go

മോദിയുടെ മനസ്സിൽ മഴവിൽ സഖ്യം?

Narendra Modi
SHARE

ചെന്നൈ∙ തിരഞ്ഞെടുപ്പിനു മുൻപ് കഴിയാവുന്ന പാർട്ടികളെയെല്ലാം ഉൾപ്പെടുത്തി ശക്തമായ സഖ്യം രൂപീകരിക്കുക, ശേഷം ഡിഎംകെയുമായി ആവശ്യമെങ്കിൽ  സഹകരിക്കാനുള്ള ഇടം സൂക്ഷിക്കുക- വാജ്‌പേയിയെ സ്മരിച്ചും പ്രാദേശിക താൽപര്യങ്ങൾ ഊന്നിപ്പറഞ്ഞും സഖ്യവാതിലുകൾ തുറന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ രണ്ടു ലക്ഷ്യങ്ങൾ. പ്രധാനമന്ത്രിയിൽ നിന്നു വ്യക്തമായ സിഗ്നൽ ലഭിച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വം  വരുംദിവസങ്ങളിൽ സജീവമായ സഖ്യ ചർച്ചകളിലേക്കു കടക്കും. തമിഴ്നാട്ടിലെ സഖ്യ സാധ്യതയെക്കുറിച്ചു പറഞ്ഞപ്പോൾ മോദി വാജ്‌പേയിയുമായി സ്വയം താരതമ്യപ്പെടുത്തിയതിനു പ്രസക്തിയേറെയാണെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

സംസ്ഥാനത്തെ രണ്ടു പ്രമുഖ ദ്രാവിഡ പാർട്ടികളുമായും വിജയകരമായ സഖ്യം രൂപീകരിക്കുന്നതിൽ വാജ്‌പേയി വിജയിച്ചിരുന്നു. 1998-ൽ അണ്ണാഡിഎംകെ, പിഎംകെ, എംഡിഎംകെ, ജനതാ പാർട്ടി,  ബിജെപി   പാർട്ടികളുടെ മഴവിൽ സഖ്യം നേടിയതു  30  സീറ്റുകളാണ്. ബിജെപിക്കു മൂന്നു സീറ്റ്.തൊട്ടടുത്ത വർഷം അണ്ണാഡിഎംകെയ്ക്കു പകരം ബദ്ധവൈരികളായ ഡിഎംകെയായിരുന്നു ബിജെപി പാളയത്തിൽ. പിഎംകെ, എംഡിഎംകെ, തിരുനാവുക്കരശിന്റെ  എംഎഡിഎംകെ, ടിആർസി പാർട്ടികളായിരുന്നു സഖ്യത്തിൽ. സഖ്യം 26 സീറ്റ് നേടിയപ്പോൾ ബിജെപി നാലിടത്തു ജയിച്ചു.

2009-ൽ കൂട്ടില്ലാതെ ഒറ്റയ്ക്കായപ്പോൾ മൂന്നു ശതമാനത്തിൽ കുറഞ്ഞ  വോട്ടാണു  പാർട്ടിക്കു ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രമുഖ ദ്രാവിഡ പാർട്ടികൾ ഉൾപ്പെടുന്ന സഖ്യത്തിന്റെ ഭാഗമായില്ലെങ്കിലും പിഎംകെ, ഡിഎംഡികെ, ഇന്ത്യൻ  ജനനായക കക്ഷി, കെഎംഡികെ, പുതിയ നീതി കക്ഷി എന്നിവ ഉൾപ്പെടുത്തി വിശാല സഖ്യം രൂപീകരിച്ചു. ജയലളിത 37 സീറ്റ് തൂത്തുവാരിയപ്പോൾ രണ്ടു സീറ്റ് ബിജെപി സഖ്യത്തിനു നേടാനായി. അടുത്ത തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും നിർണായകമാണ്. അതിനാൽ, 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ കരുത്തുറ്റ സഖ്യം തന്നെയാണു ബിജെപിയുടെ മനസ്സിൽ. അണ്ണാഡിഎംകെയ്ക്കു മുന്നിൽ മറ്റു വഴികളില്ലാത്തതിൽ അവർ സ്വാഭാവിക സഖ്യ കക്ഷിയാണ്. ഒന്നിലധികം തവണ ബിജെപി മുന്നണിയുടെ ഭാഗമായിരുന്ന പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, ചില പോക്കറ്റുകളിൽ മാത്രം  സ്വാധീനമുള്ള ചെറുകക്ഷികൾ തുടങ്ങി പരമാവധി കക്ഷികളെ സ്വന്തം പാളയത്തിലെത്തിക്കാനാണു ബിജെപി ശ്രമം.

സൂപ്പർതാരം രജനീകാന്തിൽ നിർണായക ഘടകകക്ഷിയെ ബിജെപി കാണുന്നുണ്ട്. എന്നാൽ, താരത്തിന്റെ  രാഷ്ട്രീയ  നീക്കങ്ങളെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ മാത്രം കേന്ദ്രീകരിച്ച് തന്ത്രം  മെനയാനില്ല. nപഴയ സുഹൃത്തുക്കൾക്കെല്ലാം മോദി വാതിൽ തുറന്നിടുമ്പോൾ ഡിഎംകെയ്ക്കുള്ള ക്ഷണമായും  അതിനു വ്യാഖ്യാനമുണ്ട്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നാമനിർദേശം  ചെയ്ത ഡിഎംകെ തിരഞ്ഞെടുപ്പിനു മുൻപ് മറുകണ്ടം ചാടുമെന്ന പ്രതീക്ഷ മോദിക്കുമില്ല. എന്നാൽ, തിരഞ്ഞെടുപ്പിനു ശേഷം അത്തരമൊരു സാഹചര്യം രൂപപ്പെട്ടാൽ വാതിൽ തുറന്നുതന്നെ കിടക്കുന്നുവെന്ന ഓർമപ്പെടുത്തൽ കൂടിയാണു മോദി നടത്തിയത്. 

വാജ്പേയിയല്ല മോദി: സ്റ്റാലിൻ

∙ ബിജെപിയുമായി സഖ്യത്തിനു വിദൂര സാധ്യത പോലുമില്ലെന്നും മോദി വാജ്‌പേയിയല്ലെന്നും ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ. മതനിരപേക്ഷത, സമത്വം, സഖ്യ മര്യാദ, ഫെഡറൽ അവകാശങ്ങൾ തുടങ്ങിയ മൂല്യങ്ങളെയൊന്നും ബഹുമാനിക്കാത്ത നേതാവാണു മോദി. പ്രാദേശിക കക്ഷികൾക്കു അർഹമായ ബഹുമാനം നൽകിയ രാഷ്ട്രീയ നേതാവായിരുന്നു വാജ്‌പേയി. അദ്ദേഹത്തിനു കീഴിൽ സുസ്ഥിര സർക്കാരെന്ന ആവശ്യം മുൻനിർത്തിയാണ് അന്നു  ഡിഎംകെ ബിജെപിയെ പിന്തുണച്ചത്. രാഷ്ട്രീയത്തിലും ഭരണത്തിലും തമിഴ്നാടിന്റെ താൽപര്യങ്ങളെ  അവഗണിച്ച മോദി, വാജ്‌പേയിയുമായി സ്വയം താരതമ്യപ്പെടുത്തുന്നത് അത്ഭുതപ്പെടുത്തുന്നു. വാജ്പേയി തെറ്റായ  പാർട്ടിയിൽ ചെന്നുപെട്ട നല്ല മനുഷ്യനായിരുന്നുവെന്നു കരുണാനിധി അഭിപ്രായപ്പെട്ടിരുന്നുവെന്നു  സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

സ്റ്റാലിനെ ക്ഷണിച്ചില്ല: തമിഴിസൈ

∙ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ എം..കെ.സ്റ്റാലിനെ  ആരും ക്ഷണിച്ചിട്ടില്ലെന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ. രാഹുൽ ഗാന്ധിയെ  പ്രധാനമന്ത്രി സ്ഥാനാർഥിയായി ഏറ്റി നടക്കുന്ന  സ്റ്റാലിൻ എന്തിനാണു ബിജെപിയെക്കുറിച്ച് വേവലാതിപ്പെടുന്നതെന്നുതമിഴിസൈ ചോദിച്ചു.

സംസ്ഥാന താൽപര്യം മുഖ്യം: എടപ്പാടി

∙  തമിഴ്നാടിനു നല്ലതു ചെയ്യുന്നവരെ കേന്ദ്രത്തിൽ സഹായിക്കുകയെന്നതാണു അണ്ണാഡിഎംകെയുടെ നയമെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുമ്പോൾ സംസ്ഥാനത്തിന്റെ താൽപര്യം മാത്രമായിരിക്കും പാർട്ടി  പരിഗണിക്കുകയെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama