മേരി എസ്തപ്പാന് അംഗീകാരം; അഭയഭവൻ കുടുംബത്തിനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ernakulam-help

പെരുമ്പാവൂർ ∙ സാമൂഹിക സേവനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള, സംസ്ഥാന സർക്കാരിന്റെ അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് അഗതികളുടെ സംരക്ഷക മേരി എസ്തപ്പാനെ തേടിയെത്തുമ്പോൾ സന്തോഷിക്കുന്നത് അഭയഭവനെന്ന കുടുംബം കൂടിയാണ്. മനോദൗർബല്യത്താൽ തെരുവിൽ അലഞ്ഞിരുന്ന 450 പേരെയാണു മേരി എസ്തപ്പാൻ കൂവപ്പടിയിലെ അഭയഭവനിൽ സംരക്ഷിക്കുന്നത്.

1998ലാണ് അങ്കമാലി കവരപറമ്പ് മേനാച്ചേരി കുടുംബാംഗമായ മേരി എസ്തപ്പാൻ കൂവപ്പടിയിൽ അഭയഭവൻ ആരംഭിക്കുന്നത്. കൂവപ്പടിയിൽ വിവാഹം കഴിച്ചെത്തിയതോടെയാണ് ഇത്തരമൊരു ആലോചനയുണ്ടാകുന്നത്. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോയപ്പോൾ കണ്ട മനോദൗർബല്യമുള്ള തമിഴ്നാട് സ്വദേശി അഭയകേന്ദ്രത്തെക്കുറിച്ചുള്ള ചിന്ത പടർത്തി. സംരക്ഷിക്കാനാരുമില്ലാതെ തെരുവിൽ അലയുന്നവർക്കു തണലാകുകയായിരുന്നു പീന്നീട് മേരി. ആദ്യമൊക്കെ എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും തളരാതെ മുന്നേറി. പിന്നീടു വ്യക്തികളും സംഘടനകളും സഹായവുമായി എത്തിയതോടെ ധൈര്യമായി.

പ്രധാനമായി പൊലീസുകാർ വഴിയാണ് അന്തേവാസികൾ ഇവിടെയെത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലും തെരുവിലും സന്നദ്ധ പ്രവർത്തകർ കണ്ടെത്തുന്നവരെയും പ്രവേശിപ്പിക്കും. ചികിൽസയിലൂടെയും പരിചരണത്തിലൂടെയും രോഗം ഭേദമാകുന്നവരെ ബന്ധുക്കളെ കണ്ടെത്തി അവർക്കൊപ്പം അയയ്ക്കും. ബന്ധുക്കൾ തേടിയെത്താത്തവർക്ക് അവസാന വീട് അഭയഭവൻ തന്നെ.

18 മുതൽ 90 വയസ്സു വരെയുള്ളവർ അന്തേവാസികളാണ്. മലയാളികൾ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽനിന്ന് അലഞ്ഞുതിരിഞ്ഞെത്തിയ ഒട്ടേറെ പേരും ഇവിടെയുണ്ട്. ചിലർ കിടപ്പുരോഗികളാണ്. മറ്റു ചിലർക്കു സ്ഥിരം മരുന്നു വേണം. എങ്കിലും മേരിക്ക് എല്ലാവരും അഭയഭവനെന്ന കുടുംബത്തിലെ മക്കളാണ്. 1.7 ഏക്കർ സ്ഥലത്താണ് അഭയഭവൻ. 16 നഴ്സുമാർ ഉൾപ്പെടെ 33 പേർ ജോലിക്കാരായുണ്ട്. നാലു സർക്കാർ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നു. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായവും സർക്കാർ ഗ്രാന്റുമാണ് അഭയഭവനെ മുന്നോട്ടുനയിക്കുന്നത്.

40–ാം വയസ്സിലാണ് മേരി അഭയഭവൻ ആരംഭിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ‌20–ാം വാർഷികം. 35ലേറെ പുരസ്കാരങ്ങൾ മേരിയെ തേടിയെത്തി. പുരസ്കാരങ്ങൾ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജമാണെന്ന് അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.