go

കന്യാസ്ത്രീകളുടെ സമരം: ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാരിയരും

പരക്കേ പിന്തുണ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കു പിന്തുണയേകാനെത്തിയവർ ഹൈക്കോടതി ജംക്‌ഷനിലെ സമരപ്പന്തലും കവിഞ്ഞു പുറത്തേക്കെത്തിയപ്പോൾ.      ചിത്രം: മനോരമ
പരക്കേ പിന്തുണ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കു പിന്തുണയേകാനെത്തിയവർ ഹൈക്കോടതി ജംക്‌ഷനിലെ സമരപ്പന്തലും കവിഞ്ഞു പുറത്തേക്കെത്തിയപ്പോൾ. ചിത്രം: മനോരമ
SHARE

കൊച്ചി ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ‌ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംക്‌ഷനിൽ നടക്കുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന്റെ വേദിയുടെ നേതൃത്വം ഇന്നലെ അക്ഷരാർഥത്തിൽ സ്ത്രീശക്തി കയ്യടക്കി. സമരത്തിനു ചുക്കാൻ പിടിച്ചതു നാലു വനിതകളായിരുന്നുവെന്നതിനു പുറമെ ഇന്നലെ പ്രസംഗിക്കാൻ കൂടുതൽ അവസരം നൽകിയതും വനിതകൾക്കായിരുന്നു.

അഭിഭാഷകരായ സന്ധ്യാരാജു, മായാ കൃഷ്ണൻ, ഭദ്രകുമാരി, ഇന്ദുലേഖ ജോസഫ് എന്നിവരായിരുന്നു ഇന്നലെ സമരത്തിനു നേതൃത്വം നൽകിയത്. ഇന്നു യുവജനങ്ങൾ സമരത്തിനു നേതൃത്വം നൽകുമെന്നു സമരസമിതി അറിയിച്ചു.ആറാം ദിവസത്തിലേക്കു കടന്ന സമരത്തിനു പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക സംഘടനകൾ ഇന്നലെ കൊച്ചിയിലെ സമരപ്പന്തലിലെത്തി. അനിശ്ചിതകാല ഉപവാസം തുടരുന്ന സ്റ്റീഫൻ മാത്യുവിനു െവെദ്യപരിശോധന നടത്തി.

ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതിക്കു മുൻപിൽ നടക്കുന്ന സമരത്തിൽ നിരാഹാരം കിടക്കുന്ന സ്റ്റീഫന്‍ മാത്യു രാത്രി കൊതുക് വലയ്ക്കുള്ളിൽ. ചിത്രം: റോബർട് വിനോദ് ∙ മനോരമ.
ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതിക്കു മുൻപിൽ നടക്കുന്ന സമരത്തിൽ നിരാഹാരം കിടക്കുന്ന സ്റ്റീഫന്‍ മാത്യു രാത്രി കൊതുക് വലയ്ക്കുള്ളിൽ. ചിത്രം: റോബർട് വിനോദ് ∙ മനോരമ.

സന്യാസിനിമാരായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവർ ഇന്നലെയും സമരം തുടർന്നു. കോടതി നടപടി സ്വാഗതാർഹമാണെന്ന് ഈ വിഷയം ഹൈക്കോടിയിൽ ഉന്നയിച്ച അഭിഭാഷക സന്ധ്യാരാജു പറഞ്ഞു. പഴുതടച്ചുള്ള ചാർജ് ഷീറ്റ് തയാറാക്കാനുള്ള സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. കോടതി നടപടി ബിഷപ്പിന് അനുകൂലമാണന്നു തെറ്റിദ്ധരിക്കരുതെന്നു സമരപ്പന്തലിലെത്തിയ അവർ പറഞ്ഞു. 

ഐക്യദാർഢ്യം: മഞ്ജു വാരിയർ

കൊച്ചി ∙ കന്യാസ്ത്രീകൾ ഹൈക്കോടതി ജംക്‌ഷനിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടി മഞ്ജു വാരിയരും. ഫെയ്സ്ബുക് പേജിലൂടെയാണ് മഞ്ജു നിലപാട് അറിയിച്ചത്. ‘നീതിതേടി തെരുവിലിറങ്ങേണ്ടിവന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനൊപ്പം പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകൾ ചേർത്തുപിടിക്കുന്നു. ഈ പോരാട്ടത്തിൽ ഞാനും അണിചേരുന്നു.

കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമ നടപടിയുണ്ടാകണമെന്നു ശക്തമായി ആവശ്യപ്പെടുന്നു. അതു വൈകുംതോറും വ്രണപ്പെടുന്നതു വലിയൊരു വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളും വലിയ പാരമ്പര്യമുള്ള ഒരു പുണ്യസഭയുടെ വിശ്വാസ്യതയുമാണ്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കിൽ അതു പരിഷ്‌കൃത ജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോൽവിയുമാണ്. 

സാറാ ജോസഫ് (എഴുത്തുകാരി)

കൊച്ചി ∙ പരാതിക്കാരിയായ കന്യാസ്ത്രിക്കെതിരെയും ഇവർ നടത്തുന്ന സമരത്തിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നവർ സ്ത്രീകളുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ ശ്രമിക്കണം. 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് പുറത്തു പറഞ്ഞില്ല എന്നു ചോദിക്കുന്നതു വഷളത്തരമാണ്. ഈ ചോദ്യം ചോദിക്കുന്ന മനോഭാവമാണ് നമ്മൾ മാറ്റേണ്ടത്. പി.കെ. ശശി എംഎൽഎയുടെ പ്രശ്നം വന്നപ്പോൾ കുറ്റവാളിയെ സംരക്ഷിക്കുകയും പരാതിക്കാരിയെ ഒതുക്കുകയുമാണ് ഇടതുപക്ഷം ചെയ്തത്. ബിഷപ്പിന്റെ കാര്യത്തിൽ സഭ ചെയ്തതും മറ്റൊന്നല്ല. 

കെ. അജിത (അന്വേഷി)

കൊച്ചി ∙ പീഡനത്തിനിരയായ കന്യാസ്ത്രീയോടും അവരോടൊപ്പം നിൽക്കുന്ന സഹപ്രവർത്തകരോടും ഭരണകർത്താക്കളും പൊലീസും നീതിയുക്തം പെരുമാറിയില്ലെന്നതാണ് സമരവുമായി അവരെ തെരുവിലേക്ക് ഇറക്കിയത്. സ്ത്രീകൾക്കു നീതി നിഷേധിക്കപ്പെടുന്നതും അതിനായി അവർ തെരുവിലിറങ്ങുന്നതും ഇതാദ്യമല്ല. നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെതിരെ അതിവേഗം നിയമ നടപടികൾ സ്വീകരിച്ച സർക്കാർ സംവിധാനങ്ങൾ ബിഷപ്പിന്റെ കാര്യത്തിൽ വ്യത്യസ്ത നിലപാടാണു സ്വീകരിച്ചത്.

ഭാഗ്യലക്ഷ്മി(ഡബ്ബിങ് ആർട്ടിസ്റ്റ്)

പണ്ട് കൂടെ നാം നിന്നിരുന്നുവെങ്കിൽ അന്ന് അത്തരമൊരവസ്ഥ അഭയയ്ക്കുണ്ടാകുമായിരുന്നില്ല. ഈ കന്യാസ്ത്രീ മറ്റൊരു അഭയ ആകരുത്. ഇനിയൊരു കന്യാസ്ത്രീയും പീഡിപ്പിക്കപ്പെടാൻ ഇടവരരുത്. ഒരു സ്ത്രീയും തന്റെ മാനത്തിനു സംരക്ഷണമാവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ട അവസ്ഥ ഇനി കേരളത്തിലുണ്ടാകരുത്. അതിനു വേണ്ടിയാണ് ഈ സമരം. 

സിസ്റ്റർ ജെസി കുര്യൻ (സുപ്രീംകോടതി അഭിഭാഷക)

ബിഷപ് ഫ്രാങ്കോയ്ക്ക് എതിരായ ആരോപണത്തിൽ വേണ്ടതു നിഷ്പക്ഷമായ അന്വേഷണമാണ്. അതിനായി ഈ വിവാദത്തിലുൾപ്പെട്ട ഇരുവരെയും തൽസ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്തണം. ഇടപെടലുകളൊന്നുമില്ലാതെ അന്വേഷണം നീതിപൂർവമായിരിക്കണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഏറെ അധികാരങ്ങളുമുള്ള വ്യക്തിയായതിനാൽ അന്വേഷണം നടക്കുമ്പോൾ അധികൃതർ അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കണം, അല്ലെങ്കിൽ അദ്ദേഹം സ്വമേധയാ മാറണം.

കപ്പൂച്ചിൻ ,സഭാപ്രതിനിധി

‌ബിഷപ് ഫ്രാങ്കോ രാജിവയ്ക്കണമെന്നു കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തിയ കപ്പൂച്ചിൻ സഭയുടെ ‘ഇന്ത്യൻ കറന്റ്‌സ്’ മാസിക ചീഫ് എഡിറ്റർ ഫാ. സുരേഷ് മാത്യു ആവശ്യപ്പെട്ടു. ബിഷപ് ഫ്രാങ്കോ തന്റെ സുഹൃത്താണെന്നും എന്നാൽ, ഈ വിഷയത്തിൽ രാജിവയ്ക്കണമെന്നു നേരിട്ട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മറുപടി നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ മാസികയിൽ കന്യാസ്ത്രീകൾക്കെതിരെ ലേഖനം വന്നതിനും അദ്ദേഹം സമരപ്പന്തലിൽ ക്ഷമ ചോദിച്ചു. ആർഎസ്പി പ്രവർത്തകർ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. 

ഉപവാസസമരം ശക്തമാക്കുന്നു

കൊച്ചി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതി ജംക്‌ഷനിൽ നടക്കുന്ന അനിശ്ചിതകാല ഉപവാസം ശക്തമാക്കാൻ സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ‌ കൗൺസിൽ തീരുമാനം. ജില്ലാ കേന്ദ്രങ്ങളിൽ ഉപവാസസമരം ആരംഭിക്കും. കോഴിക്കോട്ട് ഇന്നും മറ്റു കേന്ദ്രങ്ങളിൽ നാളെയോടെയും ഉപവാസ സമരത്തിനു തുടക്കമാകും.നാളെ മൂന്നിന് ഹൈക്കോടതി ജംക്‌ഷനിലെ സമരപ്പന്തലിൽ എറണാകുളം ജില്ലയിലെ െവെദികരും സന്യാസിനിമാരും പിന്തുണ അറിയിച്ചെത്തും. നാളെ വൈകിട്ട് അഞ്ചു മുതൽ ആറു വരെ കേരളത്തിലൊട്ടുക്കും പ്രതിഷേധപ്രകടനങ്ങൾ നടത്തും.

ആറാം ദിവസത്തിലേക്കു കടന്ന സമരത്തിനു പിന്തുണയുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക സംഘടനകൾ കൊച്ചിയിലെ സമരപ്പന്തലിലെത്തി. അനിശ്ചിതകാല ഉപവാസം തുടരുന്ന സ്റ്റീഫൻ മാത്യുവിനെ ഡോക്ടർമാർ പരിശോധിച്ചു. സന്യാസിനിമാരായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവർ ഇന്നലെയും സമരം തുടർന്നു. അന്വേഷി പ്രസിഡന്റ് കെ. അജിത, നോവലിസ്റ്റ് സാറാ ജോസഫ്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, എഴുത്തുകാരി പി. ഗീത തുടങ്ങിയവർ സമരപ്പന്തലിലെത്തി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama