go

മനുഷ്യർ അത് അപ്രത്യക്ഷമാക്കി; പ്രളയം ഒറ്റ രാത്രികൊണ്ട് തിരിച്ചുതന്നു!

പ്രളയം റാഞ്ചിയത്: വളർത്തുമൃഗങ്ങൾ മേഞ്ഞിരുന്ന ആലുവ പെരിയാറിലെ പരുന്തുറാഞ്ചി ദ്വീപിന്റെ ഇപ്പോഴത്തെ കാഴ്ച. പച്ചപ്പ് നഷ്ടപ്പെട്ട് മണൽതുരുത്തായി മാറിയ ഇവിടെ ഒഴുകിയെത്തിയ തടി മുറിച്ചെടുക്കാൻ ശ്രമിക്കുന്നവരെയും കാണാം.    ചിത്രം: മനോരമ
പ്രളയം റാഞ്ചിയത്: വളർത്തുമൃഗങ്ങൾ മേഞ്ഞിരുന്ന ആലുവ പെരിയാറിലെ പരുന്തുറാഞ്ചി ദ്വീപിന്റെ ഇപ്പോഴത്തെ കാഴ്ച. പച്ചപ്പ് നഷ്ടപ്പെട്ട് മണൽതുരുത്തായി മാറിയ ഇവിടെ ഒഴുകിയെത്തിയ തടി മുറിച്ചെടുക്കാൻ ശ്രമിക്കുന്നവരെയും കാണാം. ചിത്രം: മനോരമ
SHARE

കൊച്ചി ∙ പണ്ട്, വരാപ്പുഴയിൽ നിന്നും മറ്റും വലിയ കെട്ടുവള്ളങ്ങളിൽ അവരെത്തും; ആലുവയിൽ പെരിയാറിന്റെ നടുവിലെ പരുന്തുറാഞ്ചി മണൽത്തുരുത്തിലേക്ക്. ഒരു രാത്രി അവിടെത്തങ്ങി ക്ഷീണം തീർത്ത് മലയാറ്റൂർ മല കയറ്റം. തീർഥാടന പുണ്യം നുകർന്നു പെരിയാറിലൂടെ തന്നെ മടക്കം. ‌പക്ഷേ, അറുപതേക്കർ വിസ്തൃതിയിൽ മണൽ നിറഞ്ഞുകിടന്ന പരുന്തുറാഞ്ചിയെ പിൽക്കാലത്തു മണൽറാഞ്ചികൾ കൊത്തിയെടുത്തു. പുലരികളിൽ നാടുറങ്ങുമ്പോൾ വലിയ വള്ളങ്ങൾ പരുന്തുറാഞ്ചിയിലടുക്കും.

മണൽ കോരിയെടുത്ത് അപ്രത്യക്ഷമാകും.അങ്ങനെ പരുന്തുറാഞ്ചി മെലിഞ്ഞു. അവിടം കാലികളുടെ മേച്ചിൽപ്പുറമായി. മണൽക്കൊള്ള പെരിയാർ ഉൾപ്പെടെയുള്ള നദികളിൽ മരണക്കയങ്ങൾ സൃഷ്ടിച്ചു. അവിടെ ഒട്ടേറെ ജീവിതങ്ങൾ മുങ്ങിപ്പോയി. മനുഷ്യന്റെ അത്യാർത്തി വർഷങ്ങൾ കൊണ്ട് അപ്രത്യക്ഷമാക്കിയ മണൽ സമ്പത്തിനെ പ്രകൃതി ഏതാനും നാളുകൾകൊണ്ടു തിരിച്ചുതന്നു. ഓഗസ്റ്റിലെ മഹാപ്രളയം നിക്ഷേപിച്ചതു പഞ്ചാര മണലാണ്.

പരുന്തുറാഞ്ചിത്തുരുത്തിനു വീണ്ടും മണൽ സമൃദ്ധി. പെരിയാറിനു നടുവിൽ അതിമനോഹരമായൊരു ബീച്ച്! ആലുവയിൽ മാത്രമല്ല, പ്രകൃതി മണൽത്തിട്ടകൾ സൃഷ്ടിച്ചത്. കോതമംഗലത്തും കാലടിയിലും പെരുമ്പാവൂരിലുമൊക്കെ പെരിയാറിൽ മണൽത്തിട്ടകൾ രൂപപ്പെട്ടു. കോടികൾ വില വരുന്ന ടൺ കണക്കിനു മണൽ. പക്ഷേ, കരിഞ്ചന്തയിൽ മോഹവില പറഞ്ഞു വിൽക്കാനുള്ളതല്ല ഈ മണൽസമ്പത്ത്. അതു പുഴയുടെ ജീവനാണ്, നമ്മുടെയും. 

പെരിയാറിലെ സിന്തറ്റിക് ട്രാക്ക് 

കാലടി മേഖലയിലെ ശ്രീഭൂതപുരം കടത്തുകടവിൽ 600 മീറ്ററോളം ദൂരത്തിലാണു പെരിയാറിലെ മറ്റൊരു മണൽത്തിട്ട. പ്രളയം സമ്മാനിച്ച ബീച്ച്. കടത്തു കടവിൽ നിന്ന് അമ്പലപ്പാട് കടവും പിന്നിട്ടു പാലിയത്തു മുക്കുവരെ നീളുന്നു; സിന്തറ്റിക് ട്രാക്ക് പോലെ. അതു കാണുമ്പോൾ ഓർമകളിൽ മണൽത്തിരയടിക്കുകയാണു ശ്രീഭൂതപുരത്തെ പഴമക്കാർക്ക്. വർഷങ്ങൾക്കു മുൻപ്, കടത്തുകടവു ഭാഗം മുതൽ ഇന്നത്തെ മാറമ്പിള്ളി പാലത്തിന്റെ അപ്പുറത്തേക്കു നീളുന്ന ദൈർഘ്യമേറിയ മണൽപ്പുറം ഉണ്ടായിരുന്നു.

കടത്തുകടവിൽ ബീരാൻ കുഞ്ഞിക്കായുടെ ചായക്കടയും മണപ്പുറത്തു പാപ്രയിൽ ഇബ്രാഹിംകുട്ടിയുടെ മുറുക്കാൻ കടയുമുണ്ടായിരുന്നു. പിൽക്കാലത്തു കാടുകയറി ഇല്ലാതായ മണൽത്തിട്ട പ്രളയം തിരിച്ചുകൊണ്ടുവരുകയാണ്. കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറത്തും വിശാലമായ മൺതിട്ടയൊരുക്കിയതു പ്രളയമാണ്. പാറപ്പുറം മംഗലത്തു കടവിൽ അഞ്ച് ഏക്കറോളം ഭാഗത്താണു മൺതിട്ട. പാറപ്പുറം ജംക്‌ഷനിൽ നിന്നു തിരിഞ്ഞു തിരുവലഞ്ചുഴി നരസിംഹ ക്ഷേത്രം വഴി 500 മീറ്റർ പോയാൽ മണൽത്തിട്ട കാണാം.

പ്രസിദ്ധമായ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രമാണു അക്കരെ. തെക്കോട്ട് ഒഴുകിയെത്തുന്ന പെരിയാർ ആര്യൻ പാറ എന്നറിയപ്പെടുന്ന വലിയ പാറയിൽ തട്ടിത്തിരിഞ്ഞു കിഴക്കോട്ട് ഒഴുകുന്നത് ഇവിടെയാണ്. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ നീലീശ്വരം മൂടിക്കടവ്, കാലടി പഞ്ചായത്തിൽ മേക്കാലടി ഭാഗങ്ങളിലും മൺതിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്; ഏറെ വലുതല്ലെങ്കിലും.

പാണിയേരി പോരിലെ ബീച്ച് 

പാണിയേലി പോരിൽ രൂപപ്പെട്ട ബീച്ച്.
പാണിയേലി പോരിൽ രൂപപ്പെട്ട ബീച്ച്.

ഇക്കാലമത്രയും പെരിയാറിലെ പാണിയേലി പോര് മറ്റൊരു കാഴ്ചയായിരുന്നു. ഇനി അവിടെ ഒരു ബീച്ച് കൂടിയുണ്ട്, സഞ്ചാരികളെ മോഹിപ്പിക്കാൻ. പ്രളയം ചെളി നിറച്ച പാണിയേലി പോരു വൃത്തിയാക്കിയപ്പോഴാണു മണൽപ്പുറം ദൃശ്യമായത്; പ്രളയ സമ്മാനം. നടപ്പാതയോടു ചേർന്നു മണൽപ്പുറം രൂപപ്പെട്ടതോടെ പോരു കൂടുതൽ മനോഹര കാഴ്ചയായി. 

ഇവിടെ മാത്രമല്ല, പെരുമ്പാവൂർ മേഖലയിൽ കോടനാട് നെടുമ്പാറ ഭാഗത്തും കരയിൽ നിന്നു കുറച്ചകലെയായി മണൽത്തിട്ട രൂപപ്പെട്ടു. ചേരാനല്ലൂരിൽ ടൂറിസം ഫെസ്റ്റ് നടത്തുന്ന മണൽത്തിട്ടയുടെ വിസ്തൃതിയും കൂടി. ഭൂതത്താൻകെട്ടു മുതൽ നേര്യമംഗലം വരെ പെരിയാറിൽ ഒട്ടേറെ ഒന്നല്ല, ഒരുപാടു മണൽത്തിട്ടകളാണു പ്രളയം പണിതൊരുക്കിയത്. നേര്യമംഗലം പാലത്തിനടിയിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ രൂപപ്പെട്ട മണൽതിട്ടയാണു മേഖലയിലെ വമ്പൻ. 

ഇക്കോ ടൂറിസം 

കോടികൾ മുടക്കാതെ, പദ്ധതികൾ നടപ്പാക്കാതെ, ടൂറിസ്റ്റുകൾക്കായി പ്രകൃതിയൊരുക്കുന്ന പുതിയ കാഴ്ചകളാണു പെരിയാറിലെ മണൽത്തിട്ടകൾ. ആലുവ തോട്ടുമുഖം വൈഎംസിഎ ക്യാംപ് സെന്ററിനു തൊട്ടു താഴെയാണു പരുന്തുറാഞ്ചിത്തുരുത്ത്. ഒരു കാലത്തു മണൽത്തിട്ടയായിരുന്ന ഇവിടം പിന്നീടു കാടുപിടിച്ചതോടെ കന്നുകാലികളുടെ മേച്ചിലിടമായി മാറിയിരുന്നു. പ്രളയം മണൽത്തിട്ട തിരിച്ചു തന്നതോടെ നൂറു കണക്കിനാളുകളാണ് ഇവിടേക്ക് എത്തുന്നത്.

ഏഴു വർഷം മുൻപ് 70 ലക്ഷം രൂപ ചെലവിൽ ഇവിടെ ടൂറിസം പദ്ധതി ആവിഷ്കരിക്കുകയും 35 ലക്ഷത്തോളം രൂപ മുടക്കി പ്രാഥമിക നിർമാണം നടത്തുകയും ചെയ്തതാണ്. പിന്നീടു പദ്ധതി ഉപേക്ഷിക്കപ്പെട്ടു. അന്നത്തെ നിർമിതികളുടെ അവശിഷ്ടവും പ്രളയം കൊണ്ടുപോയി. ബാക്കിയാക്കിയതു മനോഹരമായ മണൽത്തുരുത്ത്. ഭൂതത്താൻകെട്ടും തട്ടേക്കാടുമൊക്കെ സഞ്ചാരികളുടെ മനം നിറയ്ക്കുന്ന കോതമംഗലം മേഖലയുടെ പുതിയ കാഴ്ചയായി നേര്യമംഗലം പാലത്തിനടിയിലെ മണൽത്തിട്ട മാറിക്കഴിഞ്ഞു.

രാവിലെയും വൈകിട്ടും ഇവിടെ സമയം ചെലവിടാൻ ഒട്ടേറെപ്പേരെത്തുന്നു. ശ്രീഭൂതപുരം കടത്തുകടവിലെ മണൽത്തിട്ടയിൽ വൈകുന്നേരക്കാറ്റിൽ വിശേഷം പറഞ്ഞിരിക്കാൻ ആളുകളെത്തുന്നതു കുടുംബസമേതം. പുതിയ മണൽപ്പുറങ്ങളിൽ കുട്ടികൾ കളിച്ചു മറിയുന്നതും പഴയ തലമുറ ഓർമകൾ പങ്കുവച്ചിരിക്കുന്നതും പെരിയാർ തടങ്ങളിലെ പ്രളയാനന്തര കാഴ്ചകളിലൊന്ന്. 

കൊള്ളക്കാരെ സൂക്ഷിക്കുക! 

ഇടമലയാർ, പൂയംകുട്ടി പുഴകൾ സംഗമിക്കുന്ന കുട്ടമ്പുഴ ആനക്കയത്ത് പ്രളയശേഷം പ്രകൃതി ഒരുക്കിയ മണൽക്കൂന.
ഇടമലയാർ, പൂയംകുട്ടി പുഴകൾ സംഗമിക്കുന്ന കുട്ടമ്പുഴ ആനക്കയത്ത് പ്രളയശേഷം പ്രകൃതി ഒരുക്കിയ മണൽക്കൂന.

പെരിയാറിലുടനീളം രൂപപ്പെട്ട മണൽനിക്ഷേപം തട്ടിയെടുക്കാൻ മണലൂറ്റുകാർ ‘അധ്വാനം’ തുടങ്ങിക്കഴിഞ്ഞു. ആലുവ, നേര്യമംഗലം, ഇഞ്ചത്തൊട്ടി, തട്ടേക്കാട്, കുട്ടമ്പുഴ, പാലമറ്റം പ്രദേശങ്ങളിൽ വിശാലമായ മണൽതിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്.     ഇടമലയാർ, പൂയംകുട്ടി പുഴകൾ സംഗമിക്കുന്ന കുട്ടമ്പുഴയിലെ ആനക്കയത്തു ടൺ കണക്കിന് മണലാണു വന്നുകൂടിയിട്ടുള്ളത്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾക്കു സമീപം പുഴയോരത്ത് അടിഞ്ഞ മണൽ വാരൽ തുടങ്ങിക്കഴിഞ്ഞു.

വലിയ ലോറികളാണു മണൽനീക്കം. പ്രകൃതി ഒരുക്കിയ പുതിയ മണൽതിട്ടകൾ സംരക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. പെരിയാറിൽ വർഷങ്ങളോളം നിയന്ത്രണമില്ലാതെ മണൽവാരി കയങ്ങളായി മാറിയ പ്രദേശങ്ങളിലെല്ലാം പ്രളയാനന്തരം മണൽ നിറഞ്ഞതോടെ അപകട സാധ്യത കുറഞ്ഞു. എന്നാൽ, മണലൂറ്റൽ വീണ്ടും തുടങ്ങിയാൽ പെരിയാറിൽ ഏറെ വൈകാതെ കയങ്ങൾ രൂപപ്പെടും. അപകടങ്ങളും പതിവാകും. ഇതെല്ലാം കണക്കിലെടുത്തു മണൽക്കൊള്ള കർശനമായി തടയേണ്ടത് അത്യാവശ്യം. 

Read more : Kerala Floods

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama