go

ട്രബിൾ ഷൂട്ടർ കുരുക്കിൽ

bengaluru news
ഡി.കെ.ശിവകുമാറിനെ പരിശോധനയ്ക്കായി എത്തിച്ച ഡൽഹി ആർഎംഎൽ ആശുപത്രിക്ക് പുറത്ത് പൊട്ടിക്കരയുന്ന കോൺഗ്രസ് പ്രവർത്തകൻ. ചിത്രം:പിടിഐ
SHARE

ബെംഗളൂരു ∙ കോൺഗ്രസിന് ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രതിരോധം തീർക്കുന്ന കോട്ടയ്ക്കാണ്, ഡി.കെ ശിവകുമാറിന്റെ അറസ്റ്റിലൂടെ താൽക്കാലിക വിള്ളൽ വീണത്.  കേന്ദ്രത്തിലും  കർണാടകയിലും  ബിജെപി നടത്തിയ പല ‘ഓപ്പറേഷൽ താമര’ ശ്രമങ്ങളും  പരാജയപ്പെടുത്തിയത് ദൊഡ്ഡലഹള്ളി കെംപെഗൌഡ ശിവകുമാർ എന്ന അൻപത്തിയേഴുകാരനാണ്.  2017 ഓഗസ്റ്റിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ  ശിവകുമാറിന്റെ  നേതൃത്വത്തിൽ താമസിപ്പിച്ചതിനു പിന്നാലെയാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും  വ്യാപാര സ്ഥാപനങ്ങളിലും വസതികളിലും വ്യാപകമായി ആദായനികുതി  റെയ്ഡുകൾ ഉണ്ടായത്ത്. ഇതിന്റെ തുടർച്ചയായിരുന്നു ഡൽഹി സഫ്ദർജങ് റോഡിലെ  ഫ്ലാറ്റിൽ നടന്ന റെയ്ഡും. 

എഐസിസിക്ക് ഫണ്ട് തരപ്പെടുത്തുന്നവരിൽ പ്രധാനിയെന്നു പോലും സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ ആദായനികുതി വകുപ്പ് തുടർന്ന് ആരോപണമുയർത്തിയിരുന്നു. കർണാടകയിലെ ധനികരായ രാഷ്ട്രീയനേതാക്കളിൽ ഒരാളാണ് മുൻ മന്ത്രി ശിവകുമാർ. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വെളിപ്പെടുത്തിയത് 840 കോടി രൂപയുടെ ആസ്തിയാണ്. 

ചോദ്യം ചെയ്യലിൽ ഡൽഹി മുതൽ സിംഗപ്പൂർ വരെ

ഡൽഹി സഫ്ദർജങ് റോഡിലെ ഫ്ലാറ്റിൽ നിന്നു കണ്ടെത്തിയ 6.68 കോടി രൂപ ഉൾപ്പെടെ 8.56 കോടി രൂപയുടെ കണക്കിൽ പെടാത്ത പണം ആദായനികുതി വകുപ്പ് റെയ്ഡിൽ പിടികൂടിയെന്ന കേസിൽ, ശിവകുമാറും വ്യാപാര പങ്കാളികളുമാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്നത്. ശർമാ ട്രാവൽസ് ബസ് കമ്പനി ഉടമ സുനിൽ കുമാർ ശർമയുടെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ ഹവാല പണം ഡൽഹിയിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴിക്കിയെന്ന് ആരോപിച്ചുള്ള കേസിലാണ് നിലവിലെ അറസ്റ്റ്.

വ്യാപാര പങ്കാളിയായ സച്ചിൻ നാരായണ, ഡൽഹി കർണാടക ഭവനിലെ ലെയ്സൻ ഓഫിസറായ ആഞ്ജനേയ ഹനുമന്തയ്യ, ശർമ ട്രാവൽസ് ജീവനക്കാരൻ എൻ. രാജേന്ദ്ര എന്നിവരാണ് ശിവകുമാറിനും സുനിൽ കുമാർ ശർമയ്ക്കും പുറമെ കേസുകൾ നേരിടുന്നത്. കഴിഞ്ഞ മാസം ജീവനൊടുക്കിയ വി.ജി സിദ്ധാർഥയുടെ ഉടമസ്ഥതയിലുള്ള കഫെ കോഫി ഡേയുമായുള്ള ശിവകുമാറിന്റെ ബന്ധത്തെ കുറിച്ചും സിംഗപ്പൂരിലെ ബെനാമി ഇടപാടുകളെ കുറിച്ചും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ശിവകുമാറിന്റെ മകൾ ഐശ്വര്യയെ കൂടി ചുറ്റിപ്പറ്റിയാണ് കഫെ കോഫി ഡേ, സിംഗപ്പൂർ ഇടപാടുകൾ പരിശോധിക്കുന്നത്. ശിവകുമാറിന്റെ അമ്മ ഗൗരമ്മയ്ക്കെതിരെയും ബെനാമി കേസ് നിലവിലുണ്ട്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama