go

ടാങ്കർ അപകടങ്ങളിൽ രക്ഷയാവാൻ ഇആർവി എത്തി

 ഉദയംപേരൂർ ഇന്ത്യൻ ഓയിൽ കോർപറേഷൻ ബോട്ടിലിങ് പ്ലാന്റിലെ അത്യാധുനിക എമർജൻസി റെസ്പോൺസ് വെഹിക്കിൾ (ഇആർവി).
ഉദയംപേരൂർ ഇന്ത്യൻ ഓയിൽ കോർപറേഷൻ ബോട്ടിലിങ് പ്ലാന്റിലെ അത്യാധുനിക എമർജൻസി റെസ്പോൺസ് വെഹിക്കിൾ (ഇആർവി).
SHARE

ഉദയംപേരൂർ ∙ ഇന്ധനവുമായി പോകുന്ന ടാങ്കറുകൾ മറിഞ്ഞാൽ ആശങ്കപ്പെടേണ്ട. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ അത്യാധുനിക എമർജൻസി റെസ്പോൺസ് വെഹിക്കിൾ (ഇആർവി) എത്തും. പാചകവാതകമടക്കം ഏത് ഇന്ധനം ചോർന്നാലും അതിവേഗം അപകടഘട്ടം ഒഴിവാക്കുന്ന ക്രമീകരണങ്ങളോടെയാണ് ഇആർവി രൂപകൽപന ചെയ്തത്. മധ്യകേരളത്തിൽ എവിടെ അപകടമുണ്ടായാലും ഉദയംപേരൂർ ബോട്ടിലിങ് പ്ലാന്റിലുള്ള ഇആർവി എത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

അപകടം ഉണ്ടായ ടാങ്കറിൽ നിന്ന് ഇന്ധനം മറ്റൊരു ടാങ്കറിൽ നിറയ്ക്കാൻ പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 2 കോടിയിലേറെ രൂപ ചെലവു വരുന്ന വാഹനത്തിൽ എെസ് ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ജലസംഭരണിയോടുകൂടിയുള്ള സ്റ്റീൽ ടാങ്ക്, ആധുനിക ഹൈഡ്രോളിക് പമ്പുകൾ, ടെലിമാസ്റ്റ് ലൈറ്റിങ്, റെസ്ക്യു ടീമിലെ 5 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ക്യാബിൻ, വാഹനങ്ങൾ ഉയർത്തുന്നതിനും വലിച്ചു നീക്കുന്നതിനുമുള്ള ഉപകരണങ്ങൾ, തീപ്പൊരി ഉണ്ടാകാത്ത ഉപകരണങ്ങൾ, സ്മാർട്ട് ഹോസുകൾ, താപം കുറഞ്ഞ സ്യൂട്ട്, എച്ച്എസ്പി, എംഎസ്, മണ്ണെണ്ണ എന്നിവയ്ക്കുള്ള പിഒഎൽ പമ്പ്, 5 കെവിഎ ജനറേറ്റർ, വാട്ടർ ജെൽ ബ്ലാങ്കറ്റ്, അടിയന്തരാവശ്യങ്ങൾക്ക് ബാറ്ററിയിലും അല്ലാതെയും പ്രവർത്തിപ്പിക്കാവുന്ന 61 തരം ഉപകരണങ്ങൾ എന്നിവയാണു വാഹനത്തിൽ ഉള്ളത്.

അപകട സ്ഥലത്ത് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള മൊബൈൽ ഫോണുകൾ, വാഹനത്തിലുള്ളവർക്കു ധരിക്കാൻ പ്രത്യേകം തയാറാക്കിയ താപം കുറഞ്ഞ സ്യൂട്ട്, വായു ശ്വസന ഉപകരണങ്ങളും ഇതിന്റെ പ്രത്യേകതയാണ്. എെഒസിയുടെ ഉദയംപേരൂർ പ്ലാന്റിൽ നടന്ന ചടങ്ങിൽ കെ.വി. തോമസ് എംപി എമർജൻസി റെസ്പോൺസ് വെഹിക്കിളിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാഹനത്തിന്റെ പ്രവർത്തന രീതികൾ അവതരിപ്പിച്ചു. റെസ്ക്യു ടീം ധരിക്കുന്ന സാധനങ്ങളുടെ പ്രദർശനവും പ്ലാന്റിന്റെ സുരക്ഷാക്രമീകരണങ്ങളുടെ മോക് ഫയർ ഡ്രില്ലും നടന്നു.

ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആർ. വേണുഗോപാൽ, ഇന്ത്യൻ ഓയിൽ സംസ്ഥാന തലവനും ചീഫ് ജനറൽ മാനേജരുമായ പി.എസ്. മണി, ഇന്ത്യൻ ഓയിൽ കേരള എൽപിജി ജനറൽ മാനേജർ സി. രാജേന്ദ്രകുമാർ, സതേൺ റീജിയൻ കോർപറേറ്റ് കമ്യൂണിക്കേഷൻസ് ജനറൽ മാനേജർ സബിത നടരാജ്, ബോട്ടിലിങ് പ്ലാന്റ് ഡപ്യൂട്ടി ജനറൽ മാനേജർ ടി. സാബു, പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

അംഗീകാരം

എെഒസി ബോട്ടിലിങ് പ്ലാന്റിന് എെഎസ്ഒ അംഗീകാരം. പരിസ്ഥിതി സംരക്ഷണത്തിനുള്ള എെഎസ്ഒ 14001, ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തിയതിനുള്ള ഒഎച്ച്എസ് 18001, ഊർജ സംരക്ഷണത്തിനുള്ള എെഎസ്ഒ 5001 അംഗീകാരങ്ങളാണു ലഭിച്ചത്. ഊർജ സംരക്ഷണത്തിന് എൽഇഡി ബൾബുകളുടെ ഉപയോഗം കൂട്ടും. പ്ലാന്റിൽ പുതിയ സൗരോർജ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അധികൃതർ പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama