go

പ്രതിഷേധം കടുപ്പിച്ച് സ്ഥാനമോഹികൾ

bengaluru-chair
SHARE

ബെംഗളൂരു ∙ മന്ത്രിമാരാകാൻ അവസരം കിട്ടാത്തവരുടെ പ്രതിഷേധം ഒരുഭാഗത്ത്, കിട്ടിയ വകുപ്പുകൾ മെച്ചമല്ലെന്ന പരാതി മറുഭാഗത്ത്. ഭരണം മാറിയിട്ടും സ്ഥാനമോഹികളുടെ കലാപത്തിന് മാറ്റമില്ല. സഖ്യ സർക്കാരിനെ വീഴ്ത്താൻ കൂട്ടുനിന്ന കോൺഗ്രസ് – ദൾ വിമതരുടെ സമ്മർദവും ബിജെപി സർക്കാരിന് തലവേദനയാകുന്നു.

 ബി.ശ്രീരാമലുവിനെ ഉപമുഖ്യമന്ത്രിയാക്കത്തതിൽ പ്രതിഷേധിച്ച് ബിജെപി എസ്ടി മോർച്ച പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് അശ്ലീല വിഡിയോ ക്ലിപ് സംഭവത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ലക്ഷ്മൺ സാവദിയെ ഉപമുഖ്യമന്ത്രിയാക്കിയതാണ് പാർട്ടിക്കുള്ളിൽ പ്രതിഷേധത്തിന് വഴിമരുന്നിട്ടത്. ബെളഗാവിയിൽ നിന്നുള്ള ബിജെപി എംഎൽഎമാരായ ഉമേഷ് കട്ടി, ബാലചന്ദ്ര ജാർക്കിഹോളി തുടങ്ങിയവരാണ്  നേതൃത്വം നൽകുന്നത്. 

ശ്രീരാമുലുവിനെ വെട്ടിയത് ജാർക്കിഹോളിക്കായി ? 

കുമാരസ്വാമി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയെ സഹായിച്ച വിമത കോൺഗ്രസ് എംഎൽഎ രമേഷ് ജാർക്കിഹോളിക്കു വേണ്ടിയാണ് ശ്രീരാമുലുവിന്റെ ഉപമുഖ്യമന്ത്രി പദം കേന്ദ്ര നേതൃത്വം വെട്ടിയതെന്നാണ് സൂചന. വാൽമീകി നായക് സമുദായത്തിൽപെട്ടവരാണ് ഇരുവരും. അയോഗ്യത കേസിൽ സുപ്രീം കോടതി വിധി അനുകൂലമായാൽ രമേഷിന് മെച്ചപ്പെട്ട വകുപ്പോടെ മന്ത്രിസ്ഥാനമെങ്കിലും നൽകാനാണ് കേന്ദ്ര നേതൃത്വത്തിന് താൽപര്യം. 

അതേസമയം ശ്രീരാമുലുവിനായി ബെള്ളാരി മേഖലയിൽ വാൽമീകി നായക് സമുദായത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.  ഹൊസ്പേട്ട്, സന്ദൂർ, കൊപ്പാൾ, കനകഗിരി, നായകനഹള്ളി, ഹൊസ്ദുർഗ് എന്നിവിടങ്ങളിലും ശ്രീരാമുലു അനുകൂലികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മെച്ചപ്പെട്ട വകുപ്പുപോലും തനിക്കു നൽകിയില്ലെന്ന് കഴിഞ്ഞ ദിവസം ശ്രീരാമുലു യെഡിയൂരപ്പയോട് പരാതിപ്പെട്ടിരുന്നു. ബിജെപി എംഎൽഎ മുരുഗേഷ് നിറാനിയും ശ്രീരാമുലുവിനു പിന്തുണയുമായി രംഗത്തുണ്ട്. 

ഇടക്കാല തിരഞ്ഞെടുപ്പ് ഉടൻ: സിദ്ധരാമയ്യ

യെഡിയൂരപ്പ സർക്കാർ ഏതു സമയവും നിലംപതിക്കാമെന്നും ഇടക്കാല തിരഞ്ഞെടുപ്പ്  അനിവാര്യമാണെന്നും കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ. കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറിയ സർക്കാരാണിത്. ‌മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയുന്നില്ല. ആഴ്ചയിൽ 3 തവണ അമിത് ഷായെ കാണാൻ അദ്ദേഹം ഡൽഹിക്ക് ഓടുകയാണ്. 

ദളിനെയല്ല, വർഗീയ കക്ഷിയായ ബിജെപിയെയാണ് കോൺഗ്രസ് എക്കാലത്തും എതിർക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ദൾ ദേശീയ പ്രസിഡന്റ് ദേവൌഗഡയുമായും മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുമായും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാക്പോരു തണുപ്പിക്കും വിധമാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama