വികസനത്തിന്റെ ട്വന്റി20; വിലക്കുറവിന്റെയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ernakulam-kizhakkambalam-twenty20-11

കാക്കനാട് നിന്നു പൂക്കാട്ടുപടി – മലയിടംതുരുത്ത് – പെരുമ്പാവൂർ റോഡിലൂടെ യാത്രചെയ്യുമ്പോൾ കിഴക്കമ്പലം പഞ്ചായത്ത് അതിർത്തിയിൽ വാഹനങ്ങളെ എതിരേൽക്കുന്നത് ‘ഗോ സ്ലോ  – ട്വന്റി20 കിഴക്കമ്പലം’ എന്ന ബോർഡാണ്. വെറുതെയല്ല വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്നത്, അവിടെ റോഡ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആ വികസന പ്രവർത്തനങ്ങൾ കണ്ടാൽ ആരും അതിശയിക്കും.

ബിഎംബിസി നിലവാരത്തിലേക്ക് ഉയരാൻ തയ്യാറാകുന്ന റോഡിന് വീതി 12.5 മീറ്റർ. ഇതിൽ 1.25 മീറ്റർ ഡ്രയിനേജ്‌, 1.25 മീറ്റർ കുടിവെള്ളത്തിനും കേബിൾ കണക്ഷനുകൾക്കുമുള്ള സംവിധാനം. റോഡ് നിർമ്മാണത്തിനു ശേഷം ഓരോ കാരണങ്ങൾ പറഞ്ഞ് വെട്ടിപ്പൊളിക്കേണ്ടി വരില്ലെന്ന് ചുരുക്കം. കിഴക്കമ്പലത്തെ പ്രധാന റോഡുകളുടെ എല്ലാം വീതി കൂട്ടൽ ജോലികൾ പുരോഗമിക്കുകയാണ്. ട്വന്റി20 ഭാരവാഹികൾക്കും വാർഡ് മെമ്പർക്കും പുറമേ തിരഞ്ഞെടുത്ത സബ് കമ്മിറ്റിയും പ്രവർത്തനങ്ങൾ സസൂക്ഷ്മം വിലയിരുത്തുന്നു.

റോഡ് നിര്‍മാണത്തിന് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് മതിലും ഗേറ്റും നിര്‍മിച്ച് നല്‍കുകയും 2020 വരെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്ന് അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും സൗജന്യമായി നല്‍കുകയും ചെയ്യുന്ന പ്രത്യേക പാക്കേജും ട്വന്റി20 നടപ്പാക്കി വരുന്നു. 

 താമരച്ചാലിലെ ഭക്ഷ്യ സുരക്ഷ

ernakulam-kizhakkambalam-twenty20-4

ദിവസവും ഉച്ചയ്ക്ക് 12 മുതൽ കിഴക്കമ്പലത്തുകാർ അവശ്യസാധനങ്ങൾക്കായി എത്തുന്ന ഒരിടമുണ്ട്; താമരച്ചാലിലെ ഭക്ഷ്യ സുരക്ഷാ മാൾ. രണ്ടേക്കർ വരുന്ന വരുന്ന സ്ഥലത്ത് സൂപ്പർ മാർക്കറ്റ് പ്രൗഢിയിലാണ് ഇന്നിത്. കഴിഞ്ഞ നവംബറിൽ കേന്ദ്ര ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി നവീകരിച്ച മാൾ നാടിനു സമർപ്പിച്ചു. 

ernakulam-kizhakkambalam-twenty20-3

ഇവിടുത്തെ വില നിലവാരം ഒറ്റനോട്ടത്തിൽ വിശ്വസിച്ചെന്ന് വരില്ല. അരി കിലോ 15 രൂപ. പഞ്ചസാരയ്ക്കും വില 15. പാലിനു വെള്ളത്തേക്കാളും വില കുറവ്. ലിറ്ററിന് 20 രൂപമാത്രം. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വിപണി വിലയേക്കാൾ 50 മുതൽ 70 ശതമാനം വരെ കുറവ്. ബേക്കറി – കോസമറ്റിക് സാധനങ്ങൾക്കും 15 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ഇതിനായി ഒരു മാസം 40 ലക്ഷം രൂപയാണ് ട്വന്റി20യുടെ ബാധ്യത.

 ലക്ഷംവീടുകൾ വില്ലകളിലേക്ക്

ernakulam-kizhakkambalam-twenty20-5

തകർന്നടിഞ്ഞ ലക്ഷം വീട് കോളനികൾ കിഴക്കമ്പലംകാർക്ക് ഇനി ഓർമ്മ മാത്രമാണ്. പതിറ്റാണ്ടുകളായി പരാതീനതകൾക്ക് നടുവിൽ വിരിവച്ചുറങ്ങിയ കോളനി നിവാസികൾക്ക് ഇനി ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ‘വില്ല’കളിൽ താമസിക്കാം. 38 വർഷം മുൻപു നിർമിച്ചതും മറിഞ്ഞു വീഴാറായതുമായ ലക്ഷംവീടുകൾ പൊളിച്ചുമാറ്റി അവിടെ ട്വന്റി20 ഒരുക്കുന്ന വില്ലകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഞാറള്ളൂർ കോളനിയിൽ പൂത്തിയാകുന്ന 38 വില്ലകൾ ഉടൻ കോളനിനിവാസികൾക്ക് കൈമാറും. പിന്നാലെ കാനാംപുറം, വിലങ്ങ്, മാക്കിനിക്കര കോളനികളിലും.

ആധുനിക സൗകര്യങ്ങൾ എന്നത് വെറും ഭംഗിവാക്കല്ല. ഓരോ വീടും നിർമിക്കുന്നത് 720 ചതുരശ്ര അടി വിസ്തീർണത്തിൽ. രണ്ട് ബെഡ് റൂം, കാർപോർച്ച്, അടുക്കള, കുളിമുറി, ശുചിമുറി, സിറ്റ്ഒൗട്ട് എന്നിവയടങ്ങിയ വീടൊന്നിന് 14 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ രണ്ടു ലക്ഷം രൂപ പഞ്ചായത്ത് വിഹിതമാണ്. വീടുകളിലേക്ക് ജലവിതരണം, റോഡ്, വഴിവിളക്ക് എന്നിവ ട്വന്റി20യുടെ നേതൃത്വത്തിൽ ഒരുക്കും. ഞാറള്ളൂർ, കാനാംപുറം, വിലങ്ങ് കോളനികളിലായി 77 വീടുകളാണ് ഇപ്പോൾ പൂർത്തിയാകുന്നത്.

ernakulam-kizhakkambalam-twenty20-2

പ്രവാസിയായ മാവേലിക്കര സ്വദേശി റെജി വർഗീസ് ട്വന്റി20ക്ക് ദാനമായി നൽകിയ ഊരക്കാട്ടെ 44 സെന്റ് ഭൂമിയിൽ 11 നിർധനർക്ക് വീടു നിർമിച്ചു നൽകും. പഞ്ചായത്തിലെ ജനങ്ങളുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കാന്‍ ആദ്യഘട്ടത്തില്‍ 400 വീടുകളാണ് പുതുതായി നിര്‍മിച്ചത്. 600 വീടുകളുടെ അറ്റകുറ്റപ്പണിയും നടത്തി. 2020ഓടെ ഭവനരഹിതരില്ലാത്ത കിഴക്കമ്പലമാണ് ട്വന്റി20യുടെ ലക്ഷ്യം. അതിലേക്കുള്ള ദൂരം ഇനി 500 വീടുകൾ മാത്രം.

കൃഷിയിലേക്ക് കൈ പിടിച്ച്

ernakulam-kizhakkambalam-twenty20-8

കൃഷിയിലേക്ക് ഒരു ഗ്രാമത്തെ വഴിതിരിച്ചു വിടാനുള്ള ശ്രമം വിജയിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ട്വന്റി20. കൃഷി ലാഭകരമാണെന്ന വിശ്വാസം ഓരോ കിഴക്കമ്പലത്തുകാരുടെയും മനസിൽ ഉറപ്പിക്കാൻ കൃഷി ചെയ്തു കാണിക്കുകയായിരുന്നു ആദ്യപടി. തരിശുകിടന്ന ഓരോ പാടശേഖരവും സൗജന്യമായി ഉഴുതു നൽകി. കൃഷിക്കു വേണ്ട എല്ലാ സഹായവും ചെയ്തു. കൊയ്ത്ത് യന്ത്രമുപയോഗിച്ച് കൊയ്യുകയും ചെയ്യുന്നുണ്ട്.

ernakulam-kizhakkambalam-twenty20-9

ഇതിനു പുറമേ, 14,000 ജാതിത്തൈകൾ, 10,000 തെങ്ങിൻതൈകൾ, 2,000 വീതം റമ്പുട്ടാൻ, മാങ്കോസ്റ്റിൻ, മാവിൽ തൈകൾ, 1,500 വീതം പേരയും സപ്പോട്ടയും, 1.6 ലക്ഷം ‍ഞാലിപ്പൂവൻ വാഴ, 51,000 ഏത്തവാഴ, ഏഴു ലക്ഷം പച്ചക്കറിത്തൈകൾ തുടങ്ങിയവയും സൗജന്യമായി വീടുകളിലെത്തി. കൂടാതെ ഇവയ്ക്കാവശ്യമായ വളവും എത്തിച്ചു നൽകുന്നു. വീടുകളിൽ ഗ്രോ ബാഗുകൾ വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്തിൽ നിന്നു 2020 ആകുമ്പോഴേക്കും കൃഷിയിൽ നിന്നു മാത്രം 85 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

മറ്റു പദ്ധതികൾ ഒറ്റനോട്ടത്തിൽ

വെറുതെ പറയുകയല്ല, പ്രവർത്തിച്ചു കാണിക്കുകയാണ് തുടക്കം മുതൽ ട്വിന്റി20 യുടെ രീതി. ആ പ്രവർത്തന രീതിയാണ് ജനഹൃദയങ്ങളിൽ വിശ്വാസ്യത ഉറപ്പിച്ചതും. 

ernakulam-kizhakkambalam-twenty20-6

ജനങ്ങളുടെ ഉന്നമനത്തിലൂടെ സമഗ്ര വികസനമാണ്  ട്വന്റി20 ലക്ഷ്യമിടുന്നത്. കിഴക്കമ്പലത്തെ എണ്ണായിരത്തോളം കുടുംബങ്ങളിലെ 36000 പേര്‍ക്കാണ് നിലവില്‍ ട്വന്റി20 തണലാകുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ സാധനങള്‍ എത്തിച്ചുനല്‍കി ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനാണ് ട്വന്റി20 പ്രഥമ പരിഗണന നല്‍കിയത്.

പഞ്ചായത്തിലെ ജനങ്ങളുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കാന്‍ ആദ്യഘട്ടത്തില്‍ 400 വീടുകളാണ് പുതുതായി നിര്‍മിച്ചത്. 600 വീടുകളുടെ അറ്റകുറ്റപ്പണിയും നടത്തി. ലക്ഷംവീടുകളില്‍ 147 വീടുകളാണ് പുതുക്കി നിര്‍മിച്ചത്. 500 വീടുകൾകൂടി പണിടുയർത്തുന്നതോടെ കിഴക്കമ്പലം പഞ്ചായത്തിൽ എല്ലാവർക്കും കെട്ടുറപ്പുള്ള മികച്ച വീടുകളാകും.

ernakulam-kizhakkambalam-twenty20-7

ഓരോ മുറ്റത്തും വറ്റാത്ത കിണര്‍ എന്ന ആശയം മുന്‍നിര്‍ത്തി നിരവധി കിണറുകള്‍ നിര്‍മിക്കുകയും ഉപയോഗ ശൂന്യമായവ പുനരുദ്ധാരണം നടത്തുകയും ചെയ്തു. ജലക്ഷാമത്തിന് പരിഹാരം കാണാന്‍ തോടുകള്‍ ആഴം കൂട്ടി വൃത്തിയാക്കിയ ശേഷം തടയണകള്‍ നിര്‍മിച്ചു. ഇതോടെ വേനല്‍ക്കാലത്ത് ജലനിരപ്പ് മൂന്ന് അടിയോളം ഉയര്‍ത്താനും ജലക്ഷാമം പരിഹരിക്കാനുമായെന്ന് നാട്ടുകാർ പറയുന്നു.

സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ആട്, മല്‍സ്യം, കോഴി, താറാവ് എന്നിവ ഓരോ കുടുബങ്ങള്‍ക്കും വിതരണം ചെയ്തു. ഇതുവഴി കിഴക്കമ്പലം നിവാസികളില്‍ ബഹുഭൂരിഭാഗവും സ്വയംപര്യാപ്തരായെന്ന് ട്വന്റി20 നേതൃത്വം പറയുന്നു. കൂട്ടായ്മയിൽ അംഗത്വമുള്ള ഓട്ടോ തൊഴിലാളികൾക്ക് യൂണിഫോമും ടയറും അവശ്യഘട്ടങ്ങളിൽ അറ്റകുറ്റപ്പണികൾക്ക് സഹായവും നൽകുന്നത് ട്വന്റി20 യാണ്.

ernakulam-kizhakkambalam-twenty20-10

ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഗര്‍ഭിണികള്‍ക്കും അഞ്ച് വയസിന് താഴെ യുള്ള കുട്ടികള്‍ക്കും മുട്ടയും പാലും പോഷകാഹാര കിറ്റും സ്വജന്യമായി നൽകി വരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുവരുന്നു. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റുമായി രണ്ട് ആംബുലൻസുകളും കൂട്ടായ്മയ്ക്കുണ്ട്.

പോരാട്ടങ്ങളിൽ പയറ്റിത്തെളിഞ്ഞാണ് ട്വന്റി20 കർമ്മനിരതമായത്. അണിയറയ്ക്കു പിന്നിലെ ആ കരുനീക്കങ്ങളും ഭാവിയും ഇനി...

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.