go

കണ്ണൂർ എക്സ്പ്രസ് നീട്ടാൻ മുന്നിട്ടിറങ്ങി കെകെടിഎഫ്

കണ്ണൂർ എക്സ്പ്രസിന്റെ വൈകിയോട്ടം സംബന്ധിച്ച് കെകെടിഎഫ് ഭാരവാഹികൾ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തുന്നു
കണ്ണൂർ എക്സ്പ്രസിന്റെ വൈകിയോട്ടം സംബന്ധിച്ച് കെകെടിഎഫ് ഭാരവാഹികൾ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തുന്നു
SHARE

ബെംഗളൂരു ∙ വൈകിയോട്ടം പതിവായ കണ്ണൂർ എക്സ്പ്രസ് (16527– 28) യശ്വന്ത്പുര വഴി മൈസൂരുവിലേക്കോ, അരസിക്കെരെയിലേക്കോ നീട്ടണമെന്ന ആവശ്യവുമായി കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്). ബാനസവാടിയിലേക്കു മാറ്റിയ ട്രെയിൻ മലയാളികളുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞമാസം വീണ്ടും യശ്വന്ത്പുരയിലേക്കു മാറ്റിയിരുന്നു. 

ഇതിനു ശേഷം വൈകിയോട്ടം പതിവായതാണു യാത്രക്കാർക്കു ദുരിതമായത്. രാവിലെ 8നു യശ്വന്ത്പുരയിൽ എത്തേണ്ട ട്രെയിൻ ചില ദിവസങ്ങളിൽ 2 മണിക്കൂറിലേറെ വൈകിയാണെത്തിയത്. 2 മിനിറ്റ് മാത്രം സ്റ്റോപ്പുള്ള ബാനസവാടിയിൽ കോച്ച് പൊസിഷൻ സൂചിപ്പിക്കുന്ന ഡിജിറ്റൽ ബോർഡ് തെറ്റായി പ്രദർശിപ്പിച്ചതും യാത്രക്കാരെ വലച്ചിരുന്നു.

യശ്വന്ത്പുരയിൽ പ്ലാറ്റ്ഫോം ഒഴിയുന്നതു കാത്താണു കണ്ണൂർ എക്സ്പ്രസ് വഴിയിൽ പിടിച്ചിടുന്നത്. ട്രെയിൻ കണ്ണൂരിൽ നിന്ന് അരമണിക്കൂർ നേരത്തെ പുറപ്പെട്ടാൽ തടസ്സമില്ലാതെ പിറ്റേന്നു രാവിലെ 5.30 – 5.45നു യശ്വന്ത്പുരയിലും 8.40നു മൈസൂരുവിലും എത്താനാകുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർക്കു സമർപ്പിച്ച നിവേദനത്തിൽ കെകെടിഎഫ് ചൂണ്ടിക്കാട്ടുന്നു. മടക്ക ട്രെയിൻ വൈകിട്ട് 4നു മൈസൂരുവിൽ നിന്നു പുറപ്പെട്ടാൽ രാത്രി 7.30ന് യശ്വന്ത്പുരയിലും പിറ്റേന്നു 9.30നു കണ്ണൂരിലും എത്താനാകും. 

സമാനമായ സമയക്രമത്തിൽ ട്രെയിൻ തൂമകൂരുവിലെ അരസിക്കെരെയിലേക്കു മാറ്റാനാകുമെന്നതാണു മറ്റൊരു നിർദേശം. ഇതുൾപ്പെടെ കർണാടക മലയാളികൾ നേരിടുന്ന വിവിധ യാത്രാ പ്രശ്നങ്ങൾ സംബന്ധിച്ച് ഡിവിഷനൽ റെയിൽവേ മാനേജർ അശോക് കുമാർ വർമയുമായും ചർച്ച ചെയ്തു. ദക്ഷിണ റെയിൽവേയുടെ അനുമതി ലഭിച്ചാൽ ആഴ്ചയിൽ 1– 2 ദിവസം തിരുവനന്തപുരത്തേക്ക് എ സി സ്പെഷൽ ട്രെയിൻ ഓടിക്കാൻ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി.

സീനിയർ ഡിവിഷനൽ ഓപ്പറേഷനൽ മാനേജർ‌ ഗീത മഹാപത്ര, സീനിയർ കൊമേഴ്സ്യൽ മാനേജർ ശ്രീധർ മൂർത്തി എന്നിവരും കെകെടിഎഫിനെ പ്രതിനിധീകരിച്ചു ജനറൽ കൺവീനർ ആർ.മുരളീധർ, പി.എ.ഐസക്, അ‍ഡ്വ.വിജയകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പിന്നീട് ജനറൽ മാനേജർ അജയ്കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama