go

ദുരിതപെയ്ത്ത്

bengaluru-heavy-rain
മാലപ്രഭ നദി കരകവിഞ്ഞിതിനെ തുടർന്ന് ബെളഗാവി മുനവല്ലി വെള്ളത്തിലായപ്പോൾ. ചിത്രം: പിടിഐ
SHARE

ബെംഗളൂരു ∙ വടക്കൻ കർണാടക, മലനാട്, തീരദേശ ജില്ലകളിൽ മഴ ദുരിതം തുടരുന്നു. മിക്കയിടങ്ങളിലും റെഡ് അലർട്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ചർമാഡി ചുരം ഇന്നും അടഞ്ഞു കിടക്കും.  കുടകിൽ വിരാജ്പേട്ട്- മാക്കൂട്ടം ചുരം അടഞ്ഞുകിടക്കുന്നതിനു പിന്നാലെ മടിക്കേരി- ഗളിബീഡു പാതയിലും വാഹന ഗതാഗതം നിരോധിച്ചു. കബനി അണക്കെട്ട് തുറന്നേക്കും. അടുത്ത 5 ദിവസത്തേക്കു കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മുംബൈ-ബെംഗളൂരു ദേശീയ പാതയിൽ കോലാപുർ-ബെളഗാവി ഭാഗം അടച്ചിട്ടിരിക്കുകയാണ്. 

13 ജില്ലകളിൽ ദുരിതമഴ

വടക്കൻ കർണാടകയിൽ ബെളഗാവി, ബാഗൽക്കോട്ടെ, വിജയപുര, റായിച്ചൂർ, യാദ്ഗീർ, ഹുബ്ബള്ളി- ധാർവാഡ് ജില്ലകളിൽ കനത്ത മഴയെ തുടർന്ന് നാലാം ദിനവും ജനജീവിതം ദുസ്സഹമായി. കൃഷ്ണ നദി കരകവിഞ്ഞ് ഒഴുകുന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ കനത്ത നാശം. ഭദ്രാ നദി കരകവിഞ്ഞൊഴുകി ചിക്കമഗളൂരുവിലെ ഹെബ്ബളെ പാലം ഒലിച്ചുപോയി. ചിക്കമഗളൂരു, കുടക്, ഹാസൻ, ശിവമൊഗ്ഗ, ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിലും മഴ തുടരുകയാണ്.  

സഹായത്തിനായി നാവികസേന 

ഉത്തരകന്നഡ എസ്പി സഹായം അഭ്യർഥിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 7 മണിയോടെയാണ് കാർവാർ നാവിക സേനാ ആസ്ഥാനത്തു നിന്നുള്ള ദ്രുതകർമ സേന രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. മുങ്ങൽ വിദഗ്ധർ, ജെമിനി ബോട്ടുകൾ ഉൾപ്പെട്ട സംഘമാണിത്.  കര, വ്യോമ സേനകളും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും സജീവമായി രക്ഷാ പ്രവർത്തന രംഗത്തുണ്ട്. 

ചർമാഡി ചുരം അടച്ചിടും

രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് ചർമാഡി ചുരം റോഡ് അടച്ചിടാൻ ദക്ഷിണ കന്നഡ കലക്ടർ ശശികാന്ത് സെന്തിൽ ഉത്തരവിട്ടത്. ചിക്കമഗളൂരുവിനെ മംഗളൂരുവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.ചൊവ്വാഴ്ച രാത്രി മുതൽ ചുരം റോഡിൽ പലയിടങ്ങളിലായി നൂറു കണക്കിനു വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്.  ധർമ്മസ്ഥല ഒറ്റപ്പെട്ട നിലയിലാണ്. പാത തുറക്കാനുള്ള പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ബൽത്തങ്ങാടി പൊലീസ് രക്ഷാ പ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. 

ആരോപണ പ്രളയം! 

സംസ്ഥാനം പ്രളയത്തിൽ മുങ്ങുമ്പോൾ, സർക്കാർ നിഷ്ക്രിയമാണെന്നു കോൺഗ്രസ്. കർണാടകയിൽ സർക്കാരില്ലെന്ന് ദൾ ദേശീയ അധ്യക്ഷൻ ദേവെഗൌഡ ആരോപിച്ചു.

ദുരിതമേഖലകളിലെ ജനത്തെ സഹായിക്കാൻ മന്ത്രിമാർ പോലുമില്ല. മുഖ്യമന്ത്രി യെഡിയൂരപ്പ ഡൽഹിയിൽ രാഷ്ട്രീയ ചർച്ചകളുടെ തിരക്കിലാണെന്ന് കോൺഗ്രസ് നേതാവ് കൃഷ്ണ ബൈരെ ഗൗഡ കുറ്റപ്പെടുത്തി. അതേസമയം  പ്രളയബാധിത മേഖലയിലെ ദുരിത സാഹചര്യം മുഖ്യമന്ത്രി വീണ്ടും ഹെലികോപ്റ്ററിൽ യാത്ര ചെയ്ത് വിലയിരുത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama