go

ബെലന്തൂർ തടാക നവീകരണം സർക്കാരിന്റെ ഉഴപ്പിനെതിരെ പ്രദേശവാസികൾ

mby-strick
SHARE

 ബെംഗളൂരു ∙ ബെലന്തൂർ തടാക നവീകരണം ഊർജിതമാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ നിയമപോരാട്ടം നടത്തുന്ന കർണാടക സർക്കാർ നടപടിയെ ചോദ്യം ചെയ്തു പ്രദേശവാസികൾ. ഓൺലൈൻ പരാതിപരിഹാര പോർട്ടലായ ചേഞ്ച് ഡോട്ട് ഓർഗിൽ പ്രശ്നം ഉന്നയിച്ച് "ബെലന്തൂർ അൺചെയ്‌ൻഡ്" എന്ന സന്നദ്ധ സംഘടന രംഗത്ത്. ബെലന്തൂർ തടാക മലിനീകരണ കേസ് കഴിഞ്ഞ ഡിസംബർ 6ന് പരിഗണിച്ചപ്പോൾ സർക്കാരിനും ബിബിഎംപിക്കുമെതിരെ 75 കോടി രൂപ ട്രൈബ്യൂണൽ പിഴയിട്ടിരുന്നു. ഇതിനൊപ്പം തടാക നവീകരണത്തിനു കർമപദ്ധതി ഒരുക്കാൻ 500 കോടി രൂപ നീക്കിവയ്ക്കാനും ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സർക്കാർ നടത്തുന്ന നിയമപോരാട്ടമാണ് ജനത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 75 മീറ്റർ തണ്ണീർത്തടം (ഗ്രീൻ ബെൽറ്റ് അഥവാ ബഫർസോൺ) നിലനിർത്താനുള്ള ട്രൈബ്യൂണൽ ഉത്തരവിനെയാണ് സർക്കാർ പ്രധാനമായും എതിർക്കുന്നത്.

. തടാക നവീകരണം വോഗത്തിലാക്കണം ബെലന്തൂർ മേഖലയിലേക്ക് അടുത്തിടെ താമസം മാറിയതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലിനെ കുറിച്ച് ഭാരതി എന്നയാളുടെ അനുഭവം ചേഞ്ച് ഡോട്ട് ഓർഗിലെ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ കുട്ടികളിലും സമാന രോഗങ്ങൾ കണ്ടു വരുന്നതായി അവർ പറയുന്നു. രാസപദാർഥങ്ങൾ ഉൾപ്പെട്ട മാലിന്യം ഒഴികിയിറങ്ങുന്ന ബെലന്തൂർ തടാകത്തിൽ വിഷപ്പത ഉയർന്ന് പാറിനടക്കുന്നതും, കത്തിപ്പടരുന്നതും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട വിഷയമാണ്. ഇതേത്തുടർന്നാണ് ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തത്. 951 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തടാകത്തിലേക്ക് പ്രതിദിനം ഒഴുകിയിറങ്ങുന്ന മാലിന്യത്തിന്റെ തോതു കുറയ്ക്കാനുള്ള പ്രവർത്തനം ബെംഗളൂരു വികസന അതോറിറ്റി നടത്തുകയാണ്. ഇതിനിടെ സർക്കാരിന്റെ നീക്കങ്ങൾ പ്രവർത്തനങ്ങൾക്കു തടസ്സമാകുമോ എന്ന ആശങ്കയിലാണ് ജനം. ശുദ്ധജലക്ഷാമം അനുഭവിക്കുന്ന ബെംഗളൂരുവിലെ ഏറ്റവും വലിയ ജലസ്രോതസ്സായ ബെലന്തൂരു തടാകത്തെ പുനരുജ്ജീവിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് "ബെലന്തൂർ അൺചെയ്‌ൻഡ്" സർക്കാരിനോട് ആവശ്യപ്പെട്ടു. 

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama