എക്കലേറി വേമ്പനാട്ടു കായൽ അവശ നിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cochin-vempanattu-kayal എക്കൽ അടിഞ്ഞ് ഏക്കറുകളോളം നികന്ന വേമ്പനാട്ടു കായൽ, കുമ്പളം പരിസരത്തെ ദൃശ്യം.

മരട് ∙ കേരളത്തിന്റെ ജീവസമ്പത്തിനേയും ജൈവ വൈവിധ്യത്തേയും നിലനിർത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്ന വേമ്പനാട്ട് കായൽ കണ്ടാൽ ഇപ്പോൾ മൃതപ്രായമായ കൂനൻ ചെമ്മീൻ ചുരുണ്ടുകൂടി കിടക്കുന്നതു പോലെ തോന്നും. 'റാംസർ സൈറ്റാ'യി പ്രഖ്യാപിക്കപ്പെട്ട കായലിന്റെ സ്ഥിതി കണ്ടാൽ ഉള്ളു പിടയും.


എക്കൽ അടിഞ്ഞു കായൽ നികരുകയാണ്. പത്തു വർഷമായി തുടർന്നു വരുന്ന പ്രതിഭാസം അതിന്റെ രൂക്ഷത പുറത്തെടുത്തു തുടങ്ങി. ഏറെ നാളായി കായലിൽ മൽസ്യ ലഭ്യത വളരെ കുറവാണെന്നു മൽസ്യത്തൊഴിലാളികൾ പറയുന്നു. കായലിന്റെ തീരങ്ങളിൽ കിലോമീറ്ററുകളോളമാണ് എക്കലും ചെളിയും അടിഞ്ഞു കൂടിയത്. ഇക്കാരണത്താൽ മൽസ്യ ബന്ധനത്തിനു വഞ്ചികൾ ഇറക്കാനും ഇറക്കുന്ന വഞ്ചികൾ കരയിലേക്കു കയറ്റിവയ്ക്കുവാനും കഴിയാത്ത അവസ്ഥയാണ്.

cochin-kaivazhy-vempanattu-kayal പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമായ വേമ്പനാട്ടു കായലിന്റെ കൈവഴി, നെട്ടൂർ മുളകരച്ചിറ ഭാഗത്തെ കാഴ്ച.


കായലിന്റെ ഒഴുക്കിൽ വന്ന വ്യതിയാനമാണു കാരണം. കായൽ നികന്നുവരുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ചെളിയും എക്കലും അടിയുന്നതെന്നു മൽസ്യത്തൊഴിലാളികൾ പറയുന്നു.വള്ളം അടുപ്പിക്കാൻ കഴിയാത്തതിനാൽ തീരത്തോടു ചേർന്നു മണൽപുറത്താണു വഞ്ചികൾ കയറ്റി വയ്ക്കുന്നത്.

നിലവിൽ അടിഞ്ഞു കൂടിയ എക്കലും ചെളിയും കോരി നീക്കം ചെയ്താൽ ഏറെ പ്രയോജനകരമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കായൽ തീരങ്ങളിൽനിന്നു നീക്കം ചെയ്യുന്ന ചെളി വളമായി ഉപയോഗിക്കാൻ കഴിയുമെന്നും ഇതുമൂലം കായൽ നികരുന്ന അവസ്ഥ മാറുമെന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു.കായലിന്റെ ആസന്ന മരണത്തെപ്പറ്റി മുന്നറിയിപ്പുകൾ പലതു നൽകിയിട്ടും മാറി മാറി വന്ന സർക്കാരുകൾ സ്ഥിരമായി അവഗണിക്കുന്നതാണു പ്രശ്നം രൂക്ഷമാക്കുന്നതെന്നും ഇവർ ആക്ഷേപം ഉന്നയിച്ചു.


‌എക്കൽ വരും വഴികൾ

∙ കുമ്പളം, അരൂർ, കുമ്പളങ്ങി, അരൂക്കുറ്റി തുടങ്ങിയ മേഖലകളിലെ ടൂറിസം വികസനത്തിന്‌ ആവിഷ്‌കരിച്ച നിർദിഷ്ട ടൂറിസം പദ്ധതിക്ക് എക്കൽ ഭീഷണിയാണ്. മുൻകരുതലുകൾ എടുത്തില്ലെങ്കിൽ നിർദിഷ്‌‌‌ട വാട്ടർ മെട്രോയേയും എക്കൽ ബാധിക്കാൻ സാധ്യതയുണ്ട്. കായലിൽ ഇപ്പോൾ അവിടവിടെ മണൽത്തിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്.വികസനക്കുതിപ്പുമായി എത്തിയ പാലങ്ങൾ കായലിന്റെ നീരൊഴുക്കു കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിച്ചതായി മൽസ്യത്തൊഴിലാളികൾ പറയുന്നു.

പ്രധാന കായലിന്റെ കൈവഴികളിലെ ചെറു പാലങ്ങൾ കൂടാതെ അരൂർ- അരൂക്കുറ്റി, കുമ്പളം – അരൂർ രണ്ടു പാലങ്ങൾ, റെയിൽവേ പാലം, അരൂർ-ഇടക്കെ‌ാച്ചി, ഇടക്കൊച്ചി – വില്ലിങ്ഡൻ ഐലൻഡ് എന്നീ പാലങ്ങളാണ് വേമ്പനാട്‌ കായലിനു കുറുകെയുള്ള വലിയവ.    കൈവഴികളിൽ ഇപ്പോഴും നിർമാണം നടക്കുന്നവയും ഉണ്ട്.

ഇവയുടെ നിർമാണത്തിനു തൂണുകൾ സ്‌ഥാപിക്കുന്നതിന് എടുത്ത മണൽ കരാറുകാർ യഥാസമയം നീക്കം ചെയ്യാതെ കായലിൽ ഉപേക്ഷിച്ചതാണു മണൽ തിട്ടകൾ രൂപപ്പെടുന്നതിന്‌ ഒരു കാരണം. കുമ്പളം – അരൂർ റെയിൽവേ പാലത്തിലെ ട്രാക്കിൽ നിന്നു ടൺ കണക്കിനു മെറ്റൽ കായലിൽ തള്ളുന്നതിന് എതിരെ മൽസ്യത്തൊഴിലാഴികൾ സമരം നടത്തിയിട്ടുണ്ട്.

കയ്യേറ്റം കൂടാതെ നിരുത്തരവാദപരമായ ഇത്തരം നടപടികളും കായലിൽ എക്കൽ അടിയുന്നതിനു കാരണമായി. തേവര-ചമ്പക്കര കനാൽ ഡ്രജ് ചെയ്യുമ്പോഴുള്ള ചെളിയും കപ്പൽശാല ഭാഗത്തെ ഡ്രജിങ് ചെളിയുമെല്ലാം കായൽ വെള്ളത്തിൽ തന്നെ തള്ളുന്നതും എക്കലടിയുന്നതിനു കാരണമായി മൽസ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.


പ്ലാസ്റ്റിക് ലാമിനേറ്റ‍ഡ് കായൽ   

∙സംസ്ഥാനത്ത് ഏറ്റവും അധികം പ്ലാസ്റ്റിക് മാലിന്യം ഉള്ളതു വേമ്പനാട്ട് കായലിലാണ്. 'ലിറ്റർ ബേസ്' എന്ന രാജ്യാന്തര ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിൽ, ഇവിടെ നിന്നു പിടിക്കുന്ന മൽസ്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത് അടുത്തിടെയാണ്.

കൈവഴികളിലൂടെയും പ്രധാന കായലിലൂടെയും ദിവസം തോറും ടൺ കണക്കിനു പ്ലാസ്റ്റിക്കാണു കായലിൽ എത്തുന്നത്. എക്കലിൽ ഇവ തടഞ്ഞു നിൽക്കുന്നതു കൊതുകുകൾക്കു മുട്ടിയിട്ടു പെരുകുവാൻ അവസരം ഉണ്ടാക്കുന്നു.    കാറ്റ് ഉണ്ടായിട്ടും തീരദേശ മേഖലയിൽ കൊതുകു ശല്യം കൂടാൻ കാരണം ഇതാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വേമ്പനാട്ടു കായലിനെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞായിരിക്കും അടുത്ത തലമുറയ്ക്കു കിട്ടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.