പറവൂർ ∙ നീന്താൻ അറിയില്ല. പക്ഷേ, രണ്ടും കൽപ്പിച്ചു പുഴയിലേക്കെടുത്തു ചാടി. യേശുദാസ് കാട്ടിയ ആ ധൈര്യം രക്ഷിച്ചതു നാലു വയസ്സുകാരി അഡോണ മരിയയുടെ ജീവനാണ്. കഴിഞ്ഞമാസം നടന്ന സംഭവം സമീപവാസികളല്ലാതെ അധികമാരും അറിഞ്ഞിരുന്നില്ല. ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളാണു പുറംലോകത്തെ അറിയിച്ചത്. പറുദീസ നഗർ റോഡിലാണ് അഡോണ മരിയയുടെ വീട്. കുരിശിങ്കൽ സ്റ്റീഫന്റെയും സിനിയുടെയും മകളാണ്. വീടിനു മുന്നിലൂടെ ഒഴുകുന്ന പറവൂർ പുഴയിലാണു അഡോണ വീണത്. ചെരിപ്പു പോയപ്പോൾ എടുക്കാനിറങ്ങിയതാണെന്നാണു കുട്ടി പറയുന്നത്.
സമീപവാസിയായ സുനിതയാണു വെള്ളത്തിൽ അഡോണ മുങ്ങിത്താഴുന്നത് ആദ്യം കണ്ടത്. പരിസരത്ത് അപ്പോൾ യേശുദാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കരയിൽ നിന്ന് അൽപം മാത്രം അകലത്തിലായിരുന്നു കുട്ടി. നീന്താൻ അറിയില്ലെന്ന ആശങ്ക മറന്നു പുഴയിലേക്ക് എടുത്തുചാടിയ യേശുദാസ് അഡോണയെ എടുത്തു തന്റെ ശിരസിനു മുകളിൽവച്ച് ഒരുവിധത്തിൽ കരയ്ക്കെത്തിച്ചു. പക്ഷേ, യേശുദാസ് വീണ്ടും മുങ്ങിപ്പോയി. പിന്നീട് ഒരുകണക്കിനു കൈകാലിട്ടടിച്ചു പിടിച്ചുകയറുകയായിരുന്നു.
അഡോണയും മൂക്കിലും വായിലും ശ്വാസകോശത്തിലും വെള്ളം കയറിയ യേശുദാസും ആശുപത്രിയിൽ ചികിൽസ തേടി. നാലര വയസ്സുള്ളപ്പോൾ യേശുദാസ് പുഴയിൽ വീണിട്ടുണ്ട്. ആ പേടി കാരണം പിന്നീടു വെള്ളത്തിലിറങ്ങി നീന്താൻ പിതാവു സമ്മതിച്ചില്ല. പക്ഷേ, തന്റെ മകന്റെ പ്രായമുള്ള കുട്ടി മരണത്തോടു മല്ലടിക്കുന്നതു കണ്ടപ്പോൾ പുഴയിലേക്കു ചാടാതിരിക്കാൻ തോന്നിയില്ലെന്നു യേശുദാസ് പറഞ്ഞു. മൽസ്യ വിൽപനയാണു യേശുദാസിന്റെ തൊഴിൽ. കുട്ടികൾ ഏറെ എത്തുന്ന സ്ഥലമായതിനാൽ കരയിൽ സുരക്ഷാവേലി ഒരുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.