go

വാഷർമാൻപെട്ട് – എജിഡിഎംഎസ് മെട്രോ പാത തുറന്നു

വാഷർമാൻപെട്ട്–എജിഡിഎംഎസ് മെട്രോ പാതയുടെ ഫ്ലാഗ് ഓഫ് തിരുപ്പൂർ പെരുമാനല്ലൂരിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു.ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവർ സമീപം.
SHARE

ചെന്നൈ∙ നിർമാണം പൂർത്തിയായ വാഷർമാൻപെട്ട്–എജിഡിഎംഎസ് മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തിരുപ്പൂരിൽ സർക്കാർ പരിപാടിയിൽ പങ്കെടുത്ത മോദി വിഡിയോ കോൺഫറൻസിങിലൂടെ പാതയിലെ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ഗവർണർ ബൻവാരിലാൽ പുരോഹിത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.

ചെന്നൈയിൽ സെൻട്രൽ മെട്രോ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്രസഹമന്ത്രി ഹർദീപ് സിങ് പുരി, മന്ത്രിമാരായ ഡി.ജയകുമാർ, വി.സരോജ, എം.സി.സമ്പത്ത്, ജപ്പാൻ കോൺസുലേറ്റ് ജനറൽ കൊജിറോ ഉചിയാമ, ജൈക്ക പ്രതിനിധി കട്സുവോ മട്സുമോട്ടോ, എംപിമാരായ എസ്.ആർ.വിജയകുമാർ, ടി.ജി.വെങ്കടേഷ് ബാബു, ജെ.ജയവർധൻ, അഡീഷനൽ ചീഫ് സെക്രട്ടറി ടി.വി.സോമനാഥൻ, സിഎംആർഎൽ ഓപ്പറേഷനൽ ഡയറക്ടർ എൽ.നരസിം പ്രസാദ്, ഫിനാൻഷ്യൽ ഡയറക്ടർ സുജാത ജയരാജ്, പ്രോജക്ട് ഡയറക്ടർ രാജീവ് നാരായൻ ദ്വിവേദി. സിഎംആർഎൽ എംഡി പങ്കജ് കുമാർ ബൻസാൽ, ഉന്നത മെട്രോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് വൈകിട്ട് സൗജന്യയാത്ര

∙ ഉദ്ഘാടനത്തിനു പിന്നാലെ എജിഡിഎംഎസ്–വാഷർമാൻപെട്ട് പാതയിൽ സർവീസുകൾ തുടങ്ങി. പാതയിൽ യാത്രക്കാരെ കയറ്റി 2 ദിവസംകൂടി പരീക്ഷണയോട്ടം നടത്തുമെന്നു സിഎംആർഎൽ അറിയിച്ചു.ഉദ്ഘാടനം പ്രമാണിച്ച് ഇന്ന് ഇരു ഇടനാഴികളിലും വൈകിട്ട് 7മണി മുതൽ 10 മണിവരെ സൗജന്യ യാത്ര അനുവദിക്കും. വാഷർമാൻപെട്ടിൽ നിന്ന് എയർപോർട്ട് വരെയാണു സൗജന്യ യാത്ര.വാഷർമാൻപെട്ട്–എജിഡിഎംസ് പാത തുറന്നതോടെ രണ്ട് ഇടനാഴികളിലായി നിർമിച്ച (വാഷർമാൻപെട്ട്–സെൻട്രൽ–ലിറ്റിൽ മൗണ്ട്–എയർപോർട്ട്:–ഒന്നാം ഇടനാഴി, സെൻട്രൽ–എഗ്‌മൂർ, തിരുമംഗലം,–എയർപോർട്ട്:–രണ്ടാം ഇടനാഴി) പൂർണമായും പ്രവർത്തനം ആരംഭിച്ചു. ഇതോടെ നഗരത്തിലെ മെട്രോ പാതയുടെ ദൈർഘ്യം 45 കിലോമീറ്ററായി.

10 വർഷം നീണ്ട നിർമാണം

∙ പദ്ധതി പ്രഖ്യാപനം മുതൽ ഒട്ടേറെ കടമ്പകൾ കടന്നാണു സിഎംആർഎൽ മെട്രോ നിർമാണം പൂർത്തിയാക്കിയത്. 2009ൽ ആണ് നിർമാണം തുടങ്ങിയത്. പലപ്പോഴായി വിവിധ കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു.സ്ഥലം ഏറ്റെടുപ്പു സംബന്ധിച്ച പ്രശ്നങ്ങളെ തുടർന്നു പലയിടത്തും നിർമാണം തടസ്സപ്പെട്ടു. എജിഡിഎംഎസ്–വാഷർമാൻപെട്ട് പാതയുടെ നിർമാണ സമയത്ത് നഗരത്തിലെ പ്രധാന റോഡായ അണ്ണാശാലയിൽ പലയിടത്തും റോഡിൽ വിള്ളലുകളുണ്ടായിരുന്നു.

 ഇതേ പാതയുടെ കരാർ ഏറ്റെടുത്ത റഷ്യൻ കമ്പനി ഭിന്നാഭിപ്രായങ്ങളെ തുടർന്നു പിൻമാറിയത് 2 വർഷത്തോളം നിർമാണം വൈകിപ്പിച്ചു. നിർമാണത്തെ തുടർന്നു നഗരത്തിൽ പലയിടത്തും ട്രാഫിക് പരിഷ്കരണവും ഏർപ്പെടുത്തി.ഒട്ടേറെ വെല്ലുവിളികൾ നേരിട്ടെങ്കിലും നിർമാണം വിജയകരമായി പൂർത്തിയാക്കിയെന്നും നഗരത്തിലെ പ്രധാന യാത്ര മാർഗമായി മെട്രോ മാറുമെന്ന് സിഎംആർഎൽ അധികൃതർ പറഞ്ഞു.

ഒന്നാംഘട്ട മെട്രോ

∙ ആകെ ചെലവ്: 19,058 കോടി രൂപ.
∙ 2 ഇടനാഴികളും ചേർന്നുള്ള ദൈർഘ്യം: 45 കിലോമീറ്റർ.
∙ സ്റ്റേഷനുകൾ: 32
∙ ഭൂഗർഭ സ്റ്റേഷനുകൾ: 19
∙ എലവേറ്റഡ് സ്റ്റേഷനുകൾ: 13
∙ സെൻട്രൽ മെട്രോ–എയർപോർട്ട്: 21 കി.മീ.

സെൻട്രൽ – എയർപോർട്: ചെലവ് 60 രൂപ മാത്രം

ചെന്നൈ ∙ ഒന്നാം ഘട്ട മെട്രോ പൂർണമായും പ്രവർത്തനം തുടങ്ങിയതോടെ നഗരത്തിലെ യാത്ര ചെലവ് കുറയും. ചെന്നൈ സെൻട്രലിൽ നിന്ന് എയർപോർട്ടിലേക്ക് ഇനി 60 രൂപയ്ക്ക് എത്താം. സ്മാർട് കാർഡുള്ളവർക്ക് 10 ശതമാനം കിഴിവും ലഭിക്കും. അതായത് 54 രൂപയ്ക്ക് എയർപോർട്ടിൽ എത്താം.കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനു സിഎംആർഎൽ യാത്രാ കൂലി കുത്തനെ കുറച്ചിരുന്നു. പുതിയ നിരക്ക് അനുസരിച്ച് നഗര ഹൃദയത്തിലെ മിക്ക സ്റ്റേഷനുകളിലേക്കും 40 രൂപയാണു ചാർജ്. എയർപോർട്ടിൽ നിന്ന് അശോക് നഗർ, ഗിണ്ടി, സെയ്ദാപെട്ട്, തേനാംപെട്ട്, ലിറ്റിൽ മൗണ്ട് എന്നിവിടങ്ങളിലേക്ക് 40 രൂപയ്ക്ക് എത്താം.

സെൻട്രലിൽ നിന്ന് തിരുമംഗലം, അണ്ണാനഗർ, ഷെണോയ് നഗർ എന്നിവിടങ്ങളിലേക്കും 40 രൂപയാണു ചാർജ്. എല്ലാ സ്റ്റേഷനുകളിൽ നിന്നും അടുത്ത 3 സ്റ്റേഷനുകളിലേക്ക് 20 രൂപയ്ക്കും, 4 സ്റ്റേഷനുകളിലേക്ക് 30 രൂപയ്ക്കും എത്താം.എജിഡിഎംഎസ്–വാഷർമാൻപെട്ട് പാത തുറന്നതോടെ സെൻട്രലിൽ നിന്ന് എയർപോർട്ടിലേക്കുള്ള ദൂരം 18.4 കിലോമീറ്ററായി കുറഞ്ഞു. സെൻട്രലിൽ നിന്നു 35 മിനിറ്റിൽ എയർപോർട്ടിലെത്താമെന്നതാണു മെച്ചം. യാത്രക്കാരുടെ സൗകര്യാർഥം എല്ലാ സ്റ്റേഷനുകളിലും കൂടുതൽ ഫീഡർ സർവീസുകൾ ഏർപ്പെടുത്തുമെന്നും സിഎംആർഎൽ അറിയിച്ചു. പൂർണമായും പ്രവർത്തനം തുടങ്ങിയതോടെ നഗരത്തിലെ ശരാശരി മെട്രോ യാത്രക്കാരുടെ എണ്ണം 60,000ൽ നിന്നു രണ്ടര ലക്ഷം മുതൽ 3 ലക്ഷം വരെയാകുമെന്നാണു മെട്രോ അധികൃതരുടെ കണക്കുകൂട്ടൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama