സംഘർഷം, നിരോധനാജ്ഞ, പിന്നാലെ പഞ്ചായത്ത് ഭരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kizhakkambalam-main

അധികാര രാഷ്ട്രീയത്തിന്റെ രുചി തേടിയായിരുന്നില്ല ട്വന്റി20 എന്ന ജനകീയ കൂട്ടായ്മയുടെ തുടക്കം. രാഷ്ട്രീയ പ്രവേശനം ലക്ഷ്യവുമായിരുന്നില്ല. എന്നാല്‍ പിന്നീട് ഉണ്ടായ ഓരോ സംഭവങ്ങളും സിനിമാക്കഥകളെയും വെല്ലുന്നതായിരുന്നു. 

Kizhakkambalam-t20-02

കൂട്ടായ്മയുടെ പ്രവർത്തനങ്ങളുടെ ഓരോ ഘട്ടങ്ങളിലും പഞ്ചായത്തിന്റെയും അധികാരികളുടേയും ഭാഗത്തുനിന്ന് എതിർപ്പുകൾ ഉണ്ടായി. കുടിവെള്ള പദ്ധതികൾ, വീട് നിർമാണം, കക്കൂസ് നിർമാണം, റോഡ് നിർമാണം തുടങ്ങി എന്തിനും ഏതിനും തടസങ്ങളുമായി പഞ്ചായത്ത് എതിർ ചേരിയിലെത്തിയെന്ന് ട്വന്റി20 നേതൃത്വം പറയുന്നു. ഒടുവിൽ ട്വന്റി20 യുടെ ഓണം മേളയുടെ ആദ്യദിനം തന്നെ  സംഘർഷത്തിലും നിരോധനാജ്ഞയിലും വരെ കാര്യങ്ങൾ എത്തിച്ചു. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന വ്യവസായ ഗ്രൂപ്പിന്റെ വാഹനം പഞ്ചായത്ത് ഓഫീസിനു സമീപം കത്തിയമർന്നു. ഇതോടെ നിലപാടുമാറ്റാൻ ട്വന്റി20 തീരുമാനിക്കുകയായിരുന്നു.

ഒടുവിൽ നിലനിൽപിന്റെ രാഷ്ട്രീയവുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പയറ്റാനിറങ്ങിയ ട്വന്റി20, 19 ൽ 17 സീറ്റുമായി അധികാരത്തിലെത്തിയത് മറ്റൊരു ചരിത്രമായി; രാഷ്ട്രീയ പാർട്ടി അല്ലാത്ത കൂട്ടായ്മ ഭരിക്കുന്ന ആദ്യ പഞ്ചായത്ത്. ആ ചരിത്രത്തിലേക്ക് വഴി തുറന്ന സംഭവങ്ങളെ ഓർത്ത് ഇന്ന് ചില കേന്ദ്രങ്ങളെങ്കിലും വിലപിക്കുന്നുണ്ടാവും.

കുടിവെള്ളത്തിൽ തുടങ്ങിയ പോരാട്ടം

ernakulam-kizhakkambalam-twenty20-7

രാഷ്ട്രീയ സാംസ്കാരിക മേഖലകളുമായി കൈകോർത്തായിരുന്നു ട്വന്റി20 യുടെ തുടക്കം. എന്നാൽ കൂട്ടായ്മയുടെ വളർച്ചയിൽ എതിർപ്പുതോന്നിയ രാഷ്ട്രീയ നേതൃത്വം മെല്ലെ പിന്മാറി. കൂടെ നിന്ന വ്യവസായികളും രാഷ്ട്രീയക്കാരും കൂറുമാറിയിട്ടും അന്നത്തെ പഞ്ചായത്ത് ഭരണകക്ഷി നിരന്തരം തടസങ്ങൾ സൃഷ്ടിച്ചിട്ടും മുന്നോട്ടുപോകാനായിരുന്നു ട്വന്റി20 യുടെ തീരുമാനം.

Kizhakkambalam-t20-06

കോളനികളിലെ കുടിവെള്ള പ്രശ്നത്തിലാണ് പഞ്ചായത്ത് ഭരണസമിതിക്ക് ആദ്യം കൈപൊള്ളുന്നത്. കുടിവെള്ളമില്ലാത്ത കോളനികളിൽ കിണറുകളും കുഴൽകിണറുകളും നിർമിച്ചു, കാടുമൂടിക്കിടന്നവ നന്നാക്കി മോട്ടോറുകൾ വച്ചു, പുതിയ ടാങ്കുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിനു സ്റ്റേ ഓർഡറുമായി പഞ്ചായത്ത് എത്തി. 

Kizhakkambalam-t20-05

കുടിവെള്ള പദ്ധതിക്ക് പഞ്ചായത്ത് തുരങ്കംവച്ചെന്ന തിരിച്ചറിവ് ജനങ്ങളെ ഭരണസമിതിക്ക് എതിരാക്കി. പഞ്ചായത്തിലെ ആയിരങ്ങളെ അണിനിരത്തി സമരം ചെയ്താണ് ട്വന്റി20 പ്രശ്നത്തെ നേരിട്ടത്. കാര്യങ്ങൾ കൈവിട്ടുപോകുന്ന തിരിച്ചറിവിൽ പഞ്ചായത്ത് വിലക്ക് പിൻവലിക്കാൻ നിർബന്ധിതമായി. ഇതായിരുന്നു പോരാട്ട പാതയിൽ‍ ട്വന്റി20യുടെ ആദ്യ വിജയം. ഇപ്പോൾ കുടിവെളളപ്രശ്നമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്താകാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ് കിഴക്കമ്പലം.

 ഇനിയാണ് ആ സംഘർഷം

Kizhakkambalam-t20-10

2014 ലെ ഓണക്കാലത്താണ് രാഷ്ട്രീയ നേതൃത്വത്തിന്റെ അടിത്തറ ഇളകുന്നതിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്ന ആ സംഭവം അരങ്ങേറുന്നത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ട്വന്റി-20 താമരച്ചാലിൽ ഓണം മേള നടത്തിയെന്നാരോപിച്ച് ഒരു സംഘമാളുകൾ നടത്തിയ പ്രതിഷേധം അക്രമത്തിലേക്കു വഴിമാറുകയായിരുന്നു. പ്രതിഷേധക്കാരുടെ ഇടയിൽ നിന്ന് കല്ലേറുണ്ടായതിനെത്തുടർന്ന് പൊലീസ് ലാത്തി വീശി. പൊലീസുകാർ ഉൾപ്പെടെ നിരവധിപേർക്ക് പരുക്കേറ്റു.

Kizhakkambalam-t20-11

വൈകിട്ട് ഓണം മേളയോട് അനുബന്ധിച്ച് നടന്ന പരിപാടി കാണാനെത്തിയ മൂവായിരത്തോളം ആളുകൾ സംഘർഷത്തെത്തുടർന്ന് സ്‌റ്റാളിനുള്ളിൽ കുടുങ്ങി. ഇവരെ പൊലീസ് സംരക്ഷണത്തോടെ പുലർച്ചെ മൂന്നു മണിയോടെ പ്രത്യേകം വാഹനങ്ങളിൽ വീടുകളിൽ എത്തിക്കുകയായിരുന്നു. ലാത്തി വീശിയതിനു ശേഷം പിരിഞ്ഞുപോയ പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ വച്ച് ട്വന്റി20 ക്ക് നേതൃത്വം നൽകുന്ന വ്യവസായ ഗ്രൂപ്പിന്റെ വാഹനം തടഞ്ഞു നിർത്തി തീയിട്ടു. പിന്നാലെ നിരോധനാജ്ഞയും പ്രഖ്യാപിച്ചതോടെ ഓണം മേള മുടങ്ങി. 

ഓണത്തിനു അൻപതു ശതമാനത്തോളം വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരം തകർത്ത രാഷ്ട്രീയ നേത‍ൃത്തത്തോട് ജനങ്ങൾ വിമുഘത കാട്ടിയെന്നതിന്റെ തെളിവായിരുന്നു പിന്നാലെ വന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് നാട്ടുകാർ പറയുന്നു. ഇന്നും ഓരോ പദ്ധതികൾക്കും തടസവുമായി രാഷ്ട്രീയ കക്ഷികൾ ഉണ്ടത്രെ. ഇതോടെ കേസ് നടത്താൻ പ്രത്യേക ഫണ്ട് നീക്കിവയ്ക്കേണ്ട അവസ്ഥയാണെന്ന് ട്വന്റി20 നേതൃത്വവും പറയുന്നു.

 പഞ്ചായത്ത് ഭരണം കൈക്കുമ്പിളിൽ

ernakulam-kizhakkambalam-twenty20-1

കിഴക്കമ്പലം കണക്കുകളിൽ സമ്പൂർണ ‘സ്വതന്ത്ര’ പ‍ഞ്ചായത്താണ്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഒരു സ്ഥാനാർഥി പോലും ഔദ്യോഗിക ചിഹ്നത്തിൽ ജയിക്കാത്ത പഞ്ചായത്ത്. 2010–ൽ 16 വാർഡുകളിലും കോൺഗ്രസ് ജയിച്ച പഞ്ചായത്തായിരുന്നു കിഴക്കമ്പലം. നിലനിൽപിന്റെ രാഷ്ട്രീയവുമായി തിരഞ്ഞെടുപ്പ് ഗോഥയിലേക്കിറങ്ങിയ ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിൽ പുതുചരിത്രം നെയ്തെടുത്തു. യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികളുടെ വെല്ലുവിളികളെ അതിജീവിച്ച് നേടിയെടുത്തത് പഞ്ചായത്ത് ഭരണം. 

എന്തു ചെയ്യാനാകുമെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷമാണു ട്വന്റി 20 തിരഞ്ഞെടുപ്പിനിറങ്ങിയത്. 19 സീറ്റുകളിൽ 17–ലും അവർ ജയിച്ചപ്പോൾ ഭരണമുന്നണിയായിരുന്ന യുഡിഎഫ് ഒരു സീറ്റിൽ ഒതുങ്ങി. എസ്ഡിപിഐ ഒരു സീറ്റിൽ ജയിച്ചപ്പോൾ, പ്രതിപക്ഷമായിരുന്ന എൽഡിഎഫ് തുടച്ചുനീക്കപ്പെട്ടു. പൂക്കാട്ടുപടി, കിഴക്കമ്പലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും വിജയം ഒപ്പം നിന്നപ്പോൾ വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ തോറ്റു.

പദ്ധതികൾ റോക്കറ്റേറുന്നു

ernakulam-kizhakkambalam-twenty20-10

2020 മുതൽ കൃഷിയിൽ നിന്നുമാത്രം ട്വന്റി20 ലക്ഷ്യം വയ്ക്കുന്നത് 85 കോടി രൂപയാണ്. ഇതിനുള്ള അടിസ്ഥാന പ്രവർത്തനങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞു. സൗജന്യമായി എക്കാലവും സേവനങ്ങൾ നൽകി ആളുകളെ മടിയന്മാരാക്കാൻ ഉദ്ദേശമില്ലെന്ന് ട്വന്റി20 നേതൃത്വം പറയുന്നു. ആളുകൾക്ക് സ്വയം പര്യാപ്തമാകാനുള്ള അവസരമാണ് നിലവിൽ ട്വന്റി20 നൽകുന്നത്. ഇത് പൂർത്തിയാകുന്നതോടെ, നിലവിൽ ഇതിനു ചിലവാക്കുന്ന വിഹിതം കൂടി ഉൾപെടുത്തി വികസനത്തിന്റെ മറ്റു മേഖലകളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കും. 

ernakulam-kizhakkambalam-twenty20-11

ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഗര്‍ഭിണികള്‍ക്കും അഞ്ച് വയസിന് താഴെ യുള്ള കുട്ടികള്‍ക്കും മുട്ടയും പാലും പോഷകാഹാര കിറ്റും സ്വജന്യമായി നൽകി വരുന്നു. കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ആധുനിക രീതിയിലുള്ള സ്‌കൂളുകള്‍ ആരംഭിക്കാനുള്ള ആലോചനയും ട്വന്റി20 നടത്തുന്നുണ്ട്.

Kizhakkambalam-t20-03

കൃത്യമായ ചര്‍ച്ചകളിലൂടെയും ആസൂത്രണത്തിലൂടെയുമാണ് ട്വന്റി20 പഞ്ചായത്തിലെ 17 വാര്‍ഡുകളുടെയും വികസനപദ്ധതികള്‍ മുന്നേറുന്നത്. 17 വാര്‍ഡുകളിലും 70 പേരടങ്ങുന്ന കമ്മിറ്റികള്‍ യോഗം ചേര്‍ന്നാണ് വാര്‍ഡിന്റെ വികസനവും ആവശ്യങ്ങളം ചര്‍ച്ച ചെയ്യുന്നത്. പരിസര ശുചീകരണം, കുടുംബ ബന്ധങ്ങള്‍, കൃത്യനിഷ്ഠത തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേകം ക്ലാസും നല്‍കിവരുന്നു. യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കാനും മാസത്തില്‍ രണ്ട് ഞായറാഴ്ച 250 പേരടങ്ങുന്ന സംഘങ്ങളായി ഓരോ വാര്‍ഡിലും റോഡും പരിസരവും വൃത്തിയാക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നു.  ജനങ്ങളില്‍ ശുചിത്വബോധവും അച്ചടക്കവും മാതാപിതാക്കളോടുള്ള കരുതലും വര്‍ധിപ്പിച്ച് മഹത്തായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ട്വന്റി20 ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറയുന്നു.

Kizhakkambalam-t20-07

പഞ്ചായത്തിലെ ജല സ്രോതസ്സുകൾ നവീകരിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തോടുകൾ വൃത്തിയാക്കി കല്ലുകെട്ടി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതു പൂർത്തിയാകുന്നതനുസരിച്ച് ചെറിയ തടയണകൾ നിർമ്മിച്ച് മൽസ്യ കൃഷിക്കുള്ള സൗകര്യമൊരുക്കും. ഇവിടെ താൽപര്യമുള്ളവർക്ക് കൃഷിയിറക്കാം. തോടുകളുടെ കരയിൽ തെങ്ങുകൾ വച്ചു പിടിപ്പിക്കും. ഇതിൽ നിന്നുള്ള ആദായം പഞ്ചായത്തിനു ലഭിക്കും.

കിഴക്കമ്പലം ഇന്ന് ഒരു വിജയഗാഥയുടെ പര്യായമാണ്. സമാനതകളില്ലാത്ത പാതയിലൂടെയാണ് ഈ നാടിന്റെ സഞ്ചാരം. ട്വന്റി20 ക്ക് നേതൃത്വം നൽകുന്ന വ്യവസായ ഗ്രൂപ്പിന്റെ സ്വകാര്യ നേട്ടത്തിനാണ് ഈ പ്രവർത്തനങ്ങളെന്നാണ് ആദ്യം മുതലേയുള്ള ആരോപണം. എന്നാൽ ഇത്രയും കാലം പ്രധാന രാഷ്ട്രീയ മുന്നണികളെല്ലാം എതിർ ചേരിയിൽ നിന്നിട്ടും ആരോപണങ്ങൾ തെളിയിക്കാനായില്ല എന്നു പറയുമ്പോൾ ട്വന്റി20ക്ക് ഒപ്പം നിൽക്കുകയേ തരമുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.