go

എടിഎം എന്നാൽ എനി ടൈം കവർച്ച..?

atm
SHARE

ബെംഗളൂരു ∙ നഗരത്തിൽ എടിഎം കൗണ്ടറുകളിലെ സുരക്ഷ സംവിധാനങ്ങൾ വീണ്ടും നോക്കുകുത്തി. ബനശങ്കരി ശാസ്ത്രിനഗറിൽ ആക്സിസ് ബാങ്കിന്റെ എടിഎം യന്ത്രം തകർത്തു 2.8 ലക്ഷം രൂപ കവർന്നു. സുരക്ഷ ജീവനക്കാരൻ ഇല്ലാത്ത എടിഎം കൗണ്ടറിൽ സിസിടിവിയും പ്രവർത്തിച്ചിരുന്നില്ല.

തിങ്കളാഴ്ച രാത്രിയാണു കവർച്ച. എടിഎമ്മിൽ നിന്നു പണമെടുക്കാൻ ചെന്നയാൾ കോൾ സെന്ററിൽ വിളിച്ചപ്പോഴാണു ബാങ്ക് അധികൃതർ വിവരം അറിയുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് യന്ത്രം തകർത്തതായി കണ്ടെത്തി.വൈകിട്ടാണു എടിഎമ്മിൽ 4 ലക്ഷം രൂപ നിറച്ചത്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചതിൽ മോഷ്ടാക്കളുടെ സൂചന ലഭിച്ചെന്നു ബനശങ്കരി പൊലീസ് പറഞ്ഞു.

കവർച്ചയ്ക്ക് കാർഡിട്ട്  സുരക്ഷാവീഴ്ച

∙ സുരക്ഷ ഒരുക്കുന്നതിൽ ബാങ്കുകൾ വരുത്തുന്ന വീഴ്ചയാണു കവർച്ച സംഘങ്ങൾക്ക് തുണ. ബനശങ്കരിയിൽ കവർച്ച നടന്ന എടിഎമ്മിൽ സിസിടിവിയും സുരക്ഷ അലാം സംവിധാനവും പ്രവർത്തനരഹിതമായിട്ട് മാസങ്ങളായെങ്കിലും നന്നാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല.

2013ൽ ജെസി റോഡിലെ എടിഎം കൗണ്ടറിൽ പണമെടുക്കാനെത്തിയ ബാങ്ക് ജീവനക്കാരി ജ്യോതി ഉദയിയെ വെട്ടിവീഴ്ത്തിയാണു പണം കവർന്നത്. പ്രതി മധുകർ റെഡ്ഡിയെ 3 വർഷത്തിനു ശേഷമാണു പിടികൂടാനായത്. ഏറെക്കാലത്തെ ചികിൽസയ്ക്കു ശേഷമാണു ജ്യോതിക്കു വീണ്ടും ജോലിയിൽ പ്രവേശിക്കാനായത്. സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്ത 1000 എടിഎം കൗണ്ടറുകൾ അന്നു ദിവസങ്ങളോളം അടച്ചുപൂട്ടിയിരുന്നു.

തുടർന്നു നഗരത്തിലെ എടിഎമ്മുകളിൽ സിസിടിവിയും സുരക്ഷ അലാം സംവിധാനവും നിർബന്ധമാക്കിയെങ്കിലും പല ബാങ്കുകളും സാമ്പത്തിക ബാധ്യതയുടെ പേരിൽ സുരക്ഷ സൗകര്യങ്ങൾ പരിപാലിക്കുന്നതിൽ അലംഭാവം തുടരുന്നു.റിസർവ് ബാങ്കിന്റെ കർശന നിർദേശത്തെ തുടർന്ന് സിസിടിവികൾ സ്ഥാപിച്ചെങ്കിലും പലയിടങ്ങളിലും ഇവ പ്രവർത്തനരഹിതമാണ്. എടിഎം സേവനങ്ങൾക്കായി ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്നു പണം ഈടാക്കാറുണ്ടെങ്കിലും ഇവ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും പരാതികളുണ്ട്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama