go

വടക്കൻ കർണാടകയിലും മലനാട് ജില്ലകളിലും കനത്ത മഴ; മരണം 3

bengaluru-heavy-rain
കനത്ത മഴയെത്തുടർന്ന് കർണാടകയിലെ ബെളഗാവിയിലുള്ള എൻഎച്ച് 48 ദേശീയപാതയിൽ ഉടലെടുത്ത വിള്ളൽ. ചിത്രം:പിടിഐ
SHARE

ബെംഗളൂരു ∙ വടക്കൻ കർണാടകയിലും മലനാടൻ ജില്ലകളിലും തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലും 3 മരണം. ഹൊസ്കോട്ടെ ബൈലഹൊങ്കലിൽ വീടിന്റെ ചുവരിടിഞ്ഞു വീണ് 25 വയസ്സുകാരനാണു മരിച്ചത്. ബെളഗാവിയിൽ 2 പേർ മുങ്ങിമരിച്ചു.. സൈന്യവും ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു. 

 പ്രളയബാധിത ജില്ലകളിലെ സ്കൂളൂകളും കോളജുകളും ഇന്നലെയും അടഞ്ഞുകിടന്നു. റോഡ്, ട്രെയിൻ ഗതാഗത സംവിധാനങ്ങൾ താറുമാറായി. ഹുബ്ബള്ളിയിൽ നിന്നും മുംബൈയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. ലോണ്ടയ്ക്കും തിനായ്ഘട്ടിനും ഇടയിലുള്ള ട്രെയിനുകളാണ് വഴിതിരിച്ചുവിടുന്നത്.

അംഗോള- യെല്ലാപുര പാതയിൽ വിള്ളൽ

കുടകിലെ മണ്ണിടിച്ചിലിൽ വിരാജ്പേട്ട്- മാക്കൂട്ടം ചുരം റോഡ് ഇടിഞ്ഞതിനു പിന്നാലെ ഉത്തരകന്നഡയിലെ അംഗോള- യെല്ലാപുര പാത (ദേശീയ ഹൈവേ-52) ഇടിഞ്ഞു താഴ്ന്ന് വിള്ളൽ രൂപപ്പെട്ടു. ബെംഗളൂരു- പുണെ (ദേശീയ ഹൈവേ-4 ) പാത കോലാപൂരിനു സമീപം ഷിറോളിയിൽ തകർന്നതിനെ തുടർന്ന് ബെളഗാവി ജില്ല ഒറ്റപ്പെട്ട നിലയിലാണ്. പുണെ- ബെംഗളൂരു ദേശീയ പാത അടച്ചു. ഈ പാതയിലെ ബസ് സർവീസുകൾ കർണാടക ആർടിസി റദ്ദാക്കി. തീരദേശ ജില്ലകളിൽ 10 വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 

പ്രളയഭീതിയിൽ ജനവാസ മേഖലകൾ

മഹാരാഷ്ട്രയിലെ കൊയ്ന അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് കൃഷ്ണ നദിക്കു പുറമേ മാർക്കണ്ഡേയ, ഘട്ടപ്രഭ, മാലപ്രഭ, ഭീമ നദികളും കരകവിഞ്ഞൊഴുകി. മാർക്കണ്ഡേയ നദി ഒഴുകുന്ന ഗോഖക്, ഹുക്കേരി, ബെളഗാവി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളും പാലങ്ങളും വീടുകളും വെള്ളത്തിനടിയിലാണ്. ബെളഗാവി, വിജയപുര, യാദ്ഗീർ, ഹുബ്ബള്ളി-ധാർവാഡ്, ശിവമൊഗ്ഗ, കുടക്, ചിക്കമഗളൂരു, ഉത്തരകന്നഡ ജില്ലകളാണ് പ്രളയത്തിലും മണ്ണിടിച്ചിലിലും വലയുന്നത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama