go

എച്ച്എഎൽ മേഖലയിൽ കവർച്ചക്കാരുടെ വിളയാട്ടം

mby-kallan
SHARE

ബെംഗളൂരു ∙ എച്ച്എഎൽ മേഖലയിൽ ഉത്തരേന്ത്യയിൽ നിന്നുള്ള കവർച്ചക്കാരുടെ വിളയാട്ടം. കുട്ടികളെ തട്ടിക്കൊണ്ടുപോകാനും ശ്രമം ഉണ്ടായി. പരാതിയുമായി സമീപിച്ചപ്പോൾ പ്രശ്നത്തെ പൊലീസ് നിസ്സാരവൽകരിച്ചെന്ന് ആക്ഷേപമുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച മാറത്തഹള്ളി ഹിന്ദുസ്ഥാൻ ഏവിയേഷൻ കോളജിന് സമീപത്തെ വീടിനു മുന്നിൽ നിന്നു കുട്ടിയെ തട്ടികൊണ്ടുപോകാൻ ഒരു യുവതി ശ്രമിച്ചിരുന്നു. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ നിർത്തിയിട്ടിരുന്ന കാറിനു സമീപത്തേക്കു കൊണ്ടു പോയെങ്കിലും രക്ഷിതാക്കൾ കണ്ടതോടെ പദ്ധതി പാളി.

തുട‍ർന്നു കുട്ടിയെ ഉപേക്ഷിച്ച് ഇവർ കാറിൽ രക്ഷപ്പെട്ടു. എച്ച്എഎൽ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയവരോടു മനോനില തെറ്റിയവരായിരിക്കും സംഭവത്തിനു പിന്നിലെന്നായിരുന്നു അധികൃതരുടെ മറുപടി. യുവതിക്കൊപ്പം രണ്ടോ മൂന്നോ പേർ കൂടി കാറിലുണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു. ഇതിനിടെ മാറത്തഹള്ളി അശ്വഥ്നഗറിൽ ലേഡീസ് പിജിയിൽ അതിക്രമിച്ചു കയറിയ ഉത്തരേന്ത്യൻ സ്വദേശിയെ പിടികൂടി പൊലീസിൽ ഏൽപിച്ചെങ്കിലും കേസെടുക്കാൻ തയാറാകാതെ ഇയാളെയും വിട്ടയച്ചു. കഴിഞ്ഞ 4 മാസത്തിനിടെ പ്രദേശത്തെ വീടുകളിലും അപ്പാർട്മെന്റുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായിട്ടും രാത്രിയിൽ പൊലീസ് പട്രോളിങ് പോലും ഇവിടെ കാര്യക്ഷമമല്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

മുഖം തിരിക്കുന്നോ പൊലീസ് ?

മാലമോഷണവും പിടിച്ചുപറിയും വാഹനമോഷണവും ഉൾപ്പെടെ നഗരത്തിൽ അന്യസംസ്ഥാന കവർച്ച സംഘങ്ങളുടെ വിളയാട്ടമെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. മലയാളി ബാങ്ക് മാനേജറെ എടിഎമ്മിനുള്ളിൽ തലയ്ക്കടിച്ച് മാരകമായി മുറിവേൽപിച്ച കൊള്ളചെയ്തത് ഉൾപ്പെടെ ഭീതി വിതയ്ക്കുന്ന ഒട്ടേറെ സംഭവങ്ങൾക്ക് നഗരം മുൻകാലങ്ങളിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എടിഎം കവർച്ച കേസിലെ പ്രതിയെ വർഷങ്ങൾ കഴിഞ്ഞാണ് പിടികൂടിയത്. അതുവരെ ഇയാൾ മനോനില തെറ്റിയ ആളാണെന്നാണ് പൊലീസ് പ്രചരിപ്പിച്ചിരുന്നത്. ഈ ശൈലി പൊലീസ് ഇപ്പോഴും പിന്തുടരുകയാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama