go

തലൈവരും തലയും ഒന്നിച്ചെത്തിയപ്പോൾ സിനിമാധിപൈത്യം

Chennai News
രജനി ആരാധകരുടെ ആവേശം
SHARE

ചെന്നൈ∙ തലൈവർ രജനീകാന്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും ഒരേ ദിവസം റിലീസിനെത്തിയപ്പോൾ തമിഴകത്തിനു വീണ്ടും സിനിമാ പനി.തീയറ്ററുകൾക്കു മുന്നിൽ പൊങ്കൽ ഒരാഴ്ച മുൻപേ വന്ന പ്രതീതി.  ഇന്നലെ പുലർച്ചെയാണു രണ്ടു സിനിമകളും റിലീസായത്.ഇതിനായി ബുനാഴ്ച രാത്രി മുതൽ ആരാധകർ തീയറ്ററുകൾക്കു മുന്നിൽ ആഘോഷം തുടങ്ങിയിരുന്നു.ആവേശം അതിരു കടന്നപ്പോൾ ചിലയിടങ്ങളിൽ സംഘർഷത്തിലേക്കു  വഴിമാറി.

വില്ലുപുരത്ത് തീയറ്ററിനു മുന്നിൽ സ്ഥാപിച്ചിരുന്ന അജിത്തിന്റെ  കൂറ്റൻ ബോർഡ് തകർന്നു വീണു അഞ്ചു ആരാധകർക്കു പരിക്കേറ്റു.വ്യാഴാഴ്ച ഒരു മണി മുതലാണു തീയറ്ററിലേക്കു ആരാധകരെ പ്രവേശിപ്പിച്ചു തുടങ്ങിയത്.ഒരു ദിവസം അഞ്ചു ഷോകളിലധികം നടത്താൻ പാടില്ലെന്നുസർക്കാരിന്റെ കർശന നിർദേശമുണ്ട്.എന്നാൽ, ചില തീയറ്ററുകൾ 7 ഷോ വരെ നടത്തി. ടിക്കറ്റിനു നിശ്ചിത തുകയുടെ പതിന്മടങ്ങിനു കരിഞ്ചന്തയിലും വിൽപന നടത്തി.എന്നാൽ, ടിക്കറ്റിനു ഇടിച്ചു നിന്നതു ആരാധകർ തന്നെയായതിനാൽ ആർക്കും പരാതിയില്ല.

അകത്ത് സിനിമ, പുറത്ത് കല്യാണം

∙ അവിടെ പാലു കാച്ചൽ, ഇവിടെ കല്യാണം എന്നതായിരുന്നു വുഡ്‌ലാൻഡ്സ് തീയറ്ററിലെ സീൻ.കടുത്ത രജനീ ആരാധകനായ അൻപരസനും കാമാച്ചിയുമായുള്ള വിവാഹം തീയറ്ററിനു മുന്നിൽ നടത്തിയണു രജനി ആരാധകർ പേട്ട റിലീസ് ആഘോഷിച്ചത്.ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ കാര്യം അറിഞ്ഞപ്പോൾ രജനി മക്കൾ മൻട്രം പ്രവർത്തകർമുൻകയ്യെടുത്താണു ആഘോഷ വിവാഹത്തിനു തീരുമാനിച്ചത്.ഉഗ്രനൊരു വിവാഹ സമ്മാനവും വധൂ വരന്മാർക്കു ലഭിച്ചു- തലൈവറുടെ പടം ആദ്യ ദിവസംകാണാനുള്ള ടിക്കറ്റ്.

തിരക്കഥയിലില്ലാതെ കട്ടൗട്ട് വീണ് പരുക്ക്

Chennai News
പോസ്റ്ററിൽ ആരാധകരുടെ പാലഭിഷേകം

∙ വില്ലുപുരം  തിരുക്കോവിലൂരിൽ അജിതിന്റെ കൂറ്റൻ കട്ടൗട്ടാണു ആരാധകർ ഉയർത്തിയിരുന്നത്.പാലഭിഷേകം തുടങ്ങിയതോടെ പക്ഷേ, തിരക്കഥയില്ലാത്തതു സംഭവിച്ചു. കട്ടൗട്ട് സ്ലോ മോഷനിൽ മറിഞ്ഞു  വീണു. അഞ്ചു ആരാധകർക്കു പരിക്ക്. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.

സീറ്റിനായി സൂപ്പർ സംഘട്ടനം

∙ സിനിമയിൽ മാത്രമല്ല, വെല്ലൂരിലെ തീയറ്ററിലും പൊരിഞ്ഞ  അടി നടന്നു. ആദ്യ ഷോയിലെ സീറ്റിന്റെ പേരിൽ അജിത് ആരാധകർ തമ്മിലാണു ഏറ്റുമുട്ടിയത്. പ്രശാന്ത്, രമേശ് എന്നിവർക്കു തർക്കത്തിനിടെ  കുത്തേറ്റു. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തീയറ്ററിനകത്ത് ഒരേ സീറ്റിനുരണ്ടു പേർ അവകാശവാദം ഉന്നയിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം.

ആരോഗ്യത്തിനു ഹാനികരം

Chennai News
തലൈവർ സാക്ഷി: രജനീകാന്തിന്റെ ‘പേട്ട’ സിനിമ റിലീസ് ചെയ്ത ഇന്നലെ, താരത്തിന്റെ കടുത്ത ആരാധകരായ അൻപരസനും കാമാച്ചിയും സിനിമ പ്രദർശിപ്പിക്കുന്ന ചെന്നൈയിലെ വുഡ്‌ലാൻഡ്സ് തിയറ്ററിൽ വിവാഹിതരായപ്പോൾ. തിയറ്ററിനോടു ചേർന്നു പ്രത്യേക വേദിയൊരുക്കി എല്ലാ ആചാരങ്ങളോടും കൂടിയാണു കുടുംബാംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത വിവാഹച്ചടങ്ങുകൾ നടത്തിയത്. തുടർന്നു ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. ചിത്രങ്ങൾ: എപി

∙ ഗുഡിയാതം രജനി മക്കൾ മൻട്രം പ്രവർത്തകൻ ശരവണൻ ആദ്യ ഷോ കാണാനാണു തീയറ്ററിലെത്തിയത്. സിനിമ കണ്ടില്ലെന്നു മാത്രമല്ല, ആശുപത്രിലാകുകയും ചെയ്തു. ആരാധകർ  പൊട്ടിച്ച പടക്കം ദേഹത്തു തെറിച്ചു പൊള്ളലേറ്റ ശരവണൻ ഇനിയും ആശുപത്രി വിട്ടില്ല.

തലയോ തലൈവരോ

∙ കോയമ്പേടിലെ തീയറ്റിനു മുന്നിൽ അജിത്-രജനി  ആരാധകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. തിയറ്ററിൽ ഇന്നലെ വിശ്വാസത്തിനു സ്പെഷൽ ഷോ അനുവദിക്കാത്തതാണു ആരാധകരെ ചൊടിപ്പിച്ചത്.ഇവിടെ ഇന്നലെ മുഴുവൻ പേട്ട മാത്രമാണു കളിച്ചത്. വിശ്വാസം വേണമെന്നു അജിത് ആരാധകരും പേട്ട മാറ്റാനാവില്ലെന്നു രജനി ആരാധകരും ബഹളംവച്ചു. പൊലീസെത്തിയതിനാൽ സീൻ സംഘട്ടനത്തിലേക്കു നീങ്ങിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama