വള്ളത്തിലൂന്നിയ മനുഷ്യ മുന്നേറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cochin-boat-jetty

‘തിരുവനന്തൂരം, തിരുവനന്തൂരം. എറണാകുളം–തിരുവനന്തൂരം. ആർക്കും കയറാം, എന്തും കയറ്റാം. ഇപ്പം പുറപ്പെടും. ആളുവാ, ആളുവാ ......’  എറണാകുളം ബോട്ട് ജെട്ടിയിൽനിന്ന് ഒരു ചെറുപ്പക്കാരൻ വിളിച്ചു പറയുകയാണ്. അന്നു നഗരത്തിന്റെ ഹൃദയമായിരുന്നു ബോട്ട് ജെട്ടി.നേരം സന്ധ്യയാകുന്നു. അൽപസമയം കഴിഞ്ഞപ്പോൾ ജെട്ടിയിലേക്ക് ഒരു ‘ജലജന്തു’ പതുക്കെ ഇഴഞ്ഞെത്തി. അവിടെ കൂട്ടിവച്ചിരുന്ന ചരക്കുകൾ തൊഴിലാളികൾ ആ വലിയ കമ്പനി വള്ളത്തിലാക്കി. ഉപ്പുതൊട്ടു കർപ്പൂരംവരെയുണ്ടതിൽ.
ശർക്കര, പഞ്ചസാര, ഉള്ളി, മുളക്, കപ്പ, വാഴക്കുലകൾ, ചെമ്പ്, അലുമിനിയം പാത്രങ്ങൾ ...... യാത്രക്കാരായി ധാരാളം ആളുകളും. എല്ലാവരും വള്ളത്തിൽ കയറിപ്പറ്റി.

ജെട്ടിയിൽ‍ കാത്തുകിടന്ന ആ ജലയാനം പതുക്കെ അനങ്ങിത്തുടങ്ങി. യാത്ര തുടങ്ങുകയാണ്, തിരുവനന്തപുരത്തേക്ക്. ഒരു ബ്രിട്ടിഷ് രൂപയ്ക്ക് അത് ആരെയും തലസ്ഥാനത്ത് എത്തിക്കും. അതേ സംഖ്യയ്ക്കു തിരിച്ച് ഇങ്ങോട്ടും. തികച്ചും പത്തു രാവും പത്തു പകലും വേണം ലക്ഷ്യസ്ഥാനത്തെത്താൻ.നാടു കൂർക്കംവലിച്ച് ഉറങ്ങുമ്പോൾ നടുപ്പന്നകം താഴ്ത്തി ആ കേവു വള്ളം എറണാകുളം കായലിലൂടെ യാത്ര തുടർന്നു. രസകരമായ ആ തോണിയാത്രയെക്കുറിച്ചു വി.ടി. ഭട്ടതിരിപ്പാട് തന്റെ ആത്മകഥാംശമുള്ള ‘കർമവിപാകം’ എന്ന പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മഹാരാജാവിന്റെ തിരുനാളിലും മുറജപത്തിലും പങ്കെടുക്കാനായിരുന്നു വിടിയുടെ ആ വള്ള യാത്ര.

ജലയാത്ര ആരോഗ്യപ്രദമാണ്. ലാഭകരവും. പക്ഷേ, കാലാവസ്ഥ അനുകൂലമാകണം. കാറ്റിന്റെ ഗതിയും വെള്ളത്തിന്റെ ഒഴുക്കും പ്രധാനം. യാത്രക്കാരുടെ കുളി, ഭക്ഷണം, വിസർജനം, ഉറക്കം എല്ലാം വള്ളത്തിൽത്തന്നെ. വള്ളക്കാരുടെ വെപ്പും തീനും വഞ്ചിക്കകത്തുതന്നെയാണ്. ഒരുവൻ അമരത്തു കയറി വള്ളം ഊന്നുമ്പോൾ കൂട്ടുകാരൻ പാചകപ്പണിയിൽ ഏർപ്പെടും. അമ്മി, ചിരവ, കിണ്ണം, കരണ്ടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ പന്നകച്ചോട്ടിൽ നിക്ഷിപ്തമായിരിക്കും. അത്താഴത്തിനു ശേഷം തോണിത്തലയ്ക്കൽ മരപ്പലക നിരത്തി, അണിപ്പന്നകം താഴ്ത്തി അയാൾ സുഖനിദ്രകൊള്ളും. 12 നാഴിക ഒരുവന്റെ ഊഴമാണ്.

അരൂക്കുറ്റി ചൗക്കയും അഷ്ടമുടി, വേമ്പനാടൻ, നെടുംചുഴി തുടങ്ങിയ അപായകരങ്ങളായ കായലുകൾ താണ്ടിയും, വൈക്കം, ആലപ്പുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കഠിനംകുളം മുതലായ താവളങ്ങളിൽ തങ്ങിയുമാണ് അനന്തപുരിയിലേക്കുള്ള യാത്ര. ഇന്നു വേഗത്തിന്റെ പിന്നാലെ പായുന്ന പുതു തലമുറയെ പത്തു രാവും പത്തു പകലും എടുത്തുള്ള ഈ തിരുവനന്തപുരം യാത്ര അദ്ഭുതപ്പെടുത്തിയേക്കാം.എന്നാൽ, ഓർക്കുക, കൊച്ചി നഗരത്തെ ഒരുകാലത്ത് അടക്കി വാണിരുന്നു കാളവണ്ടികളും. കാളകളുടെ കുടമണി കിലുക്കം കേട്ടാണു നഗരം ഉണർന്നിരുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നു മലഞ്ചരക്കുകളും നിറച്ചാണു കൊച്ചിയിലേക്കു കാളവണ്ടികൾ എത്തിയിരുന്നത്. ഇഞ്ചിയും ഏലവും ചുക്കും കുരുമുളകും ചക്കയും മാങ്ങയുമെല്ലാം ചന്തയിൽ എത്തിച്ചു കർഷകർ അവർക്കു വേണ്ട സാധനങ്ങളും വാങ്ങി മടങ്ങും.

യാത്രയ്ക്കായും കാളവണ്ടികളെ മനുഷ്യർ ആശ്രയിച്ചിരുന്നു. മോട്ടോർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടും കുതിരവണ്ടികൾ ഈ നഗരവീഥികളിലൂടെ പാഞ്ഞു നടന്നിരുന്നു. റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും മറ്റും യാത്രക്കാരെയും വഹിച്ചു റിക്ഷകളുമായി ‘പപ്പുമാർ’ ഓടിനടന്നിരുന്നു. കമ്പനി വള്ളങ്ങൾകൊണ്ടു നിറഞ്ഞിരുന്ന എറണാകുളം ചന്തക്കുളം ഇന്നു വിജനമാണ്. ആധുനിക മനുഷ്യരിൽ നിന്നു കാലം ഇവയെല്ലാം തുടച്ചുനീക്കി.

‘വരുന്നുണ്ടാളുകൾ തിരക്കിട്ടു–
യന്ത്രശകടത്തിൽ കേറി തിരിച്ചു പോകുന്നു
തിരിഞ്ഞു നോക്കുന്നില്ലൊരുവരും നമ്മെ’

എന്ന കാളവണ്ടിക്കാരന്റെ വിലാപം നമ്മെ ഓർമിപ്പിച്ചതു മലയാളത്തിന്റെ പ്രിയ കവി ഒഎൻവിയാണ്.വേഗം പോരാ പോരാ ..... എന്നു ശഠിച്ച മനുഷ്യൻ മോട്ടോർ വാഹനങ്ങളിലും തൃപ്തരായില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് അവനെ വീർപ്പുമുട്ടിച്ചു. വേഗത്തിന്റെ മറ്റു മാർഗങ്ങൾ അവൻ തേടി. ആകാശയാത്ര മനുഷ്യനെ എന്നും ഭ്രമിപ്പിച്ചിട്ടുണ്ട്. ഇതാ യാത്രയുടെ പുതിയ അധ്യായമെഴുതി മെട്രോ ട്രെയിൻ വരികയാണ്. ഇനി നഗരക്കുരുക്കുകളില്ല, മാർഗതടസ്സങ്ങളില്ല – ‘നമ്മുടെ സ്വന്തം മെട്രോ’. ഏതൊരു യാത്രയ്ക്കും ഒരു ഊന്നുവടി അത്യാവശ്യമാണ്. വള്ളത്തിന് അതു കഴുക്കോലും പങ്കായവുമാണ്. മെട്രോ ട്രെയിനിന് അതു നിശ്ചയദാർഢ്യത്തിന്റെയും മനുഷ്യ മഹത്വത്തിന്റെയും കോൺക്രീറ്റ് തൂണുകളാണ്. ആ തൂണുകളിലൂടെ ഭൂമിക്കു മുകളിലൂടെ മെട്രോ ഇതാ കുതിക്കുകയായി. ദൂരവും സമയവും കീഴടക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.