go

നഗരം പൊങ്കൽ തിരക്കിൽ

മലയാള വിദ്യാലയത്തിൽ നടന്ന പൊങ്കൽ ആഘോഷം.
മലയാള വിദ്യാലയത്തിൽ നടന്ന പൊങ്കൽ ആഘോഷം.
SHARE

ചെന്നൈ∙ നഗരത്തിൽ പൊങ്കൽ തിരക്ക് തുടങ്ങി. 14നും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് പുറപ്പെടുന്നവരുടെ തിരക്കാണു ബസ് ടെർമിനലുകളിലും റെയിൽവേ സ്റ്റേഷനുകളിലും. ഇന്നലെ വൈകിട്ടത്തെ നില അനുസരിച്ച് 1,26000 പേർ ടിഎൻഎസ്ടിസി ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ഇനത്തിൽ ഇതുവരെ ട്രാൻസ്പോർട്ട് കോർപറേഷന് 6 കോടി രൂപയിലധികം വരുമാനം ലഭിച്ചു. സ്വകാര്യ ബസുകളും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

സ്പെഷൽ ബസുകൾ പുറപ്പെടുന്ന കോയമ്പേട്, കെകെ നഗർ, പൂനമല്ലി, മാധവാരം, താംബരം ടെർമിനലുകളിലേക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 പ്രത്യേക ഫീഡർ ബസുകൾ സർവീസ് നടത്തുമെന്ന് ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു. ടോൾ പ്ലാസകളിൽ തിരക്ക് ഒഴിവാക്കാൻ വലിയ വാഹനങ്ങൾക്ക് പ്രത്യേക വരി ഏർപ്പെടുത്തും.

സുവിധ സ്പെഷലുകൾ

∙ പൊങ്കൽ പ്രമാണിച്ച് താംബരത്തിനും തിരുനെൽവേലിക്കും ഇടയിൽ റെയിൽവേ സുവിധ സ്പെഷലുകൾ പ്രഖ്യാപിച്ചു. ട്രെയിൻ (82613) ഇന്ന് രാത്രി 7.15ന് താംബരത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6ന് തിരുനെൽവേലിയിൽ എത്തും. തിരുനെൽവേലി–താംബരം സ്പെഷൽ (82614) 16ന് വൈകിട്ട് 3ന് പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3ന് താംബരത്ത് എത്തും. സ്റ്റോപ്പുകൾ: ചെങ്കൽപെട്ട്, വില്ലുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, വിരുദുനഗർ, സാത്തൂർ, കോവിൽപെട്ടി. പൊങ്കൽ തിരക്കു പരിഗണിച്ച് എഗ്‌മൂർ, സെൻട്രൽ സ്റ്റേഷനുകളിൽ റെയിൽവേ കൂടുതൽ ആർപിഎഫ് ഉദ്യോഗസ്ഥരെ നിയമിച്ചു.

മലയാള വിദ്യാലയം

∙ മലയാള വിദ്യാലയത്തിലെ പൊങ്കൽ ആഘോഷങ്ങൾക്ക് എസ്.ശ്രീകുമാർ, പ്രധാനാധ്യാപികമാരായ എ.വനജ, വി.സതീദേവി തുടങ്ങിയവർ നേതൃത്വം നൽകി. പരമ്പരാഗത തമിഴ് വേഷമണിഞ്ഞ് എത്തിയ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പൊങ്കൽ തയാറാക്കി. തമിഴ്നാടിന്റെ തനത് ആയോധനകലയായ ചിലമ്പം, നാടൻപാട്ട് തുടങ്ങിയവ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama