go

പ്ലാസ്റ്റിക്കിന് ബദൽ മാർഗങ്ങൾ അകലെ

Plastic-irradication
SHARE

ചെന്നൈ∙ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു 11ദിവസം പിന്നിട്ടിട്ടും ബദൽ മാർഗങ്ങൾ കാര്യമായി വിപണിയിൽ എത്തുന്നില്ലെന്നു പരാതി. ബദലുകളുടെ പട്ടിക പുറത്തിറക്കുകയല്ലാതെ കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാക്കാൻ സർക്കാർ അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയൊന്നുമില്ലെന്നു വ്യാപാരികൾ പരാതിപ്പെടുന്നു. കച്ചവടത്തെ ബാധിക്കാതിരിക്കാൻ സ്വന്തം നിലയ്ക്ക് ബദലുകൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു വ്യാപാരികൾ.
        
ബദലുകൾക്ക് ചെലവ് അധികം

∙ വാഴയിലയാണ് ഇപ്പോൾ വിപണിയിലെ താരം. പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്ന ദിവസങ്ങളിൽ ഇവയുടെ വില ഇല ഒന്നിന് 15 രൂപ വരെ ഉയർന്നതായി ഹോട്ടൽ ഉടമകൾ പറഞ്ഞു. പരാതികൾ വ്യാപകമാവുകയും അലുമിനിയം ഷീറ്റ് ഉൾപ്പെടെയുള്ള മറ്റു ബദലുകളിലേക്കു വ്യാപാരികൾ തിരിയുകയും ചെയ്തതോടെ വില സാധാരണ നിലയിലായി. വലിയ വാഴയില ഒന്നിന് 3മുതൽ 4 വരെ രൂപയാണ് ഇപ്പോൾ വില. താമര ഇലയ്ക്കും ആവശ്യക്കാർ ഏറെയാണ്. കിലോയ്ക്ക് 100 മുതൽ 120 വരെ രൂപയാണ് വില.
പ്ലാസ്റ്റിക് കുറവെന്ന് അവകാശപ്പെടുന്ന നേർത്ത  സഞ്ചികൾ വിപണിയിലുണ്ട് എന്നാൽ പെട്ടെന്നു പൊട്ടിപ്പോകുന്നതിനാൽ ഭക്ഷണശാലകൾ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. ഇവയ്ക്ക് കിലോ 450 രൂപ വില വരുന്നതിനാൽ ഭക്ഷണത്തിനു വില ഉയർത്തേണ്ടിവരുമെന്നു വ്യാപാരികൾ പറയുന്നു. ഇവയ്ക്ക് അനുമതിയുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. അലുമിനിയം ഫോയിലുകളും, ഷീറ്റുകളും ഉപയോഗത്തിലുണ്ടെങ്കിലും വില കൂടുതലാണ്. ചെറു അലുമിനിയം കവറുകളിലാണ് മിക്ക കടകളും പാഴ്സൽ നൽകുന്നത്. തുണി സഞ്ചികൾ വ്യാപകമായെങ്കിലും 20 മുതൽ 50 വരെ രൂപയാണു വില. ഷോപ്പിങ് മാളുകൾ തുണി, പേപ്പർ സഞ്ചികളിലേക്കു മാറി. ബാഗുകൾക്കു പ്രത്യേകം വില ഈടാക്കുന്ന നേരത്തേയുള്ള രീതി തന്നെയാണ് മാളുകൾ പിന്തുടരുന്നത്. പക്ഷേ 10 മുതൽ 25 രൂപ വരെ അധികം നൽകണം.

∙ ഏറെ ആവശ്യക്കാരുണ്ടായിരുന്ന 2 രൂപയുടെ പായ്ക്കറ്റ് വെള്ളത്തിന്റെ വിൽപന പൂർണമായും നിന്നു. പല ജൂസ് കടകളും ഇപ്പോൾ സ്ട്രോ നൽകാറില്ല. പേപ്പർ സ്ട്രോയുടെ ലഭ്യതക്കുറവിനെ തുടർന്നാണിത്. നിരോധനം മൂലം പാഴ്സൽ വിൽപന കുത്തനെ ഇടിഞ്ഞതായി ജൂസ് കച്ചവടക്കാർ പറയുന്നു. പേപ്പർ ഗ്ലാസുകൾ പ്രായോഗികമല്ല. ഭൂരിഭാഗം പേപ്പർ ഗ്ലാസുകളിലും പ്ലാസ്റ്റിക് ആവരണമുണ്ട്. ടാസ്മാക് കടകളിൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്കു പകരം വില കുറഞ്ഞ സ്റ്റീൽ, അലുമിനിയം ഗ്ലാസുകൾ എത്തിത്തുടങ്ങി. നഗരത്തിലെ മൾട്ടിപ്ലക്സുകളും മാറ്റത്തെ സ്വീകരിച്ചു തുടങ്ങി. കട്ടി കൂടിയ പേപ്പർ ഗ്ലാസുകളും, സ്ട്രോകളും ഉപയോഗിച്ചു തുടങ്ങിയതായി തിയറ്റർ ഉടമകൾ പറഞ്ഞു.

∙ നിരോധനത്തിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യവും ശക്തമാണ്. പലയിടത്തും അനുമതിയുള്ള പ്ലാസ്റ്റിക് ബാഗ് എന്ന പേരിൽ പഴയ ബാഗുകൾ വിൽക്കുന്നതായി പരാതിയുണ്ട്. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർക്കു പോലും നിരോധിത ഉൽപന്നങ്ങളെക്കുറിച്ചു കാര്യമായ ധാരണയില്ലെന്നു കച്ചവടക്കാർ പറയുന്നു.

∙ പ്ലാസ്റ്റിക് നിർമാതാക്കൾക്ക് മറ്റു വ്യാപാരങ്ങൾ തുടങ്ങാൻ വായ്പ അനുവദിക്കുന്നതു പരിഗണിക്കണമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമി ബാങ്കുകളോട് അഭ്യർഥിച്ചു. പ്ലാസ്റ്റിക്കിനുള്ള ബദൽ ഉൽപന്നങ്ങൾ നിർമിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കു ധനസഹായം എത്തിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. സ്ത്രീകൾ തുടങ്ങുന്ന ഇത്തരം യൂണിറ്റുകൾക്കുള്ള വായ്പാ നടപടികൾ ഉദാരമാക്കുന്നതിനുള്ള നടപടികളും സർക്കാർ കൈക്കൊള്ളുമെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama