go

മെട്രോ ആദ്യഘട്ടം പൂർണം ; മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

narendra-modi
SHARE

 ചെന്നൈ ∙ മെട്രോയുടെ ആദ്യഘട്ടം പൂർണമായി പ്രവർത്തന സജ്ജമാക്കി എജിഡിഎംഎസ്- വാഷർമെൻപെട്ട് പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജനങ്ങൾക്കു സമർപ്പിക്കും. തിരുപ്പൂരിൽ നിന്നു വിഡിയോ കോൺഫറൻസ് വഴിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം നിർവഹിക്കുന്നത്. വൈകിട്ട് 3.15നു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, കേന്ദ്രമന്ത്രിമാരായ പൊൻ രാധാകൃഷ്ണൻ, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം , മന്ത്രിമാരായ ഡി.ജയകുമാർ, എം.സി.സമ്പത്ത്, സ്പീക്കർ പി.ധനപാൽ എന്നിവർ പങ്കെടുക്കും.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനിൽ നിന്നു കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പെടെയുള്ള പ്രമുഖർ പുതിയ പാതയിൽ യാത്ര ചെയ്യും. ഏകദേശം ഇരുപതിനായിരം കോടി ചെലവിട്ട മെട്രോയുടെ ആദ്യഘട്ടം ഇതോടെ പൂർണമാകും. ആകെ 45 കിലോമീറ്ററിലായി 32 മെട്രോ സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിലുള്ളത്. പുതിയ പാത തുറക്കുന്നതോടെ നഗരത്തിന്റെ വടക്കു ഭാഗത്തേക്കു മെട്രോ എത്തുകയാണ്. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന വടക്കൻ ചെന്നൈയുടെ ഗതാഗത രംഗത്തു ഇതോടെ വൻ കുതിച്ചുചാട്ടമുണ്ടാകും എന്നാണു പ്രതീക്ഷ.

വടക്കൻ ചെന്നൈയിലെ വാഷർമെൻപെട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നു ഇതോടെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും നേരിട്ടു മെട്രോ യാത്ര ചെയ്യാം. മെട്രോയുടെ രണ്ടാംഘട്ടത്തിനു കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ തുക നീക്കിവച്ചിട്ടുണ്ട്. ഇതു കൂടി പൂർത്തിയാകുന്നതോടെ വടക്കൻ ചെന്നൈയിലെ കൂടുതൽ പ്രദേശങ്ങൾ മെട്രോ പരിധിയിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama