go

പരാതി ആപ്പിൽ, പരിഹാരം ഉടൻ

blr-road
SHARE

ബെംഗളൂരു ∙ റോഡിലെ കുഴി, തകർന്ന നടപ്പാത തുടങ്ങി ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരമുണ്ടാക്കാൻ ട്രാഫിക് പൊലീസും മഹാനഗരസഭയും (ബിബിഎംപി) കൈകോർക്കുന്നു. ഇത്തരം പ്രശ്നങ്ങൾ അധികൃതരെ അറിയിക്കാൻ ബിബിഎംപിയുടെ ഫിക്സ് മൈ സ്ട്രീറ്റ് മൊബൈൽ ആപ്പ് ഡൗൺലോ‍ഡ് ചെയ്യാൻ ജോയിന്റ് കമ്മിഷണർ ട്രാഫിക് പൊലീസിനു നിർദേശം നൽകി. ചിത്രങ്ങളും ലൊക്കേഷനും സഹിതം പരാതി നൽകാമെന്നതാണ് ഫിക്സ് മൈ സ്ട്രീറ്റ് ആപ്പിന്റെ സവിശേഷത.

ചിത്രം എടുക്കും, ആപ് വഴി അയയ്ക്കും

ഇനി മുതൽ വാഹന ഗതാഗതത്തിനു തടസ്സമാകുന്ന എന്തിന്റെയും ചിത്രങ്ങൾ സഹിതം ആപ് വഴി ട്രാഫിക് പൊലീസ് പരാതി നൽകും. സമയബന്ധിതമായി പരിഹാരമുണ്ടാക്കുമെന്നാണ് ബിബിഎംപി ഉറപ്പ്. റോഡിലെ കുഴികൾ, സ്ലാബ് ഇളകിയ നടപ്പാതകൾ എന്നിവയ്ക്കു പുറമേ നടപ്പാതയിലും മരങ്ങളിലുമായി ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിനു കേബിളുകളും യാത്രക്കാർക്കു തലവേദനയാകുന്നുണ്ട്. ഇത്തരം ഒഎഫ്സി കേബിളുകൾ നീക്കുന്നതിനും കുഴികൾ അടയ്ക്കുന്നതിനുമാകും മുന്തിയ പരിഗണന.

കുഴി കരാറുകാർ‍ അടച്ചാൽ മതി

മുൻകാലങ്ങളിൽ റോഡിലെ ചെറിയ കുഴികളെല്ലാം ട്രാഫിക് പൊലീസ് തന്നെ നികത്താറുണ്ടായിരുന്നു.എന്നാൽ കുഴിയടയ്ക്കാൻ കരാറുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതു ട്രാഫിക് പൊലീസ് ചെയ്യേണ്ടതില്ലെന്നുമാണ് ബിബിഎംപി നിലപാട്. ഈ സാഹചര്യത്തിൽ ട്രാഫിക് പൊലീസ് ഇനി മുതൽ കുഴികളുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ പരാതി നൽകിയാൽ മതിയെന്നു ജോയിന്റ് കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്.
മാലിന്യം തള്ളൽ, കേടായ വഴിവിളക്കുകൾ തുടങ്ങി മറ്റു പ്രശ്നങ്ങളും ട്രാഫിക് പൊലീസ് തൽസമയം ബിബിഎംപിയെ അറിയിക്കും. ഇതിനകം ഒട്ടേറെ പരാതികൾ ഇത്തരത്തിൽ ലഭിച്ചു. അതേസമയം ജനങ്ങൾക്കു പരാതികൾ നൽകാനായി ഇറക്കിയ ഫിക്സ് മൈ സ്ട്രീറ്റ് ആപ്പ് കാര്യക്ഷമമല്ലെന്ന പരാതിയും വ്യാപകമാണ്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama