go

ഓഡിയോ ക്ലിപ്പിൽ വാടിയ അട്ടിമറി

Bangalru News
സ്പീക്കർ രമേഷ് കുമാർ സഭാ സമ്മേളനത്തിനിടെ
SHARE

ബെംഗളൂരു ∙ നിയമസഭയിലും ലോക്സഭയിലും യെഡിയൂരപ്പയുടെ ഓഡിയോ ക്ലിപ് വിവാദം പുകഞ്ഞ ദിനം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യസർക്കാരിനെ താഴെയിറക്കി അധികാരം പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങളാണ് ഓഡിയോ ക്ലിപ്പിൽ തട്ടി നിൽക്കുന്നത്.

ഭരണപക്ഷ എംഎൽഎമാരെ വലയിലാക്കാൻ ബിജെപി കോടിക്കണക്കിനു രൂപ വാഗ്ദാനം ചെയ്യുന്നുവെന്നതിനുള്ള തെളിവായാണു ബജറ്റ് അവതരണ ദിനത്തിൽ മുഖ്യമന്ത്രി കുമാരസ്വാമി ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. ഇത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്നു കുമാരസ്വാമി പ്രഖ്യാപിച്ചതോടെ നിയമസഭ ഇന്നലെ കലുഷിതമായി. സർക്കാർ നിയോഗിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നു ബിജെപി നേതാവ് ജഗദീഷ് ഷെട്ടർ പ്രതികരിച്ചു.

അതേസമയം രാഷ്ട്രീയ പകപോക്കലിന് അന്വേഷണം ഉപയോഗപ്പെടുത്തില്ലെന്ന് ഉറപ്പു വരുത്താൻ സ്പീക്കർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിയമസഭാ സമിതി അന്വേഷിച്ചാൽ നടപടിക്രമങ്ങൾ നീണ്ടു പോകുമെന്നും 15 ദിവസത്തിനുള്ളിൽ തനിക്കു റിപ്പോർട്ട് ലഭിക്കണമെന്നും സ്പീക്കർ നിഷ്കർഷിക്കുകയായിരുന്നു.

വികാരാധീനനായി സ്പീക്കർ

കുമാരസ്വാമി സർക്കാരിനെ താഴെയിറക്കാൻ കൂട്ടുനിൽക്കുന്നതിനു 50 കോടി രൂപ തനിക്കു വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ക്ലിപ്പിലെ പരാമർശത്തിൽ പ്രതിഷേധിച്ച് വികാരാധീനനായാണ് സ്പീക്കർ രമേഷ് കുമാർ ഇന്നലെ സഭ ചേർന്നപ്പോൾ വിഷയം അവതരിപ്പിച്ചത്. ക്ലിപ്പിലെ ശബ്ദം ആരുടേതാണെന്നു കണ്ടെത്തണം.

ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ മുഖം ഉയർത്തിപ്പിടിക്കണം. സത്യസന്ധത കൊണ്ടാണ് സ്പീക്കറുടെ കസേരയിൽ എത്തിയത്. ഒരു മിനിറ്റു പോലും തുടരാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ തിടുക്കത്തിൽ തീരുമാനമെടുക്കുന്നില്ലെന്ന് സഭയോടായി അദ്ദേഹം പറഞ്ഞു. കൊലപാതകത്തേക്കാൾ ദാരുണമാണു വ്യക്തിഹത്യയെന്നും രമേഷ് കുമാർ പറഞ്ഞു. സ്പീക്കറുടെ മേൽ ഇത്തരമൊരു ആരോപണമുന്നയിച്ച ബിജെപി നടപടി വേദനാജനകമാണെന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.

‘മറു ക്ലിപ്പുമായി’ ബിജെപി

എംഎൽസി സീറ്റ് നൽകുന്നതിന് കുമാരസ്വാമി സ്വന്തം പാർട്ടിക്കാരിൽ നിന്ന് കൈക്കൂലി ചോദിക്കുന്നു എന്നാരോപിച്ചുള്ള വീഡിയോ ക്ലിപ് ഇതിനിടെ ബിജെപി എംഎൽഎ രേണുകാചാര്യ സ്പീക്കർക്കു കൈമാറി. 2014ൽ പുറത്തു വന്ന ഈ വീഡിയോയിൽ വിജയപുരയിൽ നിന്നുള്ള ദൾ പ്രവർത്തകനായ വിജുഗൗഡ പാട്ടീലിനോട് 40 കോടി രൂപ കുമാരസ്വാമി ആവശ്യപ്പെടുന്ന ദൃശ്യമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. 

തുടർന്ന് ക്ലിപ് വിവാദം മന്ത്രി കൃഷ്ണബൈരെ ഗൗഡയും ബിജെപി എംഎൽഎ മധുസ്വാമിയും ഏറ്റെടുക്കുകയായിരുന്നു. ക്ലിപ്പിലെ ശബ്ദം തന്റേതാണെന്ന് പ്രതിപക്ഷ നേതാവ് സമ്മതിച്ചതായി കൃഷ്ണബൈരെ ഗൗഡ പറഞ്ഞപ്പോൾ അതുവരെ നിശബ്ദനായിരുന്ന യെഡിയൂരപ്പ ‘ആ സംഭാഷണം മുഴുവൻ തന്റേതാണെന്നു പറഞ്ഞോ’ എന്നു കുപിതനായി പ്രതികരിച്ചു. സഭാ നടപടിയിലുടനീളം താടിക്ക് കൈകൊടുത്തിരിക്കുകയായിരുന്നു അദ്ദേഹം.

ഓഡിയോ ക്ലിപ് പുറത്തുവിട്ടതിന്റെ പേരിൽ കുമാരസ്വാമിക്കെതിരെ യെഡിയൂരപ്പയുടെ മാധ്യമ ഉപദേഷ്ടാവ് എം.ബി മരംകല്ലും യെഡിയൂരപ്പയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആഷിക് ഗൗഡയും വിധാൻസൗധ പൊലീസിൽ പരാതി നൽകി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama