go

ഉദ്ഘാടനപ്പിറ്റേന്ന് മെട്രോ മുടങ്ങി

Chennai-Metro
SHARE

ചെന്നൈ∙ ഉദ്ഘാടനത്തിനു പിന്നാലെ മെട്രോ സർവീസിൽ കല്ലുകടി. കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞ വാഷർമാൻപെട്ട്–എജിഡിഎംഎസ്–ലിറ്റിൽ മൗണ്ട്–എയർപോർട്ട് പാതയിലാണു സാങ്കേതിക പ്രശ്നം മൂലം സർവീസുകൾ മണിക്കൂറുകളോളം മുടങ്ങിയത്. രാവിലെ 9ന് തടസപ്പെട്ട സർവീസ് ഉച്ചയ്ക്കു 12.45നു ശേഷമാണു സാധാരണ നിലയിലായത്. ഓവർ ഹെഡ് എക്യുപ്മെന്റ് (ഒഎച്ച്ഇ) സംവിധാനത്തിലുണ്ടായ തകരാർ സിഗ്നലിങ് സംവിധാനം തടസപ്പെടുത്തിയതാണു സർവീസുകളെ ബാധിച്ചതെന്നു സിഎംആർഎൽ വിശദീകരിച്ചു.

ലിറ്റിൽ മൗണ്ട് സ്റ്റേഷനും എയർപോർട്ട് സ്റ്റേഷനും ഇടയിലാണു  പ്രധാനമായും സർവീസുകൾ തടസപ്പെട്ടത്. എയർപോർട്ട് അടക്കം പല സ്റ്റേഷനുകളിലും യാത്രക്കാരെ ഇറക്കിവിട്ടതായും റിപ്പോർട്ടുകളുണ്ട്. പല യാത്രക്കാരും സംഭവം സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.ഉദ്ഘാടന പിറ്റേന്നു തന്നെ സാങ്കേതിക തകരാർ വന്നതു മെട്രോ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നു യാത്രക്കാർ പ്രതികരിച്ചു. സൗജന്യ സർവീസിൽ കയറാനെത്തിയ ഒട്ടേറെ യാത്രക്കാർ വഴിയിൽ കുടുങ്ങി. യാത്രക്കാരെ കയറ്റിയുള്ള പരീക്ഷണയോട്ടം ഒരാഴ്ചത്തേക്കു കൂടി തുടരുമെന്നാണു വിവരം. 

ഫീഡർ സർവീസ് വ്യാപിപ്പിക്കും

∙ ഓഫിസ് യാത്രക്കാരുടെ സൗകര്യാർഥം ഈയിടെ ആരംഭിച്ച ഓഫിസ് റൈഡ് ഫീഡർ സർവീസുകൾ അണ്ണാനഗർ ഈസ്റ്റ്, അണ്ണാനഗർ ടവർ, കോയമ്പേട് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നു സിഎംആർഎൽ. ഒന്നാം ഘട്ട മെട്രോ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ  യാത്രക്കാർ എത്തുന്നതു പരിഗണിച്ചാണു തീരുമാനം. 

നിലവിൽ ആലന്തൂർ മെട്രോ സ്റ്റേഷനിൽ നിന്ന് അസെൻഡാസ്, ഗ്ലോബൽ ഇൻഫോസിറ്റി, ആർഎംസെഡ് മില്ലേനിയ, എൽകോട്, സിപ്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഓഫിസ് റൈഡ് സർവീസുകളുള്ളത്. ഫോഡ് കോർപറേറ്റ് ഷട്ടിൽ ഫീഡർ സർവീസുകളുമായി സഹകരിച്ച് ഏർപ്പെടുത്തിയ സർവീസുകളിൽ എസി, വൈഫൈ, പാനിക് ബട്ടൺ തുടങ്ങിയ സൗകര്യങ്ങളുണ്ട്. സിഎംആർഎൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും ബുക്ക് ചെയ്യാം. ‍ഡി

ജിറ്റലായും, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും മുൻകൂട്ടി പണമടയ്ക്കാം. 12 സീറ്റുകളുള്ള 5 വാഹനങ്ങളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഓഫിസ് സമയങ്ങളായ രാവിലെ 8 മുതൽ 12 വരെയും, വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമാണു സർവീസുകൾ. നിലവിലുള്ള ഫീഡർ സർവീസുകളായ ഷെയർ ഓട്ടോ, ഷെയർ ടാക്സി, ടെമ്പോ ഫീഡർ, സൂം കാർ കോൾ ടാക്സി തുടങ്ങിയ തുടർയാത്രാ സൗകര്യങ്ങൾ പുതുതായി തുറന്ന സ്റ്റേഷനുകളിലും ലഭ്യമാക്കുമെന്നാണു സൂചന. സെൻട്രൽ മുതൽ തേനാംപെട്ട് വരെയുള്ള സ്റ്റേഷനുകളിൽ നിന്ന് അടുത്തുള്ള സർക്കാർ ഓഫിസുകളിലേക്കു പോകുന്ന യാത്രക്കാർക്ക് തുടർയാത്രാ സൗകര്യം ഏർപ്പെടുത്തുമെന്നു സിഎംആർഎൽ നേരത്തേ സൂചിപ്പിച്ചിരുന്നു. 

െട്രയിൻ 18 കോച്ചുകൾ കൂടുതൽ നിർമിക്കും

∙ ഇന്ത്യൻ റെയിൽവേയുടെ വേഗമേറിയ സർവീസായ ട്രെയിൻ 18ന് കൂടുതൽ കോച്ചുകൾ നിർമിക്കാൻ ഐസിഎഫ്. 2020 മാർച്ചിനുള്ളിൽ 10 പുതിയ ട്രെയിൻ 18 കോച്ചുകൾകൂടി നിർമിക്കുമെന്ന് ഐസിഎഫ് അറിയിച്ചു. 2019–2020 വർഷത്തിൽ നിർമിക്കുന്ന 3,200 കോച്ചുകൾക്കൊപ്പമാകും ഇതും നിർമിക്കുക. 2018 ഡിസംബറിൽ ട്രെയിൻ 18ന്റെ പരീക്ഷണയോട്ടത്തിനു ശേഷമാണ് 10 കോച്ചുകൾകൂടി നിർമിക്കാൻ റെയിൽവേ ബോർഡ് ഐസിഎഫിന് ഓഡർ നൽകിയത്. ഐസിഎഫ് ഫാക്ടറി വിപുലീകരണം പൂർത്തിയാകുന്നതിനു പിന്നാലെ മാസത്തിൽ ഒരു ട്രെയിൻ 18 കോച്ചു വീതം പുറത്തിറക്കുമെന്നും ഐസിഎഫ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama