go

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ശക്തം; വൻ ജനപ്രവാഹം

ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കന്യാസ്ത്രീകളടക്കമുള്ളവർ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു സമരപ്പന്തലിലെത്തിയ ജനാവലി.
ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കന്യാസ്ത്രീകളടക്കമുള്ളവർ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു സമരപ്പന്തലിലെത്തിയ ജനാവലി.
SHARE

കൊച്ചി ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപവാസ സമരം അഞ്ചാം ദിവസത്തിലേക്കു കടന്നപ്പോൾ സമരത്തിനു പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക സംഘടനകൾ രംഗത്തെത്തി. സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ‌ കൗൺസിൽ നടത്തുന്ന സമരത്തിനു സഹായമേകാൻ  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തുകയാണ്.

സമരം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാനും തീരുമാനിച്ചു. നാളെ സംസ്ഥാന വ്യാപകമായി വൈകിട്ട് 5 മുതൽ 6 വരെ അതതു പ്രദേശങ്ങളിലുള്ളവർ സംഘടിച്ചു സമരത്തിനു പിന്തുണ പ്രഖ്യാപിക്കുമെന്നു സമരസമിതി അറിയിച്ചു. ഐഎൻടിയുസി, ആർഎംപി പ്രവർത്തകർ പ്രകടനമായാണു സമരവേദിയിലെത്തിയത്. സിപിഎം നേതാവ് എം.എം. ലോറൻസ്, കോൺഗ്രസ് നേതാക്കളായ അജയ് തറയിൽ,

ഷാനിമോൾ ഉസ്മാൻ, ബിജെപി നേതാക്കളായ ശോഭ‌ാ സുരേന്ദ്രൻ, എ.എൻ. രാധാക്യഷ്ണൻ, ലോക് താന്ത്രിക് ജനതാദൾ നേതാക്കളായ എം.വി. ശ്രേയാംസ് കുമാർ, ഡോ. വർഗീസ് ജോർജ്, ആർഎംപി നേതാവ് കെ.കെ. രമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ എന്നിവർ പിന്തുണ അറിയിച്ചു സമരപ്പന്തലിലെത്തി.

‌സമരത്തിനെതിരെ സർക്കുലർ

അതേ സമയം കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോടു സഹകരിക്കരുതെന്നു നിർദേശം നൽകി സിഎംസി സിസ്റ്റേഴ്സിനു സുപ്പീരിയർ ജനറൽ  സർക്കുലർ അയച്ചു. കന്യാസ്ത്രീകൾ സമരരംഗത്ത് ഇറങ്ങുന്നതു തടയാനാണു സർക്കുലർ.

പുറത്താക്കിയാലും സമരം

മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിൽ നിന്നു പുറത്താക്കിയാലും സഭയ്ക്കുള്ളിൽ നിന്നു തന്നെ സമരം ചെയ്യുമെന്നു കന്യാസ്ത്രീകൾ പറഞ്ഞു. കന്യാസ്ത്രീകൾ ഗൂഢാലോചന നടത്തുന്നുവെന്ന ബിഷപ് ഫ്രാങ്കോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.

നിയമ സഹായം

ബിഷപ് പീഡിപ്പിച്ച കന്യാസ്ത്രീക്കു മഹിളാ കോൺഗ്രസ് എല്ലാ നിയമസഹായവും നൽകുമെന്നു മഹിളാ കോൺഗ്രസ് ദേശീയ  സെക്രട്ടറി ഫാത്തിമ റോസ്ന അറിയിച്ചു.
ഇരയ്ക്കു നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചു നത്തുന്ന സമരം അഞ്ചുദിവസം പിന്നിട്ടിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതു പ്രതിഷേധാർഹമാണ്.

സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടും സമരം തുടരുന്നവർക്കു പിന്തുണ അറിയിച്ചും  ഇന്നലെ ഹൈക്കോടതി ജംക്‌ഷനിലെത്തിയതു കലാ, സാംസ്കാരിക രംഗത്തെ ഒട്ടേറെപ്പേരാണ്. കൽപറ്റ നാരായണൻ, ഡോ. സുനിൽ പി. ഇളയിടം, നോവലിസ്റ്റ് പി.എഫ്. മാത്യൂസ്, എസ്. ശാരദക്കുട്ടി, പി. ഗീത, എം.എം. സോമശേഖരൻ, കുസുമം ജോസഫ്, എന്നിവർക്കൊപ്പം അഭിനേതാക്കളായ ടി.പി. മാധവൻ, സംഗീത സംവിധായകൻ ബിജിപാൽ, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും വേദിയിലെത്തി. ഊരാളി മാർട്ടിന്റെ നേതൃത്വത്തിൽ ഗായകസംഘം പാട്ടുകളും അവതരിപ്പിച്ചു.

അന്വേഷണ റിപ്പോർട്ട് ഇന്നു കോടതിയിൽ

ന്യൂഡൽഹി∙ ജലന്തർ ബിഷപ്പിനെതിരായ പരാതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്നു കോടതിയിൽ സമർപ്പിക്കുമെന്നും കേരള പൊലീസ് ശരിയായ അന്വേഷണം ഉറപ്പു നൽകിയതായും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ. കേസ് സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി സംസാരിച്ചു. അന്വേഷണ പുരോഗതി ഇന്നു കോടതിയിൽ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്തെങ്കിലും വീഴ്ച കണ്ടെത്തിയാൽ അന്വേഷണ സംഘത്തെ മാറ്റുമെന്നു ബെഹ്റ ഉറപ്പുനൽകിയതായും രേഖ ശർമ അറിയിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama