go

മറീനയിലെ അനധികൃത കച്ചവടത്തിന് പൂട്ട്

Chennai News
മറീന കടപ്പുറത്തെ കടകൾ. ചിത്രം മനോരമ
SHARE

ചെന്നൈ∙ മറീനാ ബീച്ചിലെ 2,000ൽ അധികം ചെറുകിട കച്ചവടകേന്ദ്രങ്ങൾക്കു പൂട്ടുവീഴും. ബീച്ചിൽ നിലവിലുള്ള കടകൾ ഒഴിപ്പിക്കണമെന്നും,  എണ്ണം നിയന്ത്രിച്ചു ലൈസൻസ് നൽകി മാത്രം പുതിയവ അനുവദിക്കണമെന്നും മദ്രാസ് ഹൈക്കോടതി. ഇതു സംബന്ധിച്ച പദ്ധതി റിപ്പോർട്ടിന്റെ കരട് ഫെബ്രുവരി  ഒന്നിനു മുൻപു സമർപ്പിക്കണമെന്നു കോടതി കോർപറേഷനു നിർദേശം നൽകി. 

എന്നാൽ, എത്ര കടകൾക്ക് അനുമതി നൽകാമെന്ന കാര്യത്തിൽ വ്യക്തതയില്ല. സർക്കാരിന്റെ മറുപടി ലഭിച്ചതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണു കരുതുന്നത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മറീനയിലെ ചെറുകിട ഭക്ഷണശാല ഉടമകളുടെ സംഘടനകൾ അറിയിച്ചു.

ആഴക്കടലിൽ മീൻപിടിക്കുന്നതിന് കേന്ദ്രാനുമതി വേണമെന്ന പുതിയ നിർദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതേ ഹർജിയിൽ മറീനയിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും പുതിയ പദ്ധതികളുടെ വിവരങ്ങൾ നൽകണമെന്നും കോടതി കോർപറേഷനു നിർദേശം നൽകിയിരുന്നു. 

ഇതു സംബന്ധിച്ചു കോർപറേഷൻ കമ്മിഷണർ ഡി.കാർത്തികേയൻ നൽകിയ റിപ്പോർട്ട് പരിശോധിക്കുന്നതിനിടെയാണു കച്ചവട കേന്ദ്രങ്ങൾ സംബന്ധിച്ച പുതിയ നിർദേശം നൽകിയത്. 

മറീനയിൽ തീരസംരക്ഷണ നിയമത്തിന് അനുസൃതമായി 40 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നു കോർപറേഷൻ കമ്മിഷണർ  അറിയിച്ചു. ഭക്ഷണശാലകൾ, സൈക്കിൾ ട്രാക്ക്, സൈക്കിൾ പാർക്കിങ്, വഴിവിളക്കുകൾ, പുതിയ ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിക്കും. റിപ്പോർട്ട് പരിശോധിച്ച കോടതി കടലിലെ ജീവജാലങ്ങൾക്കു ഭീഷണി ഉയർത്താത്ത രീതിയിലാണോ നിർമാണമെന്നും, മറീനയിലെ മൽസ്യക്കച്ചവട കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കണമെന്ന നിർദേശത്തിൻമേൽ എന്തൊക്കെ ചെയ്തുവെന്നും ആരാഞ്ഞു. 

കച്ചവടക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും മൂന്നു മാസത്തിനുള്ളിൽ മീൻകടകൾ മാറ്റുന്ന നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്നും കോർപറേഷൻ അറിയിച്ചു. 

തുടർന്നു നിലവിലെ മറ്റു കച്ചവട കേന്ദ്രങ്ങളും ഒഴിപ്പിക്കണമെന്നും, എണ്ണം നിയന്ത്രിച്ചു ലൈസൻസ് നൽകി പുതിയ കടകൾ സ്ഥാപിക്കുന്നതിനു നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് ഫെബ്രുവരി ഒന്നിനു മുൻപു സമർപ്പിക്കണം. ഹർജി വീണ്ടും ഫെബ്രുവരി 5ന് പരിഗണിക്കും. 

കോടതി നിർദേശത്തെ തുടർന്ന് മറീനയിലെ 2,200ൽ അധികം കടകൾ ഈയിടെ രണ്ടു വരികളിലായി റോഡിനു സമീപത്തേക്ക്  മാറ്റി സ്ഥാപിച്ചിരുന്നു. 

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന കടകൾക്കു ലൈസൻസ് നൽകുന്നതിനുള്ള നടപടികളും കച്ചവടക്കാരുമായുള്ള ചർച്ചകൾക്കു ശേഷം കോർപറേഷൻ തുടങ്ങിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama