go

തമിഴ്പുലികളുടെ ആ ബോട്ട്; മുനമ്പത്തെ ബോട്ടുകൾക്കു പറയാനുള്ള കഥകൾ

Ernakulam News
മുനമ്പത്തെ ബോട്ട് യാർഡുകളിൽ ഒന്ന്. ചിത്രം: ടോണി ഡോമിനിക്ക് ∙ മനോരമ
SHARE

കൊച്ചി ∙ കടലറിഞ്ഞു ബോട്ട് പണിയണ നാട്; കേരളത്തിൽ ഏറ്റവും അധികം മീൻപിടിത്ത ബോട്ടുകൾ നിർമിക്കുന്ന മുനമ്പത്തിന്റെ തിലകക്കുറി അങ്ങനെയാണ്. പുറംകടലിൽ അഴകുള്ളൊരു ബോട്ട് കണ്ടാൽ ഏതു മൽസ്യത്തൊഴിലാളിയും പറയും, ഇതു മുനമ്പത്തു നിർമിച്ച ബോട്ടാണ്. അത്രമേൽ ആത്മാർഥമായി ബോട്ട് നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ മുനമ്പം ഏറെ പ്രശസ്തം. 

ഒരുകാലത്തു മംഗലാപുരം മുതൽ കന്യാകുമാരി വരെയുള്ള തീരങ്ങളിൽ നിന്ന് മുനമ്പത്തെ മേസ്തിരിമാരെ തേടി ആവശ്യക്കാർ ക്യൂ നിന്നിരുന്നു. ബോട്ട് ഇടാൻ സ്ഥലമില്ലാതെ സ്വകാര്യ പറമ്പുകൾ പോലും താൽക്കാലിക യാർഡുകളാക്കി മാറ്റിയ കാലം. 

ബോട്ട് നിർമാണത്തിലും മീൻപിടിത്തത്തിലും മുനമ്പം കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളായിരുന്നു ഇതിനെല്ലാം പിന്നിൽ. എന്നാൽ കടലിലെ മൽസ്യസമ്പത്തിനേക്കാൾ ബോട്ടുകളുടെ എണ്ണം വർധിച്ചതോടെ മുനമ്പത്തെ യാർഡുകളിലും മന്ദതാളമാണ്. ബോട്ടിനുള്ള തദ്ദേശീയമായ ആവശ്യക്കാരും കുറവ്. ഇന്നു ഭൂരിപക്ഷം ഓർഡറുകളും വരുന്നതു കുളച്ചൽ മുതലായ സ്ഥലങ്ങളിൽ നിന്നാണ്.

എങ്കിലും കേരളത്തിലെ മറ്റു ബോട്ട് നിർമാണ കേന്ദ്രങ്ങളേക്കാളധികം ബോട്ടുകൾ ഇപ്പോഴും ഇവിടെ നിർമിക്കുന്നു. 30 അംഗീകൃത ബോട്ട് നിർമാണ കേന്ദ്രങ്ങളാണ് ഇന്നു മുനമ്പത്തുള്ളത്. നൂറിലേറെ ബോട്ടുകൾ ഓരോ വർഷവും ഇവിടെ നിന്ന് നിർമിച്ച് പുറത്തിറക്കുന്നു. മൂത്തകുന്നം, കുഞ്ഞിത്തൈ, മാല്യങ്കര, അഴീക്കോട്, മുനമ്പം മേഖലകളിലാണ് ഭൂരിപക്ഷം യാർഡുകളും. 

നീരണിയുന്നത് 140 അടി വരെയുള്ള ബോട്ടുകൾ

അറുപതു വർഷങ്ങൾക്കു മുൻപാണു മുനമ്പത്തു മീൻപിടിത്ത ബോട്ട് നിർമാണം തുടങ്ങുന്നത്. ആഞ്ഞിലി മരം ഉപയോഗിച്ചുള്ള 32 അടി ചെറു ബോട്ടുകളായിരുന്നു അക്കാലത്തു നിർമിച്ചിരുന്നത്. 1990 ആയപ്പോഴേക്കും ബോട്ടുകളുടെ വലുപ്പത്തിൽ മാറ്റം വന്നു. കൂടുതൽ കുതിരശക്തിയുള്ള എൻജിനുകളും ബോട്ടിൽ സ്ഥാനം പിടിച്ചു. ആഴക്കടൽ മീൻപിടിത്തത്തിനു കേരളത്തിൽ തുടക്കം കുറിച്ചതും ഇക്കാലത്ത് മുനമ്പത്താണ്. വിദേശ ബോട്ടുകളെ വെല്ലുവിളിച്ച് പുറംകടൽ വിട്ട് ആഴക്കടലിലേക്ക് മുനമ്പത്തെ ബോട്ടുകൾ എത്താൻ തുടങ്ങിയത് നിർമാണത്തിലും വിപ്ലവകരമായ മാറ്റം വരുത്തി. 

ഇതിന് ആവശ്യമായ സാങ്കേതികത്തികവോടെയായി പിന്നീടുള്ള നിർമാണം. രണ്ടായിരത്തോടെ വലിയ ഉരുക്കുബോട്ടുകൾ നിർമിക്കാൻ തുടങ്ങി.  ഇതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു മുനമ്പത്തേക്കു ബോട്ടിനുള്ള ആവശ്യക്കാർ ഒഴുകിയെത്തി. മുനമ്പം ഒരു ബോട്ട് നിർമാണ ഹബ് ആയി മാറുകയായിരുന്നു. ബോട്ടിന്റെ ഹള്ള് നിർമിക്കുന്നതിൽ വിദഗ്ധരായ മേസ്തിരിമാരായിരുന്നു മുനമ്പത്തിന്റെ പ്രധാന തുറുപ്പുശീട്ട്. 

മുനമ്പത്തെ സെക്കൻഡ് ഹാൻഡ് ബോട്ടുകൾക്കു പോലും വൻ ഡിമാൻഡാണ്. 140 അടിവരെ നീളമുള്ള ബോട്ടുകൾ ഇന്നു മുനമ്പത്ത് നിർമിക്കപ്പെടുന്നു. മൽസ്യസമ്പത്തിന്റെ തോതു കണക്കിലെടുക്കാതെ ഇങ്ങനെ ബോട്ടിന്റെ വലുപ്പം വർധിപ്പിച്ചതാണ് ഇപ്പോൾ വില്ലനായിരിക്കുന്നതെന്നാണ് ആക്ഷേപം. 

തമിഴ്പുലികളുടെ ആ ബോട്ട്

തുരുമ്പെടുത്തിട്ടും പതറാത്ത കാരിരുമ്പ്; നിഗൂഢതയൊളിപ്പിച്ചു മുനമ്പത്തെ മണ്ണിൽ തലയുയർത്തി നിൽക്കുന്നു ഇന്നും ആ കൂറ്റൻ ബോട്ട്. തമിഴ്പുലികൾക്കായി നിർമിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു വർഷങ്ങൾക്കു മുൻപ് ഈ ഉരുക്കുബോട്ട് ചാപിള്ളയായി പോയത്. 

Ernakulam News
ശ്രീലങ്കൻ ബോട്ട്

എൽടിടിഇക്കു വേണ്ടി നിർമിച്ചതാണെന്നു സംശയമുയർന്നതിനെത്തുടർന്നു ട്രിച്ചി ക്യു ബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണക്കോലാഹലം കെട്ടടങ്ങിയതോടെ മുനമ്പത്തെ ഒരു സ്വകാര്യ ബോട്ട് യാർഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണു പകുതിയോളം നിർമാണം പൂർത്തിയായ ഈ കൂറ്റൻ യാനം.  കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ കേന്ദ്ര ബിന്ദുവായിരുന്നതിനാൽ ബോട്ട് നീക്കം ചെയ്യാനും യാർഡ് ഉടമകൾക്കു കഴിയുന്നില്ല.

തമിഴ്പുലികൾക്കു വേണ്ടി ബേപ്പൂരിലെ ഏതോ ഏജൻസിയാണത്രേ ബോട്ട് നിർമിക്കാൻ ഏൽപ്പിച്ചിരുന്നത്. എന്നാൽ, ഈ ഏജൻസി ആർക്കുവേണ്ടിയാണു ബോട്ട് നിർമിക്കുന്നതെന്ന കാര്യം യാർഡ് അധികൃതർ അന്വേഷിച്ചിരുന്നില്ല. ക്യൂ ബ്രാഞ്ചിന്റെ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിൽ യാർഡിന്റെ ഉടമകൾക്കോ ജോലിക്കാർക്കോ തമിഴ് പുലികളുമായി നേരിട്ടു ബന്ധമില്ലെന്നു തെളിഞ്ഞതോടെ 2008 മാർച്ചിൽ, ബോട്ട് അന്നത്തെ ഫിഷറീസ് ജോയിന്റ് ഡയറക്‌ടറെ ഏൽപിച്ചു പൊലീസ് മടങ്ങി. പിന്നീട് ഈ ബോട്ടിനെക്കുറിച്ച് അന്വേഷിച്ചു നിർമാണക്കരാർ നൽകിയവരോ പൊലീസോ ഫിഷറീസ് അധികൃതരോ എത്തിയിട്ടില്ല.

ബോട്ടിന്റെ തച്ചുശാസ്ത്രം മനസ്സിലാണ്

പച്ചയിരുമ്പിൽ കൂടംകൊണ്ട് ആഞ്ഞടിക്കുന്ന ശബ്ദങ്ങളുടെ മുഴക്കം കേൾക്കാം മുനമ്പത്തെ ഓരോ ബോട്ടുനിർമാണ കേന്ദ്രങ്ങളിലേക്ക് അടുക്കുമ്പോഴും. ഇരുമ്പ് അടിച്ചു പരത്തുന്നതു മുതൽ ഇന്നും യന്ത്രങ്ങളുടെ സഹായമില്ലാതെയാണ് ഇവിടെ ബോട്ട് നിർമാണം.  പണ്ടു നാട്ടുകാർ തന്നെയായിരുന്നു പണിക്കാർ.

ഇന്നു മറ്റെല്ലാ മേഖലയിലെയും പോലെ ഇതര സംസ്ഥാനക്കാർ ഇവിടവും കയ്യടക്കി. എങ്കിലും നിഗൂഢമായ അളവും തരവും ഒപ്പിക്കുന്നതു മുനമ്പത്തെ പരമ്പരാഗത പണിക്കാർ തന്നെ. ശാസ്ത്രീയമായി എവിടെയും പോയി പഠിക്കാത്തതിനാൽ മുനമ്പത്തെ ബോട്ട് നിർമാണ തൊഴിലാളികളുടെ പണിക്കണക്കു മനസ്സിലാക്കിയെടുക്കുക ബുദ്ധിമുട്ടാണ്. 

യന്ത്രങ്ങളില്ല, എല്ലാം മനുഷ്യൻ ചെയ്യും

മൂന്നു മാസം വേണം ഒരു ബോട്ട് നിർമിക്കാൻ. ഒന്നരക്കോടി രൂപ വരെയാണ് ഒരെണ്ണം നീറ്റിലിറക്കാനുള്ള ചെലവ്. ഒരേസമയം നാലു ബോട്ടുകൾ വരെ ഒരേ യാർഡിൽ നിർമിക്കാം. ‘ഏറാവപ്പ്’ എന്ന ചടങ്ങോടെയാണ് ഒരു ബോട്ട് നിർമിച്ചു തുടങ്ങുക. ബോട്ടിന്റെ ഏറ്റവും അടിയിലുള്ള ഇരുമ്പു പട്ട നീളത്തിൽ വച്ച് ഉടമയുടെ വിശ്വാസത്തിനനുസരിച്ചു ചെയ്യുന്ന ചടങ്ങാണിത്. ശേഷം ബോട്ടിന്റെ ചട്ടക്കൂട് ഉണ്ടാക്കാനുള്ള ഇരുമ്പ് അടിച്ചു പരത്തുന്ന ജോലി തുടങ്ങും. ഇതുവച്ച് ബോഡി നിർമിച്ചു കഴിഞ്ഞാൽ മുകളിൽ തട്ട് അടിച്ച് താഴെ മൽസ്യം സൂക്ഷിക്കാനുള്ള സ്റ്റോർ ഏരിയ ഒരുക്കും. 

തുടർന്നാണ് പെയിന്റിങും എൻജിൻ ഘടിപ്പിക്കുന്നതുമൊക്കെ. 550 കുതിരശക്തിയുള്ള എൻജിനുകളാണു ബോട്ടുകളിൽ ഉപയോഗിക്കുക. വേലിയേറ്റ സമയത്താണു ബോട്ട് നീറ്റിലിറക്കുക. പണ്ടൊക്കെ ഒരു ബോട്ട് നിർമാണം കഴിഞ്ഞ് ഇറക്കുന്നതു വൻ ആഘോഷമായിട്ടായിരുന്നു. അതിൽ കുറവു വന്നെങ്കിലും മേസ്തിരിക്കു ദക്ഷിണയും പണിക്കാർക്കെല്ലാം വസ്ത്രവും നൽകുന്നത് ഇന്നും തുടരുന്നു. ചൊവ്വ, ശനി ദിവസങ്ങളിൽ ബോട്ട് നീറ്റിലിറക്കരുതെന്ന വിശ്വാസവും ഇവർക്കിടയിലുണ്ട്.

കുറവില്ല, സൗകര്യങ്ങൾക്ക്

ഒന്നും രണ്ടും ആഴ്ചകൾ പുറംകടലിൽ തങ്ങി മീൻപിടിത്തം നടത്തുന്ന തരം ബോട്ടുകളാണ് ഇവയെന്നതിനാൽ അതിനു മതിയായ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കിടപ്പുമുറി, ശുചിമുറി, അടുക്കള, വിശാലമായ സ്റ്റോറേജ് സൗകര്യം എന്നിവ ഓരോ ബോട്ടിലുമുണ്ടാകും. 50–60 ടൺ ആയിരിക്കും കടലിൽ പോകുന്ന ഓരോ ബോട്ടിന്റെയും ഭാരം. 30 ടണ്ണോളം വരും ബോട്ടിന്റെ മാത്രം ഭാരം. ബാക്കി മീൻപിടിത്തത്തിനു പോകുന്നവർ കൂടെക്കൊണ്ടുപോകുന്ന സാധനങ്ങളുടേതാണ്.  

ഏകദേശം 26 ടൺ ഇരുമ്പാണ് ഓരോ ബോട്ടിന്റെയും നിർമാണത്തിന് ഉപയോഗിക്കുക. മരം മാത്രം 5 ടൺ വരും. ഓരോ യാത്രയിലും മീൻപിടിത്തക്കാർ കൊണ്ടുപോകുന്ന ശരാശരി 15 ടൺ ഐസ്, ആറായിരം ലീറ്റർ വെള്ളം, 7000 ലീറ്റർ ഡീസൽ, 500 ലീറ്റർ കുടിവെള്ളം, 2000 കിലോഗ്രാം വല, 1000 കിലോഗ്രാം വീഞ്ച് (വലയുടെ വടം വലിക്കുന്ന കപ്പി) എന്നിവകൂടി താങ്ങാനുള്ള ശേഷിയോടെയാണ് ഓരോ ബോട്ടും നിർമിക്കുന്നത്. 

കൂടിയിട്ടുണ്ട്, വെല്ലുവിളികൾ

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കാണു കൂടുതലായി മുനമ്പത്തുനിന്നു ബോട്ടുകൾ നിർമിച്ചു നൽകിയിരുന്നത്. എന്നാൽ കർണാടകയിൽ പുതിയ ബോട്ട് ലൈസൻസ് കൊടുക്കുന്നതു കുറഞ്ഞതോടെ അവിടെനിന്നുള്ള ഓർഡറുകൾക്ക് ഇടിവുണ്ട്. കേരളത്തിനു പുറമേ തമിഴ്നാട്ടിലെ കുളച്ചൽ, മുട്ടം എന്നിവിടങ്ങളിലേക്കാണ് നിലവിൽ ബോട്ടുകൾ അധികവും നിർമിച്ചു നൽകുന്നത്. കൂറ്റൻ യാനങ്ങൾ നിർമിക്കുന്നതു സംബന്ധിച്ച അഭിപ്രായ വ്യത്യാസവും മുനമ്പത്തു സജീവം. 

മീൻസമ്പത്തിനെ ആശ്രയിച്ചാണു ബോട്ട് നിർമാണം എന്നത് മറക്കരുതെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. വമ്പൻ ബോട്ടുകൾക്കു പകരം 70 അടി നീള പരിധിയുള്ള ബോട്ടുകൾ ഇറക്കിയാൽ എക്കാലത്തും മീനുമുണ്ടാകും ബോട്ടു നിർമാണവും ഉണ്ടാകും എന്നാണു ഭൂരിപക്ഷം ബോട്ടുടമകളുടെയും അഭിപ്രായം.

ജോസി പള്ളിപ്പറമ്പി‍ൽ (ബോട്ടുടമ)

"മുനമ്പത്തിന്റെ ആത്മാവായ ബോട്ട് നിർമാണം എക്കാലവും തുടരണമെങ്കിൽ നോൺസെൻസ് മീൻപിടിത്തം അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. കടലിലെ വിഭവങ്ങളെ കരുതലോടെ ഉപയോഗിക്കുന്ന കോമൺസെൻസ് മീൻപിടിത്തമാണ് ആവശ്യം. അറബിക്കടലിലെ മീൻ പിടിത്തത്തിന് 70 അടിയുള്ള ബോട്ടും 300 കുതിരശക്തിയുള്ള എൻജിനും തന്നെ ധാരാളം. കൂറ്റൻ ബോട്ടുകൾ നിർമിക്കുന്നവർ ഒരു പുനർചിന്തനത്തിനു തയാറാവണം."

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama