കാക്കനാട് ∙ സർക്കാരിൽനിന്നു കിട്ടാനുള്ള പണത്തിനായി നെട്ടോട്ടമോടുന്ന ടാക്സി ഡ്രൈവർ, സർക്കാരിനു നൽകാനുള്ള പണത്തിന്റെ പേരിൽ ജപ്തി ഭീഷണിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശന വേളയിൽ എസ്പിജി ഉദ്യോഗസ്ഥർക്കായി ആറു ദിവസം കാർ ഓടിച്ചതിന്റെ വാടക കിട്ടാൻ രണ്ടു വർഷമായി ഓഫിസുകൾ കയറി ഇറങ്ങുന്ന ടാക്സി ഡ്രൈവർ ഇരുമ്പനം സ്വദേശി പ്രവീണിനാണു വാഹന നികുതി അടയ്ക്കാത്തതിന്റെ പേരിൽ ജപ്തി നോട്ടിസ് ലഭിച്ചത്.
തനിക്കു തരാനുള്ള പണത്തിന്റെ കാര്യത്തിൽ ഒരു ദയയും കാട്ടാത്ത സർക്കാർ, അങ്ങോട്ടു ലഭിക്കാനുള്ള പണത്തിനു ജപ്തി ഉത്തരവ് പുറപ്പെടുവിച്ചതിലാണു പ്രവീണിനു പരിഭവം. കലക്ടറേറ്റിൽ പരാതിയുമായെത്തിയ പ്രവീണിനു താൽക്കാലിക ആശ്വാസമെന്ന നിലയിൽ ജപ്തി നടപടിയിൽ ഇളവു കൊടുത്തു. പ്രവീണിൽ നിന്നു കിട്ടാനുള്ള നികുതി കുടിശിക തവണകളായി അടച്ചാൽ മതിയെന്നു റവന്യു റിക്കവറി ഡപ്യൂട്ടി കലക്ടർ എം.വി. സുരേഷ്കുമാർ ഉത്തരവിട്ടു. പക്ഷേ, പ്രവീണിന് അങ്ങോട്ടു കൊടുക്കാനുള്ള പണത്തെക്കുറിച്ചു ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകുന്നില്ല.
പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കു വേണ്ടി കാർ ഓടിച്ച വകയിൽ 15,000 രൂപയാണു പ്രവീണിനു കിട്ടാനുള്ളത്. രണ്ടു വർഷം മുമ്പു ട്രിപ്പ് പോയി മടങ്ങുന്നതിനിടെ സീപോർട് എയർപോർട് റോഡിൽ കാർ തടഞ്ഞാണു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രവീണിനു ‘വിവിഐപി ഡ്യൂട്ടി’ നൽകിയത്. ഫുൾ ടാങ്ക് ഡീസലടിച്ചു കാർ എആർ ക്യാംപിലെത്തിക്കാനായിരുന്നു നിർദേശം. ആറു ദിവസങ്ങളിലായി സുരക്ഷ ഉദ്യോഗസ്ഥരുമായി പലയിടങ്ങളിലും പോയി.
പ്രധാനമന്ത്രി ഡൽഹിക്കു മടങ്ങിയപ്പോൾ പ്രവീൺ കാറുമായി തിരികെ പോന്നു. അന്നു മുതൽ കലക്ടറേറ്റിൽ കയറി ഇറങ്ങുന്ന പ്രവീണിനു കിട്ടാനുള്ള പണത്തിന്റെ കാര്യത്തിൽ ആരും തൃപ്തികരമായ മറുപടി നൽകുന്നില്ല. ഇതു തന്റെ മാത്രം അവസ്ഥയല്ലെന്നും അന്നു ഓടിയ പല ടാക്സികൾക്കും പണം കിട്ടിയിട്ടില്ലെന്നും പ്രവീൺ പറയുന്നു. മറ്റു ഡ്രൈവർമാർ പണം ഉപേക്ഷിച്ച മട്ടാണ്. സാമ്പത്തിക പ്രതിസന്ധിയുള്ള പ്രവീണിനു ജോലി ചെയ്ത പണം വേണ്ടെന്നു വയ്ക്കാൻ മനസ്സു വരുന്നില്ല.