go

കുമാരസ്വാമി ആർക്കും തല്ലാവുന്ന ‘പഞ്ചിങ് ബാഗ്’: നരേന്ദ്രമോദി

ഹുബ്ബള്ളിയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ സമീപം ചിത്രം: പിടിഐ
SHARE


ഹുബ്ബള്ളി ∙ മുഖ്യമന്ത്രി കുമാരസ്വാമി ആർക്കും തല്ലാവുന്ന ‘പഞ്ചിങ് ബാഗായി’ മാറിയിരിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന ഭരണത്തിന്റെ ചുമതലക്കാരൻ ആരെന്നു കണ്ടെത്തുക പോലും പ്രയാസകരമാണ്. എപ്പോഴും കണ്ണീരൊലിപ്പിക്കുന്ന ആളായി കുമാരസ്വാമി മാറി. ഇതേ മാതൃക രാജ്യമാകെ അടിച്ചേൽപിക്കാൻ പ്രതിപക്ഷ കക്ഷികൾ ആഗ്രഹിക്കുന്നതായും മോദി ആരോപിച്ചു. ധാർവാഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കും (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിക്കും (ഐഐഐടി) തറക്കല്ലിട്ടതിനു ശേഷം നടന്ന റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കർഷക, യുവ, ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമത്തിലല്ല, മറിച്ച് സ്വന്തം താൽപര്യങ്ങൾക്കാണു പ്രതിപക്ഷ കക്ഷികൾ മുൻതൂക്കം നൽകുന്നത്. പതിറ്റാണ്ടുകളായി ഇവർ ഇതേ കളി തുടരുന്നു. വോട്ടിനു വേണ്ടി കർഷക വായ്പ എഴുതിത്തള്ളുന്ന പദ്ധതിയുമായി ഇവർ എത്തും. എന്നാൽ 100ൽ 30 കർഷകർക്കു മാത്രമേ ആനുകൂല്യം ലഭിക്കൂ. ബാക്കി ഇടനിലക്കാരുടെ പോക്കറ്റിലേക്കു പോകും. എന്നാൽ കേന്ദ്ര സർക്കാരിന്റെ കാർഷിക പദ്ധതി സമഗ്രമാണ്. 7.5 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അഴിമതിക്കാരും താനുമായി പ്രശ്നം

ദരിദ്ര ജനവിഭാഗത്തിനു നേരിട്ട് ആനുകൂല്യം എത്തിക്കുന്നതിനാൽ, അഴിമതിക്കാർക്കു താനുമായി പ്രശ്നമുണ്ട്. സാധാരണക്കാരന്റെ ബാങ്ക് അക്കൗണ്ടുകളിൽ ആനുകൂല്യം നേരിട്ടു ലഭിക്കുന്നുവെന്നു പ്രധാന സേവകനും ചൗക്കീദാറുമായ താൻ ഉറപ്പു വരുത്തും.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളിൽ അനധികൃത ഇടപാടുകൾ നടത്തിയിരുന്ന ഇടനിലക്കാർ ഇപ്പോൾ നെട്ടോട്ടത്തിലാണ്.
നഗരങ്ങളെ ശാക്തീകരിക്കാൻ മാത്രമാണ് മുൻ സർക്കാരുകൾ ശ്രദ്ധിച്ചത്. നഗരമേഖലകളിൽ 13 ലക്ഷം വീടുകൾ നിർമിക്കാൻ മുൻ സർക്കാർ അനുമതി നൽകിയതിൽ 8 ലക്ഷം മാത്രമാണ് പൂർത്തിയായത്.

എന്നാൽ കഴിഞ്ഞ 55 മാസത്തിനിടെ കേന്ദ്ര സർക്കാർ അനുമതി നൽകിയ 73 ലക്ഷം വീടുകളിൽ 15 ലക്ഷം ഇതിനോടകം പൂർത്തിയായതായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ നിർമിച്ച 2350 വീടുകളുടെ ഇ-ഗൃഹപ്രവേശനത്തിനും സാക്ഷ്യം വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.ഗവർണർ വാജുഭായി വാല, കേന്ദ്രമന്ത്രി ഡി.വി സദാനന്ദഗൗഡ, റവന്യു മന്ത്രി ആർ.വി ദേശ്പാണ്ഡെ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെഡിയൂരപ്പ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു തുടങ്ങിയവരും സന്നിഹിതരായിരുന്നു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama