go

മദ്യപിച്ച് വാഹനാപകടം: മാപ്പു പറ​ഞ്ഞ് നടൻ ശക്തി വാസുദേവൻ

SHARE

ചെന്നൈ∙ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു പൊലീസ് പിടിയിലായ സംഭവത്തിൽ നടൻ ശക്തി വാസുദേവൻ ആരാധകരോടു മാപ്പു ചോദിച്ചു. സംഭവത്തിൽ അതിയായ പ്രയാസമുണ്ടെന്നും, മേലിൽ ഇത്തരം മോശം പ്രവൃത്തികൾ തന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്നും ശക്തി പറഞ്ഞു. സംഭവം തനിക്കു പാഠമായെന്നും ആരും മദ്യപിച്ചു വാഹനമോടിക്കരുതെന്നും ക്ഷമാപണം നടത്തി ഫെയിസ്ബുക്കിലിട്ട വിഡിയോയിൽ ശക്തി അഭ്യർഥിച്ചു. ചൂളൈമേട് ഇളങ്കോവടികൾ സ്ട്രീറ്റിൽ നിർത്തിയിട്ടിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ ശക്തിയുടെ കാർ ഇടിക്കുകയായിരുന്നു. വാഹനം നിർത്താതെ പോകാൻ ശ്രമിച്ച ശക്തിയെ നാട്ടുകാർ പിന്തുടർന്നു പിടികൂടി തടഞ്ഞുവച്ചു.

പൊലീസെത്തി നടത്തിയ പരിശോധനയിൽ ശക്തി മദ്യലഹരിയിലാണെന്നു കണ്ടെത്തി. തുടർന്ന് അണ്ണാനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ച് മോട്ടോർ വാഹന നിയമപ്രകാരം അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു. സ്റ്റേഷനിലെത്തിയ ശേഷം കാറിൽ നിന്ന് ഇറങ്ങാൻ തയാറാകാതിരുന്ന ശക്തിയെ പൊലീസുകാർ അനുനയിപ്പിച്ചു പുറത്തിറക്കുകയായിരുന്നു. അപകട സ്ഥലത്തു നാട്ടുകാരുമായി തർക്കിക്കുന്നതിന്റെയും, പൊലീസ് സ്റ്റേഷനിലെ സംഭവത്തിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണു ശക്തിയുടെ ക്ഷമാപണം. പ്രമുഖ തമിഴ് സംവിധായകൻ പി.വാസുവിന്റെ മകനാണ് ശക്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama