go

നാട്ടിലെത്താൻ നെട്ടോട്ടം...

bengaluru news
SHARE

ബെംഗളൂരു ∙ കേരളത്തിലേക്കു ബെംഗളൂരുവിൽ നിന്നുള്ള സംസ്ഥാനാന്തര ബസ്- ട്രെയിൻ സർവീസുകൾ ഇന്നലെയും താളം തെറ്റി. സേലം, കോയമ്പത്തൂർ വഴി തെക്കൻ കേരളത്തിലേക്കുള്ള ബസുകൾ തടസ്സമില്ലാതെ സർവീസ് നടത്തി. കേരള ആർടിസിയും കർണാടകയും ഇന്നലെയും ബെംഗളൂരുവിൽ നിന്നു മൈസൂരു വഴി കേരളത്തിലേക്കുള്ള എല്ലാ ബസ് സർവീസുകളും നിർത്തിവച്ചു. നഞ്ചൻഗൂഡ്, മുത്തങ്ങ- പൊൻകുഴി, വീരാജ്പേട്ട് - മാക്കൂട്ടം ചുരം, മൈസൂർ- ഊട്ടി റോഡുകളിൽ കയറിയ വെള്ളം ഇറങ്ങാത്തതാണു കാരണം. കേരള ആർടിസി വഴി 10 ബസുകൾ അയച്ചു. കർണാടക ആർടിസി ഇന്നലെ കേരളത്തിലേക്കു 17 സർവീസ് നടത്തി. 2 സ്പെഷൽ ഉൾപ്പെടെ. 

∙ ചിലയിടത്തു റോഡിലെ തടസ്സം നീങ്ങിയതിനാൽ മലബാർ ഭാഗത്തേക്കു ബസുകൾ അയയ്ക്കാനുള്ള ശ്രമത്തിലാണു സ്വകാര്യ ബസ് ഏജൻസികൾ. ഗോണിക്കൊപ്പ, കുട്ട വഴി മാനന്തവാടിയിലെത്തി, അവിടെ നിന്നു പേരിയ ചുരം വഴി തലശ്ശേരിയിൽ എത്താമെന്നാണു കണക്കുകൂട്ടൽ. തുടർന്നു കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കു പോകാൻ തടസ്സമില്ല. ബാണാസുര സാഗർ ഡാം തുറന്നതിനാൽ സാഹചര്യം വിലയിരുത്തിയ ശേഷമേ രാത്രി ബസുകൾ അയയ്ക്കുകയുള്ളു എന്നു മലബാർ ഇന്റർസ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ഫാറൂഖ് പറഞ്ഞു. 

∙ സേലം, കോയമ്പത്തൂർ വഴിയുള്ള ബസുകൾ നിറഞ്ഞുകവിഞ്ഞു . ഇതുവഴിയുള്ള കേരള ആർടിസിയുടെ എല്ലാ ബസുകളിലെയും ടിക്കറ്റ് ഇന്നലെ രാവിലെ തന്നെ വിറ്റഴിഞ്ഞു. ഇന്നലെ പുറപ്പെട്ടതോടെ സ്വകാര്യ ബസുകൾക്കും ചാകരയായി. എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു 2500 രൂപ വരെയായിരുന്നു ടിക്കറ്റ് ചാർജ്.

26 അധിക സർവീസുകൾ നടത്തിയെന്ന്  കെഎസ്ആർടിസി

∙ ലഭ്യമായ ബസുകളെല്ലാം ഉപയോഗിച്ചു  2 ദിവസങ്ങളിലായി ബെംഗളൂരുവിൽ നിന്നു 26 അധിക സർവീസുകൾ നടത്തിയതായി കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ ഷാജി പറഞ്ഞു. വ്യാഴാഴ്ച ഗുണ്ടൽപേട്ടിൽ‍ കുടുങ്ങിയ 12 ബസുകളിൽ 2 സ്കാനിയ ഒഴികെയുള്ളവ ബത്തേരിയിലെത്തി. റോഡിലെ തടസ്സം  പൂർണമായും നീങ്ങാത്തതിനാൽ‍ സ്കാനിയ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്.

മൈസൂരു, ചാമരാജ്നഗർ ജില്ലകളിൽ റോഡിലെ തടസ്സം നീങ്ങിയാൽ ഇവ ബെംഗളൂരുവിൽ തിരിച്ചെത്തിക്കാനാണുശ്രമം. ഇതു സാധിച്ചാൽ ഈ ബസുകളും‍ സേലം വഴി നാട്ടിലേക്കു സ്പെഷൽ സർവീസ് നടത്തും. നാട്ടിൽ നിന്നു ബസുകൾ എത്തുന്നത് അനുസരിച്ചായിരിക്കും ഇന്നത്തെ സർവീസുകൾ.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama