go

ഉപതിരഞ്ഞെടുപ്പുകൾ നടത്തിയില്ലെങ്കിൽ പ്രക്ഷോഭം: സ്റ്റാലിൻ

PTI8_28_2018_000185B
SHARE

ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഴിവുള്ള 21 നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ലെങ്കിൽ സംസ്ഥാനത്തുടനീളം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ.ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുമായി സഖ്യമുണ്ടാക്കിയില്ലെങ്കിൽ സർക്കാരിനെ താഴെയിറക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപിയുമായി സഖ്യചർച്ചകൾ നടക്കുന്നതെന്നു സ്റ്റാലിൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പു സഖ്യം മുന്നിൽ കണ്ടാണു സംസ്ഥാനത്തുടനീളം പലപ്പോഴായി കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയതെന്നും സ്റ്റാലിൻ ആരോപിച്ചു.  

‘ബിജെപിയുടെ ഭീഷണിയെ തുടർന്നാണ് അവരുമായി സഖ്യത്തിന് അണ്ണാഡിഎംകെ തയാറായത്.  ബിജെപി സഖ്യം പാർട്ടിക്കു തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തൽ അണ്ണാഡിഎംകെ നേതാക്കൾക്കിടയിൽ ഉണ്ട്. എന്നാൽ സഖ്യമുണ്ടാക്കിയില്ലെങ്കിൽ സർക്കാരിനെ താഴെയിറക്കുമെന്ന കേന്ദ്രത്തിന്റെ ഭീഷണിയെ തുടർന്നാണ് ഇപ്പോൾ അണ്ണാഡിഎംകെ ബിജെപിയുമായി സഖ്യത്തിനു ശ്രമിക്കുന്നത്.’–സ്റ്റാലിൻ പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തി സഖ്യമുണ്ടാക്കുക സാധ്യമല്ലെന്നും, രാഷ്ട്രീയത്തെക്കുറിച്ചു ധാരണയില്ലാത്തവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ബിജെപിയുടെ മുതിർന്ന നേതാവ്   എൽ.ഗണേശൻ പറഞ്ഞു.

ഡിഎംകെ   മുന്നണിയിൽ അതൃപ്തി

ചെന്നൈ∙ സൗഹൃദ  കക്ഷികൾ ചിലതു പുറത്തുപോകുകയും മറ്റു ചിലത് സഖ്യത്തിലേക്കു കടന്നുവരികയും ചെയ്യുമെന്ന   ദുരൈമുരുഗന്റെ പ്രസ്താവനയ്ക്കെതിരെ ഡിഎംകെ അനൂകൂല കക്ഷികൾക്കു കടുത്ത അതൃപ്തി. സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരശൻ അതൃപ്തി പരസ്യമാക്കിയപ്പോൾ വിസികെ നേതാവ്  തോൾ തിരുമാവളവൻ  ദുരൈമുരുഗന്റേത് ഡിഎംകെയുടെ അഭിപ്രായമായി പരിഗണിക്കുന്നില്ലെന്നു പറഞ്ഞൊഴിഞ്ഞു.സംസ്ഥാനത്ത് ഡിഎംകെ സഖ്യത്തിൽ നിലവിൽ കോൺഗ്രസ്, മുസ്‍ലിം ലീഗ് കക്ഷികൾ മാത്രമാണുള്ളത്. വിസികെ, ഇടതുപാർട്ടികൾ, വൈകോയുടെ എംഡിഎംകെ കക്ഷികൾ സൗഹൃദകക്ഷികളായി സഹകരിക്കുന്നു.

സഖ്യ കക്ഷികളുമായി സീറ്റു വിഭജന ചർച്ചയ്ക്കു  ദുരൈമുരുഗന്റെ നേതൃത്വത്തിൽ ഡിഎംകെ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും ചർച്ച തുടങ്ങിയിട്ടില്ല.വിസികെ, എംഡിഎംകെ പാർട്ടികൾ ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ  ഡിഎംകെ തയ്യാറായേക്കില്ലെന്നു സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്, ചില പാർട്ടികൾ പുറത്തുപോകുമെന്ന ദുരൈമുരുഗന്റെ പ്രസ്താവന. പിഎംകെയുമായി ഡിഎംകെ  രഹസ്യ ചർച്ച നടത്തുന്നതിൽ വിസികെക്കു കടുത്ത അതൃപ്തിയുണ്ട്. പിഎംകെ ശക്തികേന്ദ്രമായ ധർമപുരിയിൽ ദലിത് യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിൽ കടുത്ത ശത്രുതയിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama