ചെന്നൈ ∙ ജന്മദിനാഘോഷത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ പൊലീസ് കോൺസ്റ്റബിൾ എംബിബിഎസ് വിദ്യാർഥിയായ കാമുകിയെ സർവീസ് റിവോൾവർ ഉപയോഗിച്ചു വെടിവച്ചു കൊന്നു, പിന്നീട് സ്വയം വെടിയുതിർത്തു ജീവനൊടുക്കി. ചെന്നൈയിൽ സായുധ പൊലീസിലെ കോൺസ്റ്റബിൾ ഈറോഡ് അന്തിയൂർ സ്വദേശി കാർത്തിക് (30), ചെന്നൈയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ സരസ്വതി (23) എന്നിവരാണു മരിച്ചത്. വില്ലുപുരം അന്നിയൂരിലെ സരസ്വതിയുടെ വീട്ടിലാണു സംഭവം. സരസ്വതിയുടെ പിതാവ് സംഭവസമയത്തു വീട്ടിലുണ്ടായിരുന്നു.
നാലു വർഷം മുൻപ് ഫെയ്സ്ബുക് വഴിയാണ് ഇവർ പ്രണയത്തിലായത്. വിവാഹത്തിനു മാതാപിതാക്കളുടെ അനുമതി ലഭിച്ചതിനെ തുടർന്നു രണ്ടുവർഷമായി കാർത്തിക്, സരസ്വതിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. എന്നാൽ, കോളജിലെ ആൺ സുഹൃത്തുക്കളുമായി സരസ്വതി സംസാരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന കാർത്തിക് അതു വിലക്കാൻ ശ്രമിച്ചു. ഇതെച്ചൊല്ലി ഇവർ തമ്മിൽ ഇടയ്ക്കിടെ വഴക്കു പതിവാണ്. എംബിബിഎസ് പ്രവേശനം ലഭിച്ചശേഷം സരസ്വതി തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന ധാരണയും കാർത്തിക്കിനുണ്ടായിരുന്നു. ഇതെച്ചൊല്ലി ഈയിടെയും ഇവർ തമ്മിൽ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ജന്മദിനം ആഘോഷിക്കാൻ തിങ്കളാഴ്ചയാണു സരസ്വതി ഗ്രാമത്തിലെത്തിയത്. ജന്മദിനമായ ചൊവ്വാഴ്ച വൈകിട്ടു കേക്കുൾപ്പെടെയുള്ള സമ്മാനങ്ങളുമായി കാർത്തിക് വീട്ടിലെത്തി. എന്നാൽ, അധികം വൈകാതെ ഇവർ തമ്മിൽ തർക്കം തുടങ്ങി. വീട്ടിലുണ്ടായിരുന്ന സരസ്വതിയുടെ പിതാവ് ഇടപെട്ടിട്ടും ബഹളം ശമിച്ചില്ല. പുലർച്ചെ രണ്ടു മണിയോടെ പുറത്തിറങ്ങിയ കാർത്തിക് ബൈക്കിൽ വച്ചിരുന്ന സർവീസ് റിവോൾവറെടുത്ത് വന്നു സരസ്വതിക്കു നേരെ രണ്ടുതവണ നിറയൊഴിച്ചു. സരസ്വതിയുടെ മരണം ഉറപ്പാക്കിയശേഷം സ്വയം തലയിൽ വെടിയുതിർത്തു.