go

156 ഡ്രൈവർമാർക്ക് ലൈസൻസ് നഷ്ടം

kochi-driver-sketch
SHARE

കാക്കനാട് ∙ കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചി നഗരത്തിലും പരിസരത്തും ഗതാഗത നിയമലംഘനത്തിന്റെ പേരിൽ സസ്പെൻഷനിലായതു 156 ഡ്രൈവർമാരുടെ ലൈസൻസ്. ‌അപകടങ്ങൾ സൃഷ്ടിച്ചതിനും മദ്യപിച്ച ശേഷം വാഹനം ഓടിച്ചതിനും റെഡ് സിഗ്‌നൽ ലംഘിച്ചതിനും രണ്ടിൽ കൂടുതൽ പേരെ ബൈക്കിൽ കയറ്റിയതിനും മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു വാഹനം ഓടിച്ചതിനുമൊക്കെയാണു ലൈസൻസ് സസ്പെൻഡ് ചെയ്തത്.

മൂന്നു മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസ് സസ്പെൻഷനെന്നു ആർടിഒ ജോജി പി. ജോസ് പറഞ്ഞു. കാക്കനാട് ആർടി ഓഫിസ് പരിധിയിൽ 46 പേരുടെ ലൈസൻസാണു സസ്പെൻഡ് ചെയ്തത്. മട്ടാഞ്ചേരി 20, തൃപ്പൂണിത്തുറ 18, ആലുവ 30, പറവൂർ 21 എന്നിങ്ങനെയാണ് ഓരോ മേഖലയിലും സസ്പെൻഡ് ചെയ്ത ലൈസൻസുകളുടെ എണ്ണം. ഈ കാലയളവിൽ നടത്തിയ ഗതാഗത പരിശോധനയിൽ നിയമ ലംഘനത്തിന് ആയിരത്തോളം വാഹനങ്ങൾ പിടിയിലായി.

സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചു ടാക്സി സർവീസ്, രേഖകളില്ലാതെ വാഹനമോടിക്കൽ, ഇൻഷുറൻസും നികുതിയും അടയ്ക്കാതെ വാഹനങ്ങൾ നിരത്തിലിറക്കൽ, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വിവിധ കേസുകളിൽ ചുമത്തിയത്. ഇരുന്നൂറോളം ഇതര സംസ്ഥാന വാഹനങ്ങളും നിയമ ലംഘനത്തിനു പിടിയിലായി.

സസ്പെൻഷൻ വേളയിൽ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കും

കാക്കനാട് ∙ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്ന കാലയളവിൽ വാഹനം ഓടിച്ചു പിടിയിലായാൽ സസ്പെൻഷൻ എന്നതു ലൈസൻസ് റദ്ദാക്കലിലേക്ക് എത്തും. ഇത്തരക്കാർക്കു പിന്നീട് ഒരിക്കലും ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല. ലൈസൻസിന്റെ സസ്പെൻഷൻ കാലയളവിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ നഷ്ട പരിഹാരത്തിന് അർഹതയില്ല. ഡ്രൈവർമാരുടെ വിശദീകരണം കേട്ട ശേഷമാണ് ആർടിഒ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. ഇതിനെതിരെ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അപ്പീൽ സമർപ്പിക്കാം.

മദ്യപിച്ച ശേഷം വാഹനം ഓടിച്ച 33 പേരുടെ ഡ്രൈവിങ് ലൈസൻസാണ് കൊച്ചി നഗരത്തിൽ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തത്. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു വാഹനമോടിച്ച 14പേർക്കും ലൈസൻസ് പോയി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama