ജീവിക്കാൻ പഠിപ്പിച്ച് ഒരു നാട്; മുന്നേറ്റം സമാനതകളില്ലാതെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ernakulam-kizhakkambalam-twenty20-1

അറബിക്കഥകളിലെ അത്ഭുതങ്ങൾ കണക്ക് വളരുന്ന ഒരു നാട്. ഇവിടെ വികസനം നാൾക്കുനാൾ മുന്നോട്ട്, കുടിവെള്ള പ്രശ്നമില്ല, ആരോഗ്യ പ്രശ്നങ്ങൾ കുറവ്. അവിടെയൊരു മാർക്കറ്റിൽ അരിക്ക് വില കിലോയ്ക്ക് 15 രൂപ. പഞ്ചസാരയ്ക്കും വില 15 തന്നെ. പാൽ ലിറ്ററിന് 20 രൂപ. പച്ചക്കറിയും പഴങ്ങളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ മിക്കവയ്ക്കും 50 ശതമാനത്തിലധികം വിലക്കുറവ്. തീർന്നില്ല, ബിഎംബിസി നിലവാരത്തിലേക്ക് ഉയരാൻ 12.5 മീറ്റർ വീതിയിൽ പണി പുരോഗമിക്കുന്ന പ്രധാന റോഡ്, അങ്ങിങ്ങു പുതിയ റോഡുകൾ, പൊളിഞ്ഞുവീഴാറായ ലക്ഷംവീട് കോളനികൾ ഇടിച്ചു നിരത്തി ആധുനിക സൗകര്യങ്ങളോടു കൂടിയ വില്ലകൾ ഉയരുന്നു, കുടുംബശ്രീ യൂണിറ്റുകൾക്കു സാമ്പത്തിക-സാങ്കേതിക സഹായം, മൂന്നൂറിലധികം കുടുംബങ്ങൾക്ക് അ‍ഞ്ച് ആടുകളും അതിനു കൂടും, 2800 കുടുംബങ്ങൾക്കു വിതരണം ചെയ്തത് 14,000 മുട്ടക്കോഴികൾ. 562 കുടുംബങ്ങൾക്കു നൽകിയത് 2810 താറാവുകൾ.... ഈ പട്ടിക നീളുകയാണ്. ഇവയെല്ലാം ജനങ്ങളിലേക്ക് എത്തിയത് തീർത്തും സൗജന്യമായി.

പറഞ്ഞുവരുന്നത് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിന്റെ കഥയാണ്. ഒരു പഞ്ചായത്തിന്റെ തലവരമാറ്റിയ ട്വന്റി20 എന്ന ജനകീയക്കൂട്ടായ്മയുടെ ബഹുവർണ വിജയകഥ. ട്വന്റി20എന്ന  സ്വർണനൂലുകൊണ്ട് ഒരു ഗ്രാമത്തിന്റെ ഊടുംപാവും നെയ്തുകൂട്ടിയ കിറ്റക്സ് – അന്ന ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെ നേർസാക്ഷ്യം. ഈ കഥയിൽ ഒരു സിനിമാക്കഥയ്ക്കുവേണ്ടുന്ന എല്ലാ ചേരുവകളുമുണ്ട്. സർവ്വോപരി അതിജീവനത്തിന്റെ സർവസ്വവും. 

 ഓർമ്മകളിലെ കിഴക്കമ്പലം

കഥ പറഞ്ഞുതുടങ്ങും മുൻപ് അഞ്ചുപതിറ്റാണ്ട് പിന്നിലേക്ക് പോകാം. അവിടെയാണ് കിഴക്കമ്പലത്തിന്റെ വ്യവസായ ചരിത്രം ആരംഭിക്കുന്നത്. മേയ്ക്കാംകുന്നുകാർ സാധാരണ കർഷകരായിരുന്നു. ഒരു നേരത്തെ കഞ്ഞിക്കായി കാത്തിരിക്കുന്നവരെ കണ്ടാണ് മേയ്ക്കാംകുന്നിലെ എം.സി. ജേക്കബ് വളർന്നു വന്നത്. അന്ന് ജേക്കബിന്റെ വീട്ടിൽ കൃഷിപ്പണിതേടി ആളുകൾ എത്തിയിരുന്നു. ആദ്യം എത്തുന്നവർക്ക് തൂമ്പ (ജോലിയും ഭക്ഷണവും) ബാക്കിയുള്ളവർക്ക് നിരാശ എന്നതായിരുന്നു അവസ്ഥ. ജോലി ലഭിക്കാത്താവരുടെ കണ്ണീർ എം.സി. ജേക്കബിനെ അസ്വസ്തനാക്കി. ആ കണ്ണീർക്കടലിൽ നിന്നു തിരതല്ലിയെത്തിയതാണ് കിഴക്കമ്പലത്തിന്റെ ഇന്നത്തെ വ്യവസായ മുഖമെന്നു പറഞ്ഞാൽ അത് അധികമാവില്ല. പത്തു തൊഴിലാളികളുമായി അദ്ദേഹം തുടങ്ങിയ സംരഭം ഇന്ന് കിറ്റക്സ് – അന്ന കോർപ്പറേറ്റ് ഗ്രൂപ്പായി. അതിന്റെ കടിഞ്ഞാണേന്തുന്നത് മക്കളായ സാബുവും ബോബിയും. ഇവരുടെ നേതൃത്വത്തിലാണ് ട്വന്റി–20 എന്ന കൂട്ടായ്മ കിഴക്കമ്പലത്ത് വികസനത്തിന്റെ ബൗണ്ടറി പായിക്കുന്നത്.

ട്വന്റി–20ക്ക് ടോസ് വീഴുന്നു

കുട്ടി ക്രിക്കറ്റിന്റെ ചടുലയ്ക്കാണ് ലോക കായിക ഭൂപടത്തിൽ ട്വന്റി–20 എന്ന പേര്. എന്നാൽ കിഴക്കമ്പലത്തിന്റെ വികസന ഭൂപടത്തിൽ ട്വന്റി–20 ജീവാത്മാവും പരമാത്മാവുമാണ്. ഇതു കടന്നുവന്നതാകട്ടെ പോരാട്ടത്തിന്റെ പാതയിലൂടെയും.

2020 ഓടെ രാജ്യത്തെ പഞ്ചായത്തുകൾക്ക് കിഴക്കമ്പലം മാതൃകയാകണം  എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി–20 എന്ന ജനകീയ കൂട്ടായ്മ പിറവിയെടുക്കുന്നത്. ട്വന്റി–20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് ഗ്രൂപ്പ് എം.ഡിയുമായ സാബു എം. ജേക്കബിന്റെയും സഹോദരൻ ബോബി എം. ജേക്കബിന്റെയും വാക്കുകൾ ഇങ്ങനെ: ഇതിനെല്ലാം പ്രചോദനം ഞങ്ങളുടെ ചാച്ചനാണ് (എം.സി ജേക്കബ്). അറുപതുകളിലും എഴുപതുകളിലും ക്ഷാമം പിടിമുറുക്കിയപ്പോൾ മന്നാംകണ്ടത്തുനിന്നും ആന്ധ്രയില്‍ നിന്നും അരിയും കപ്പയും എത്തിച്ച് കുറഞ്ഞ വിലയില്‍ നല്‍കിയായിരുന്നു ചാച്ചന്റെ പ്രവര്‍ത്തനം. കമ്പനി വളരുന്നതോടൊപ്പം നാടും വളരണമെന്നായിരുന്നു ചാച്ചന്റെ ആഗ്രഹം. ഇതിനായി ഒരുപാടുകാര്യങ്ങൾ ചാച്ചൻ  മനസ്സിൽകണ്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാത്തിനും വിലങ്ങുതടിയായി. ആ ആഗ്രഹ സാഫല്യത്തിനാണ് അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷികത്തോടെ ട്വന്റി20 പ്രസ്ഥാനത്തിലൂടെ തുടക്കം കുറിച്ചത്.

Kizhakkambalam-t20-08

ചാച്ചന്റെ കാലശേഷം ആയൂർവേദ റിസേർച്ച് സെന്റർ തുടങ്ങണമെന്നായിരുന്നു മോഹം. അതിന്റെ മുന്നോടിയായി കിട്ടാവുന്നത്ര ആശുപത്രികളെ പങ്കെടുപ്പിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇസിജി, എക്സ്‍റെ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. അയ്യായിരത്തിലധികം ആളുകൾ ക്യാമ്പിലെത്തി. രോഗശയ്യയിലായ നാടിന്റെ അവസ്ഥ അന്നു തിരിച്ചറിയപ്പെടുകയായിരുന്നു. ഇതിനുള്ള ചികിത്സ വേരിൽനിന്നു തുടങ്ങണമെന്ന തിരിച്ചറിവാണ് ആശുപത്രി എന്ന മോഹം ഉപേക്ഷിച്ച് പുതിയ തീരുമാനത്തിലേക്ക് എത്തുന്നത്. ഇതിനു മുന്നോടിയായി നാട്ടുകാരേയും സാമൂഹിക–സാംസ്കാരിക–രാഷ്ട്രീയ പ്രവർത്തകരേയും ചേർത്ത് ആദ്യ യോഗം കൂടുമ്പോൾ 72 പേർ പങ്കെടുത്തു. മൂന്നാമത്തെ യോഗത്തിലേക്ക് എത്തിയപ്പോൾ എണ്ണം 19 ആയി ചുരുങ്ങി. ആ 19 പേരിൽ നിന്നാണ് 2013 മേയ് 19ന് കിഴക്കമ്പലത്തിന്റെ ട്വന്റി–20 രൂപംകൊണ്ടത്

 ‘‘ഇതു വല്ലതും നടക്കുമോ മോനേ..?’’

ട്വന്റി–20ക്ക് പദ്ധതി തയാറാക്കുന്ന വേളയിൽ ഒരു വയോധിക ചോദിച്ചത് ഇന്നും സാബു എം. ജേക്കബിന്റെ മനസിലുണ്ട്. ‘‘ഇതു വല്ലതും നടക്കുമോ മോനേ..?’’. അന്ന് ഓരോ കിഴക്കമ്പലത്തുകാരുടെയും മനസിലുണ്ടായിരുന്നതും ഇതായിരുന്നു. ഈ ചോദ്യത്തിൽ നിന്നാണ് ട്വന്റി–20 പ്രവർത്തനം തുടങ്ങുന്നത്. 

കിഴക്കമ്പലം ഇന്ന് ഒരു വിജയഗാഥയുടെ പര്യായമാണ്. ഒരു ഗ്രാമപഞ്ചായത്ത് ഭരണം ട്വന്റി20 വേഗതയില്‍ രണ്ടുവര്‍ഷം കുതിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ഇവിടുത്തുകാരുടെ ജീവിതം. ഇനി കിഴക്കമ്പലം നിവാസികളുടെ ആ സ്വപ്നതുല്യമായ ജീവിതത്തിലേക്ക്....

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.