go

വാക്ക് വിഴുങ്ങി യെഡിയൂരപ്പ; വഴിമുട്ടി ഓപ്പറേഷൻ താമര

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ്
SHARE

ബെംഗളൂരു ∙ മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ട വിവാദ ഓഡിയോ ക്ലിപ്പിനെക്കുറിച്ച് 2  ദിവസം മുൻപ് പറഞ്ഞ വാദങ്ങളിൽ നിന്നു യെഡിയൂരപ്പ മലക്കം മറിഞ്ഞതോടെ ബിജെപി പ്രതിരോധത്തിൽ. ഇന്നു സഭയിൽ ക്ലിപ്പിനെ ചൊല്ലി ബഹളമുണ്ടാക്കാൻ പാർട്ടിയിലെ ഒരു വിഭാഗം തയാറെടുക്കുന്നതിനിടെയാണു യെഡിയൂരപ്പയുടെ ‘കാലുമാറ്റം.’വിശ്വസ്തരായിരുന്ന പ്രമുഖരെ ഒഴിവാക്കി, രണ്ടാം നിര നേതാക്കളെ ഉപയോഗിച്ച് ഭരണകക്ഷി എംഎൽഎമാരെ വലയിലാക്കാൻ യെഡിയൂരപ്പ നടത്തുന്ന ശ്രമങ്ങൾ കൂടിയാണ് ലക്ഷ്യം കാണാതെ പോകുന്നത്.പാർട്ടിക്കുള്ളിൽ ഇതു വിള്ളലുണ്ടാക്കുന്നതായാണ് സൂചന. മുൻകാലങ്ങളിൽ യെഡിയൂരപ്പയുടെ തന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്ന മുതിർന്ന നേതാക്കളായ ആർ.അശോക, ബസവരാജ് ബൊമ്മെ, കെ.എസ് ഈശ്വരപ്പ, സി.ടി രവി തുടങ്ങിയവർ കളത്തിനു പുറത്താണ്.

മുൻനിരയിലേക്ക് മകൻ എത്തുന്നു

യെഡിയൂരപ്പയുടെ രണ്ടാമത്തെ മകൻ വിജയേന്ദ്ര, എംഎൽഎമാരായ അശ്വത്ഥ നാരായൺ, ബാലചന്ദ്ര ജാർക്കിഹോളി, അരവിന്ദ് ലിംബാവലി തുടങ്ങിയവരാണ് പുതിയ ‘തന്ത്രജ്ഞർ’.എന്നാൽ ജനുവരി മുതൽ കോൺഗ്രസ്, ജനതാദൾ എസ് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി നടത്തിവരുന്ന ശ്രമങ്ങൾ ഇനിയും ലക്ഷ്യത്തിന് അടുത്തെത്തിയിട്ടില്ലെന്നു കുമാരസ്വാമി പുറത്തുവിട്ട ഓഡിയോ ടേപ്പ് വെളിപ്പെടുത്തുന്നു.കഴിഞ്ഞ ഒന്നര മാസമായി അശോകയും യെഡിയൂരപ്പയും തമ്മിൽ അകന്നു നിൽക്കുകയാണെന്നും അഭ്യൂഹമുണ്ട്. ഇവർ തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കാൻ വി.സോമണ്ണയേയും പ്രഭാകർ കോറെയേയും പോലുള്ള നേതാക്കൾ ശ്രമങ്ങൾ നടത്തിയിരുന്നു.

നിലനിൽപ്പിനായി കൈവിട്ട കളി

സഖ്യസർക്കാരിനെ വീഴ്ത്തി അധികാരം പിടിച്ചില്ലെങ്കിൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷിക്കുന്ന സീറ്റുകൾ ലഭിക്കില്ലെന്ന യെഡിയൂരപ്പയുടെ വാദത്തെ തുടർന്നാണ് അട്ടിമറി ശ്രമങ്ങൾക്കു കേന്ദ്ര നേതൃത്വം മൗനാനുവാദം നൽകുന്നതെന്നാണു സൂചന.
ഇതിനു സാധിച്ചില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന ബിജെപിയുടെ മുഖം താനായിരിക്കില്ലെന്ന് യെഡിയൂരൂപ്പയ്ക്ക് ബോധ്യമുണ്ട്.എന്നാൽ ഒട്ടേറെ തവണ ശ്രമം നടത്തിയിട്ടും സർക്കാരിനെ അട്ടിമറിക്കാനായില്ലെന്നു മാത്രമല്ല, കോൺഗ്രസ് ദൾ നേതൃത്വം അവരുടെ എംഎൽഎമാരെ കൂടെ നിർത്താൻ കൂടുതൽ പ്രതിരോധം സൃഷ്ടിക്കുന്ന സാഹചര്യവുമുണ്ടായി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama