കൊച്ചുവേളി എക്സ്പ്രസും ബാനസവാടി ഹംസഫർ എക്സ്പ്രസും മൈസൂരുവിലേക്കു നീട്ടാൻ രാഷ്ട്രീയതല സമ്മർദമാണു വേണ്ടതെന്നാണു റെയിൽവേയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ അഭിപ്രായം.MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama