go

പ്ലാസ്റ്റിക് നിരോധനം; തുണി സഞ്ചി വാടകയ്ക്ക്

cotten-bag
SHARE

ബെംഗളൂരു ∙ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായി നിരോധിച്ചതോടെ വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നവർക്കു തുണി സഞ്ചി വാടകയ്ക്കു നൽകുകയെന്ന ആശയത്തിനു പ്രചാരമേറുന്നു. 30 രൂപ നൽകുന്നവർക്കു തുണിസഞ്ചി നൽകുകയും ആവശ്യം കഴിഞ്ഞു തിരിച്ചെത്തിച്ചാൽ നിക്ഷേപത്തുക തിരികെ നൽകുകയും ചെയ്യുന്ന പദ്ധതിക്കു വൈറ്റ്ഫീൽഡ‍ിലെ സുമധുര സിൽവർ റിപ്പിൾസ് അപ്പാർട്മെന്റ് നിവാസികളാണു തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ മത്സരങ്ങൾക്കു ശേഷം ഉപേക്ഷിക്കപ്പെട്ട പതാകകളും ബാനറുകളും ഉപയോഗിച്ച് 5000 തുണി സഞ്ചികൾ ഉണ്ടാക്കിയാണു ഇവർ ആദ്യം ശ്രദ്ധയാകർഷിച്ചത്. ഇവയിൽ 100 എണ്ണമാണ് റെന്റ്-എ-ബാഗ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്.

പിന്തുണച്ച് വ്യാപാരികൾ

ഡിസ്പോസിബിൾ പ്ലാസ്റ്റിക്കിന്റെ നിരോധനം സമ്പൂർണ വിജയമാകണമെങ്കിൽ ഇത്തരം പദ്ധതികൾ പ്രോൽസാഹിപ്പിക്കേണ്ടതുണ്ടെന്നു വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. കടയിലെത്തുന്നവർ സാധനം വാങ്ങി പോകാൻ തുടങ്ങുമ്പോഴാണ് പ്ലാസ്റ്റിക് കവർ ലഭിക്കില്ലെന്നറിയുക. ഇവർക്കെല്ലാം വാടക സഞ്ചികൾ ഗുണകരമാകും. 1-2 തവണ വാടകയ്ക്കെടുക്കുന്നവർ പിന്നീട് വീട്ടിൽ നിന്നു സഞ്ചി കൊണ്ടുവരാൻ മറക്കില്ല.
പ്ലാസ്റ്റിക് കവറുകൾക്കു പകരം വയ്ക്കാൻ മറ്റൊരു ഫലപ്രദമായ മാർഗം കണ്ടെത്താനാകാത്തതിനാലാണു 2016ൽ പ്ലാസ്റ്റിക് നിരോധനം പരാജയപ്പെട്ടതെന്നു കോറമംഗലയിലെ പലചരക്കു വ്യാപാരിയായ ജോസഫ് പറയുന്നു.കടലാസ് സഞ്ചികൾ ഇറങ്ങിയെങ്കിലും ഇവയ്ക്കു ബലം കുറവാണ്. നനഞ്ഞാൽ കീറുകയും ചെയ്യും.

മാർഷലുമാർ പണി തുടങ്ങി

പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ബിബിഎംപി നിയോഗിച്ച മാർഷലുമാർ പരിശോധന തുടങ്ങി. മാർക്കറ്റുകൾ കേന്ദ്രീകരിച്ചും മറ്റു പരിശോധന നടത്തുന്ന ഇവർ പ്ലാസ്റ്റിക് കവറുമായി വരുന്നവരെ തടഞ്ഞു നിർത്തി ബോധവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. പ്രധാന മാർക്കറ്റുകളിൽ നിന്നെല്ലാം പ്ലാസ്റ്റിക് കവറുകൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. 233 മാർഷലുമാർക്കു പുറമേ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഓരോ വാർഡുകളിലെയും പ്ലാസ്റ്റിക് വിൽപനയും ഉപയോഗവും നിരീക്ഷിക്കുന്നുണ്ട്.

ഓൺലൈൻ ഡെലിവറി കമ്പനികൾക്കും പങ്ക്

ബെംഗളൂരു നഗരം ദിവസേന പുറംതള്ളുന്ന 1700 ടൺ ഖരമാലിന്യത്തിൽ 15-20% പ്ലാസ്റ്റിക് മാലിന്യമാണ്. ഇതിൽ സിംഹഭാഗവും ഓൺലൈൻ ഡെലിവറി കമ്പനികളുടെ സംഭാവനയാണ്. ഇത്തരം കമ്പനികളുടെ പാക്കേജിങ് കൂടി പ്ലാസ്റ്റിക് വിമുക്തമാക്കാൻ സർക്കാർ  നടപടിയെടുക്കണമെന്നു കമ്മനഹള്ളി നിവാസി അരുൺ പറയുന്നു. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകളും ദിവസേന ലക്ഷക്കണക്കിനു പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം കഴിച്ച ശേഷം വലിച്ചെറിയുന്ന ഈ കണ്ടെയ്നറുകൾ പുനരുപയോഗം ചെയ്യാനും വഴി കണ്ടെത്തേണ്ടതുണ്ട്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama