മല്‍സ്യസന്ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ernakulam-blue-whale

കൊച്ചി ∙ ‘നമ്മൾ പെൺകുട്ടികളെ മറ്റൊരു വീട്ടിലേക്കു വിവാഹം കഴിച്ചയയ്ക്കുന്നു. കുറച്ചു കാലത്തിനു ശേഷം അവർ പ്രസവത്തിനായി വീട്ടിലേക്കു മടങ്ങിയെത്തുമ്പോൾ  സന്തോഷത്തോടെ സ്വീകരിക്കുകയല്ലേ ചെയ്യുന്നത്;  തല്ലിക്കൊല്ലില്ലല്ലോ... അതു പോലെയാണു തിമിംഗലസ്രാവുകളും. അവർ ഏറെ നാൾ  ഈ വീട്ടിൽ കഴിഞ്ഞതിനു ശേഷം  മറ്റൊരു വീട്ടിലേക്കു പോകുന്നു. പിന്നീടു വീണ്ടും കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ മടങ്ങി വരുന്നു.... അവയെ കൊല്ലരുത്.. കൊല്ലാൻ അനുവദിക്കരുത്–’ ഗുജറാത്തിലെ ആത്മീയ ആചാര്യൻ മൊരാരി ബാപ്പുവിന്റെ വാക്കുകൾ അവഗണിക്കാൻ സൗരാഷ്ട്രയിലെ ഗ്രാമീണർക്കു കഴിയുമായിരുന്നില്ല.2004 ൽ അവർ ആ തീരുമാനമെടുത്തു. തിമിംഗല സ്രാവുകളെ ഇനി കൊല്ലില്ല. അപകടത്തിൽപെട്ടവയെ രക്ഷിക്കുകയും ചെയ്യും. അങ്ങനെ 2005 ൽ തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്ന് എത്തി നിൽക്കുന്നത് 672 തിമിംഗലസ്രാവുകളുടെ ജീവൻ തിരിച്ചു നൽകിയതിലേക്കാണ്. അതിനു പിന്നിൽ പ്രവർത്തിച്ചതാകട്ടെ ഒരു മലയാളിയും – തോപ്പുംപടിക്കാരൻ സാജൻ ജോൺ. 

 മൊരാരി ബാപ്പു മൊരാരി ബാപ്പു

വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മറൈൻ പ്രോജക്ടുകളുടെ മാനേജരായ സാജൻ ജോണും ഒപ്പമുള്ള നാലു പേരും ചേർന്നാണ് ഇന്ത്യയിൽ തിമിംഗല സ്രാവുകളുടെ രക്ഷാ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ ദൗത്യം വിജയകരമായി തുടരുന്നതിനിടെ സാജൻ ജോൺ സ്വന്തം നാട്ടിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.  നാളെ ‘ലോക തിമിംഗല സ്രാവ് ദിനത്തിൽ ’ താൻ പഠിച്ച തേവര കോളജിൽ  സാജൻ ജോൺ കേരളത്തിലെ ദൗത്യത്തിനു തുടക്കം കുറിക്കുകയാണ്; കൊച്ചിൻ ഷിപ്‌യാർഡിന്റെ സഹകരണത്തോടെ.

സാജൻ ജോൺ സാജൻ ജോൺ

 ടാറ്റ കൺസൽറ്റൻസിയുമായി ചേർന്നു ഗുജറാത്തിൽ സംഘടിപ്പിച്ച വൻകിട പരിപാടികളുടെ പരിചയസമ്പത്തുമായി കേരള തീരത്തെ തിമിംഗല സ്രാവുകളുടെ രക്ഷയ്ക്ക് ഇറങ്ങിത്തിരിക്കുകയാണു സാജൻ ജോണും കൂട്ടരും. 

കടലിലെ ശാന്തനായ ഭീമൻ

അറബിക്കടലിൽ ഏറ്റവും കൂടുതൽ തിമിംഗല സ്രാവുകൾ കാണുന്നതു ഗുജറാത്തിലെ സൗരാഷ്ട്ര തീരത്താണ്. കടലിലെ ‘ശാന്തനായ ഭീമൻ’ എന്നറിയപ്പെടുന്ന തിമിംഗല സ്രാവുകളെ ഏറ്റവും കൂടുതൽ കൊന്നിരുന്നതും ഗുജറാത്തിലെ ഗ്രാമീണർ തന്നെയായിരുന്നു. സസ്തനികളിലെ ഏറ്റവും വലിയ ജീവിയാണു നീലത്തിമിംഗലങ്ങളെങ്കിൽ, മൽസ്യങ്ങളിലെ ഏറ്റവും വലിയ ജീവിയാണു തിമിംഗല സ്രാവുകൾ. സ്രാവുകളുടെ ഗണത്തിൽ പെടുമെങ്കിലും ഇദ്ദേഹം വെറും സസ്യഭുക്കാണ്. 

ആക്രമിക്കുക എന്നതു കക്ഷിയുടെ ചിന്തയിൽ പോലും ഉണ്ടാവില്ല. പൂർണ വളർച്ചയെത്തിയ തിമിംഗല സ്രാവുകൾക്കു 40 അടി വരെ നീളവും 40 ടൺ തൂക്കവും വരാം. നൂറു വർഷത്തിനും മേൽ ജീവിക്കുമെന്നാണു കണക്കാക്കിയിരിക്കുന്നത്. പക്ഷേ, പ്രത്യുൽപാദനം വളരെ കുറവും. 25 വയസ്സിനു ശേഷം മാത്രമേ പ്രത്യുൽപാദനം ആരംഭിക്കുകയുള്ളൂ. ഒരുതരത്തിലും ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി ആയിരുന്നിട്ടു പോലും തിമിംഗല സ്രാവിനു മനുഷ്യന്റെ ആക്രമണത്തിൽ നിന്നു രക്ഷയുണ്ടായിരുന്നില്ല. മുകൾഭാഗത്തെ ചിറകിനു മാത്രമാണു വിപണി മൂല്യം. മാംസം നിറയെ കൊഴുപ്പും. കരളിൽ നിന്നു ലഭിക്കുന്ന ഓയിൽ  കപ്പലിന്റെയും ബോട്ടിന്റെയും അടിഭാഗം തേച്ചു മിനുസപ്പെടുത്താനും മൽസ്യത്തൊഴിലാളികൾ ഉപയോഗിച്ചിരുന്നു. ഇത്രയും പ്രയോജനം മാത്രമേ ഉള്ളെങ്കിലും തിമിംഗല സ്രാവിന്റെ വേട്ട നിർബാധം തുടർന്നു. സൗരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ തിമിംഗല സ്രാവ് വേട്ടയിൽ മാത്രം ശ്രദ്ധിച്ചിട്ടുള്ള മൽസ്യത്തൊഴിലാളികളുടെ സംഘങ്ങളുണ്ടായിരുന്നു. 

കടൽഭീമന്റെ വംശം പതിയെ നാശത്തിലേക്കു നീങ്ങുകയാണെന്നു 2001 ലാണ് അധികൃതർ ശ്രദ്ധിച്ചത്. അപ്പോഴത്തെ നിലയിൽ വേട്ടയാടൽ തുടർന്നാൽ കുറച്ചു വർഷങ്ങൾക്കുള്ളിൽ കടലിൽ നിന്നു തിമിംഗല സ്രാവുകൾ അപ്രത്യക്ഷമാവും എന്നായിരുന്നു മുന്നറിയിപ്പ്.  സംരക്ഷിത ജീവികളുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയതോടെയാണു സംരക്ഷണത്തിനുള്ള മാർഗങ്ങൾ തേടിത്തുടങ്ങിയത്. ഇന്ത്യയിൽ വൈൽഡ് ലൈഫ് ട്രസ്റ്റിന്റെ ഈ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാനാണു സാജൻ ജോണും സംഘവും എത്തിയത്. മൊരാരി ബാപ്പുവിന്റെ വാക്കുകളും സംഘത്തിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളും കൂടിയായപ്പോൾ തിമിംഗല സ്രാവിന്റെ വേട്ട ഗുജറാത്തുകാർ ഉപേക്ഷിച്ചു. ഇന്നു ഗുജറാത്തിലെ ഏഴു തീരദേശ ജില്ലകളുടെ ഭാഗ്യചിഹ്നമാണു തിമിംഗല സ്രാവ്. 

വെയ്ൽ ഷാർക്ക് ടൂറിസം

ernakulma-whale-shark

ശാന്തനായതുകൊണ്ടു തന്നെ മനുഷ്യർ അടുത്തു ചെന്നാലും ഇവ ഉപദ്രവിക്കില്ല. അതിനാൽ സ്കൂബ ഡൈവിങ്ങും വെയ്ൽ ഷാർക്കിനൊപ്പം നീന്താൻ അവസരം കൊടുക്കലും ഇപ്പോൾ വിദേശങ്ങളിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. മാലദ്വീപിലും ഇതേ ആശയവുമായി വിനോദസഞ്ചാര മേഖല കൊഴുക്കുന്നുണ്ട്. 

200 ദിവസം ; 5500 കിലോമീറ്റർ

ഇന്ത്യൻ തീരത്തു കാണുന്ന തിമിംഗല സ്രാവുകളുടെ സ്വഭാവം പഠിക്കുകയായിരുന്നു സാജൻ ജോണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആദ്യ ലക്ഷ്യം. ഇവയുടെ സഞ്ചാരപാതയും പതിവു രീതികളും വിലയിരുത്താൻ തീരുമാനിച്ച സംഘം ഏഴു തിമിംഗല സ്രാവുകളെ ടാഗ് ചെയ്തു. മുകൾഭാഗത്തെ ചിറകു തുരന്ന് ആന്റിന ഘടിപ്പിക്കുകയാണു രീതി. കടലിന്റ മുകൾത്തട്ടിൽ എത്തിയാൽ ആന്റിന വെള്ളത്തിൽ നിന്ന് ഉയർന്നു വരും. സാറ്റലൈറ്റ് വഴി തിമിംഗല സ്രാവ് എവിടെയാണെന്ന വിവരവും കിട്ടും. ടാഗ് ചെയ്ത ഏഴു തിമിംഗല സ്രാവുകളിൽ ഒന്നിൽ നിന്നാണ് ഏറ്റവും കൂടുതൽ ദിവസം വിവരങ്ങൾ കിട്ടിയത്. 200 ദിവസം കൊണ്ട് അവൻ അറബിക്കടലിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി ആഫ്രിക്കൻ തീരമായ സൊമാലിയ വരെ യാത്ര ചെയ്തു. ദൂരം കണക്കാക്കിയാൽ 5500 കിലോമീറ്റർ. അവിടെയൊന്നു ചുറ്റിക്കറങ്ങിയ കക്ഷി, ഇപ്പോൾ തിരികെ ഗുജറാത്ത് തീരത്തേക്കു വന്നുകൊണ്ടിരിക്കുകയാണെന്നാണു കണ്ടെത്തൽ. 

ഗുജറാത്ത് സുരക്ഷിതം പക്ഷേ...

തിമിംഗല സ്രാവുകൾക്കു ഗുജറാത്ത് തീരം ഇപ്പോൾ സുരക്ഷിതമാണ്. എന്നാൽ മഹാരാഷ്ട്ര, ഗോവ, കേരള തീരങ്ങളിലൂടെയാണ് അവയുടെ സഞ്ചാര പാത കണ്ടെത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലൊന്നും ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു വേണ്ടത്ര പ്രചാരണം നടന്നിട്ടില്ല. മഹാരാഷ്ട്രയിലും ഗോവയിലും ഇപ്പോഴും രഹസ്യമായി തിമിംഗല സ്രാവുകളെ വേട്ടയാടുന്നവർ ഉണ്ട്. കേരളത്തിൽ ഫോർട്ട്‌കൊച്ചിയിലും നീണ്ടകരയിലും ഇവയെ കൊണ്ടു വന്നിട്ടുണ്ടെന്ന വിവരങ്ങളും കിട്ടിയിട്ടുണ്ട്. ബോധവൽക്കരണത്തിലൂടെ മാത്രമേ ഇവയുടെ സംരക്ഷണം പ്രായോഗികമാകൂ എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ ശ്രമങ്ങൾക്കു പിന്നിൽ. 

മാറ്റം കുറിച്ചത്  ഡോക്യുമെന്ററി

മൈക് പാണ്ഡെയുടെ രണ്ടായിരത്തിൽ പുറത്തിറങ്ങിയ ‘ഷോർസ് ഓഫ് സൈലൻസ്’ എന്ന ഡോക്യുമെന്ററിയാണു തിമിംഗല സ്രാവുകളുടെ രക്ഷയ്ക്കു തുടക്കം കുറിച്ചത്. വേട്ടയുടെ ഭീകര ദൃശ്യങ്ങൾ ചിത്രീകരിച്ച ഡോക്യുമെന്ററി ഗ്രീൻ ഓസ്കർ അവാർഡും നേടി. തിമംഗല സ്രാവുകളെ സംരക്ഷിത പട്ടികയിൽ പെടുത്തേണ്ടതിന്റെ ആവശ്യം അധികൃതർ തിരിച്ചറിഞ്ഞത് ഈ ഡോക്യുമെന്ററിയിലൂടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.