വരുന്നത് ആശങ്കകളുടെ മീൻപിടിത്തക്കാലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ernakulam-kochi-gosree കൊച്ചി ഗോശ്രീ ജം‌ക്‌ഷനിലെ ഹാർബറിൽ പുതിയ സീസണിനായി തയാറെടുത്ത ബോട്ടുകൾ.

വൈപ്പിൻ ∙ ട്രോളിങ്  നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. പുതിയൊരു  മീൻപിടിത്ത സീസണിനു തുടക്കം കുറിച്ചു കടലിലിറങ്ങാനുള്ള അസാനഘട്ട ഒരുക്കങ്ങളിലാണു ഫിഷിങ് ബോട്ടുകൾ.  പണ്ടൊക്കെ നിറഞ്ഞ പ്രതീക്ഷകളോടെയാണു  ബോട്ടുകൾ അഴിമുഖം താണ്ടി കടലിന്റെ വിശാലതയിലേക്കു കുതിച്ചിരുന്നതെങ്കിൽ  ഇപ്പോൾ ദൃശ്യമാവുന്നത് ആശങ്കകളാണ്. വലിയ പ്രതീക്ഷകൾ ആർക്കും പങ്കു വയ്ക്കാനില്ല. കടലിൽ മീനില്ലാത്തതു കൊണ്ടല്ല, കാരണങ്ങൾ പലതുണ്ട്.

ആധിപത്യം വൻകിടക്കാർക്ക്

∙ ഫിഷിങ് ബോട്ട് രംഗത്ത് ചെറുകിട–ഇടത്തരക്കാർക്കു പ്രാമുഖ്യം നഷ്ടപ്പെട്ടു തുടങ്ങിയിട്ടു വർഷങ്ങളായി. ദശകങ്ങളുടെ മീൻപിടിത്ത പാരമ്പര്യമുള്ളവരാണ് അവരിൽ ഭൂരിഭാഗമെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. അവരെപ്പോലും അമ്പരപ്പിക്കുന്ന  വേഗത്തിലായിരുന്നു ഫിഷിങ് രംഗത്ത് ആധുനികതയുടെ കടന്നുകയറ്റം. പുതുതായി  മുതൽമുടക്കാൻ വന്നവർക്കു വലിയ ബോട്ടുകളിലും ശക്തിയേറിയ എൻജിനുകളിലുമായിരുന്നു താൽപര്യം. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ മീൻ പിടിച്ചു കരയിലെത്തിക്കുകയെന്നതാണ് ഇക്കൂട്ടരുടെ മുദ്രാവാക്യം. അതോടെയാണു  ചെറുകിട-ഇടത്തരക്കാർ അപ്രസക്തരായത്. എന്നാൽ അതുകൊണ്ടു നേട്ടങ്ങളേക്കാൾ കോട്ടങ്ങളാണുണ്ടായതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

നേരത്തെ മൂന്നു മാസം, ഇപ്പോൾ മൂന്നാഴ്ച

∙ കേരളത്തിൽ ട്രോളിങ് നിരോധനം ആരംഭിച്ചിട്ടു മൂന്നു ദശകമായിട്ടുണ്ടാവുമെന്നാണു കണക്ക്. അതിൽതന്നെ ചിട്ടയോടെ നിരോധനം നടപ്പാക്കിത്തുടങ്ങിയിട്ടു കാൽ നൂറ്റാണ്ടെങ്കിലും ആയിക്കാണും. കടലിലെ മൽസ്യ സമ്പത്തു വർധിപ്പിക്കുകയെന്ന  ലക്ഷ്യത്തോടെ ആരംഭിച്ച നിരോധനം ഗുണകരമാകുകയും ചെയ്തിട്ടുണ്ട്. മുൻകാലത്തു  നിരോധനം കഴിഞ്ഞു കടലിലിറങ്ങുന്ന ബോട്ടുകൾ മൂന്നു മാസത്തെ സമൃദ്ധമായ സീസണാണു മനസ്സിൽ കണ്ടിരുന്നത്. അവരുടെ  കണക്കൂകൂട്ടൽ തെറ്റിയിരുന്നുമില്ല. എന്നാൽ ഇപ്പോൾ സീസൺ മൂന്നാഴ്ചകൊണ്ട് അവസാനിക്കും. പിന്നീടു ബോട്ടുകൾ കാര്യമായി ചരക്കില്ലാതെയാണു തീരത്തെത്തുക. ബോട്ടുകളുടെ എണ്ണവും വലുപ്പവും വർധിച്ചതുകൊണ്ടുണ്ടായ സ്ഥിതിവിശേഷമാണിതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. മീൻപിടിക്കാനും കരയിൽ എത്തിക്കാനുമുള്ള സൗകര്യങ്ങൾ വർധിച്ചെങ്കിലും അനുബന്ധ സൗകര്യങ്ങൾ അതിനനുസരിച്ചു മെച്ചപ്പെട്ടില്ലെന്നതു വലിയ തിരിച്ചടിയായി.

സംഭരണം, മൂല്യവർധനവ്; സൗകര്യമില്ല

∙ കൂറ്റൻ ബോട്ടുകൾ ടൺ കണക്കിനു മീനുമായെത്തുന്നതു ഹാർബറുകൾക്ക് ഉത്സവമാണെന്നതിനു തർക്കമില്ല. എന്നാൽ ഈ മീനുകളുടെ പകുതി പോലും സംഭരിക്കാനുള്ള സൗകര്യങ്ങൾ ഹാർബറുകളിലോ അവയോടനുബന്ധിച്ചോ ഇല്ല.  എത്ര ഡിമാൻഡുള്ള ഉൽപന്നവും കുറഞ്ഞ സമയത്തിനുള്ളിൽ വൻതോതിൽ എത്തിയാൽ വില കുത്തനെ കുറയുന്നതു സ്വാഭാവികം. പെട്ടെന്നു ചീഞ്ഞു നശിക്കുന്ന മീനിന്റെ കാര്യം  പറയാനുമില്ല. ഫലത്തിൽ കുറഞ്ഞ വിലയ്ക്കു ചരക്കു വിറ്റ് ഒഴിവാക്കേണ്ടി വരുന്ന  സാഹചര്യമാണ്. മീൻ, മറ്റു മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനുള്ള സൗകര്യം  ഇല്ലെന്നതു കാര്യങ്ങൾ ഗുരുതരമാക്കുന്നു.

ചെറുമീൻ വേട്ട, നല്ലതോ ചീത്തയോ 

∙ അടുത്തകാലത്തു കടൽ മീൻപിടിത്ത മേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു ബോട്ടുകൾ വൻതോതിൽ ചെറുമീനുകൾ പിടികൂടുന്നതുമായി ബന്ധപ്പെട്ട തർക്കം. ചെറുമീൻവേട്ട പൊതുവെ മൽസ്യസമ്പത്തിനെ ബാധിക്കുമെന്ന നിഗമനത്തിലാണു വാദപ്രതിവാദങ്ങൾ എത്തിനിന്നതെങ്കിലും മറിച്ചുള്ള  വാദങ്ങളും ഇല്ലാതില്ല.മീൻപിടിത്തത്തിനിടെ കാര്യമായ തോതിൽ ചെറുമീനുകൾ വലയിലാവുന്നതു പുതിയ കാര്യമല്ലെന്നാണ് ഈ രംഗത്തുള്ള ചിലർ ചൂണ്ടിക്കാട്ടുന്നത്. ആർക്കും വേണ്ടാത്തതിനാൽ അന്നൊക്കെ അതു കടലിൽ കള‍ഞ്ഞിട്ടു പോരുന്നതായിരുന്നു ബോട്ടുകളുടെ രീതി... എന്നാൽ വില കിട്ടിത്തുടങ്ങിയതോടെ അതും കരയിലെത്തിക്കാൻ തുടങ്ങുകയായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ഹാർബറുകളിൽ ചെറുമീനുമായി എത്തുന്ന ബോട്ടുകളെ പിടികൂടാൻ തുടങ്ങിയാൽ അവ ചെറുമീൻ വേട്ട അവസാനിപ്പിക്കുകയല്ല, മറിച്ച് അതിനു ഡിമാൻഡുള്ള ഇതര സംസ്ഥാന ഹാർബറുകളിലേക്കു പോകുകയാണു ചെയ്യുകയെന്നും ചൂണ്ടിക്കാട്ടുന്നു. വൈപ്പിനിലെ ഹാർബറുകളിൽ അടുത്തിരുന്ന ഒട്ടേറെ ബോട്ടുകൾ കഴി‍ഞ്ഞ സീസണിൽ കന്യാകുമാരിയിലെ ഹാർബറുകളിലേക്കു തട്ടകം മാറ്റിയതിനു കാരണവും മറ്റൊന്നല്ല. ഇതു തൊഴിൽ നഷ്ടത്തിനു കാരണമാകുകയും ചെയ്തു. ഫലത്തിൽ ചെറുമീനുകളെ കഴിയുന്നത്ര ഒഴിവാക്കാൻ കഴിയുന്ന  മീൻപിടിത്ത രീതി ആവിഷ്ക്കരിക്കുകയാണു വേണ്ടതെന്നാണു പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.