go

വെള്ളപ്പൊക്കം കാണാൻ വൻ ജനത്തിരക്ക്; ആളുകൾ എത്തുന്നത് കുടുംബസമേതം

പെരിയാറിൽ ജലനിരപ്പ് ഉയരുന്നതു കാണാൻ വൈകിട്ട് ആലുവ മണപ്പുറത്ത് എത്തിയവർ.
SHARE

ആലുവ ∙ പെരിയാർ കരകവിഞ്ഞതോടെ വെള്ളപ്പൊക്കം കാണാൻ വൻ ജനത്തിരക്ക്. കുടുംബസമേതം ആളുകൾ തിക്കിത്തിരക്കിയതോടെ മണപ്പുറത്തേക്കുളള പ്രധാന റോഡിലേക്കു വാഹനങ്ങൾ കടത്തി വിടുന്നതു പൊലീസ് തടഞ്ഞു. ഇതോടെ ഇടവഴികളിലൂടെയായി ജനപ്രവാഹം. രാത്രി വൈകിയും ജനം കൂട്ടമായി വെള്ളപ്പൊക്കം കാണാനുളള വ്യഗ്രതയിലായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സെൽഫിയെടുക്കലും സമൂഹമാധ്യമങ്ങളിലെ തൽസമയ സംപ്രേഷണങ്ങളുമായിരുന്നു തീരത്തെ പ്രധാന കാഴ്ച. 

തോട്ടയ്ക്കാട്ടുകര ഓൾഡ് ദേശം കടവിൽ ഏതാണ്ട് അരകിലോമീറ്ററോളം വീതിയിലാണു മണപ്പുറം പുഴയെടുത്തത്. ഇവിടെ പല ലെയ്നുകളും വെളളത്തിനടിയിലായി. പുഴയോടു ചേർന്നുളള വീടുകളും ഫ്ലാറ്റുകളുമാണു പ്രധാനമായും സുരക്ഷാഭീഷണി നേരിടുന്നത്. 

ഇടമലയാറിനു ശേഷം ചെറുതോണി അണക്കെട്ടുകൂടി തുറന്നതോടെ പെരിയാർ തീരത്തു താമസിക്കുന്നവർ ആശങ്കയിലായി. വെള്ളം വീണ്ടും ഉയർന്നാൽ ചെയ്യേണ്ട കാര്യങ്ങളായിരുന്നു പലരുടെയും ചർച്ച. ആലുവ ശിവക്ഷേത്രം കടവിൽ പടിക്കെട്ടുകൾ വരെ വെളളമെത്തി. ശിവക്ഷേത്രത്തിലേക്കുളള പ്രധാന റോഡിൽ ഇരുവശത്തുമായി വാഹനങ്ങൾ നിർത്തിയതു മൂലം റോഡിൽ ഗതാഗത കുരുക്കായി. ജനങ്ങൾ കൂട്ടമായി എത്തുന്നത് അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. 

ഏലൂരിൽ പെരിയാർ കരകവിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം വെളളത്തിനടിയിലായി. ഏഴരയോടെ വെളളത്തിന്റെ അളവു കുറഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു. ഏലൂർ പാലത്തിൽനിന്നു താഴേക്കുളള പടികളിൽ മുക്കാൽ ഭാഗവും വെളളത്തിനടിയിലായി. 

നിരീക്ഷിച്ച് റെയിൽവേ

റെയിൽവേ പാലത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ സുരക്ഷാപരിശോധന നടത്തി. ഇലക്ട്രിക്കൽ വിഭാഗം രാത്രി പാലത്തിനു താഴെ ഉയരുന്ന വെളളത്തിന്റെ അളവു മനസ്സിലാക്കാൻ കൂടുതൽ ലൈറ്റുകൾ സ്ഥാപിച്ചു. വെളളം ക്രമാതീതമായി ഉയർന്ന് അപായഅളവ് കടന്നാൽ ട്രെയിനുകൾ വേഗം കുറച്ചു കടത്തിവിടും. ജലനിരപ്പ് എട്ടടി കൂടി ഉയർന്നാൽ മാത്രമേ അപായ മാർക്കിങ്ങിന് അടുത്തെത്തൂവെന്ന് അധികൃതർ പറഞ്ഞു. 

വെളളപ്പൊക്ക ഭീഷണി നേരിടുന്ന ചാലക്കുടി, ആലുവ പാലങ്ങളിൽ പ്രത്യേക നിരീക്ഷണത്തിനായി എൻജിനീയറിങ് വിഭാഗം ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും റെയിൽവേ നിയോഗിച്ചിട്ടുണ്ട്. ഇടമലയാർ ഡം തുറന്നപ്പോഴുണ്ടായിരുന്ന അതേ ജലനിരപ്പ് ഇപ്പോഴും തുടരുകയാണെന്നു റെയിൽവേ അറിയിച്ചു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama